---
title: " ഹോട്ടൽ മുറി 'ലഹരി കേന്ദ്രം':  എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽ"
english_title: "Ernakulam Hotel MDMA Raid: Alappuzha Couple Arrested With 94 Grams"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375530/ernakulam-hotel-mdma-raid-alappuzha-couple-arrested"
published_at: "2026-07-30T14:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b12e026013_ernakulam-hotel-mdma-raid-alappuzha-couple-arrested.jpg"
keywords: ["MDMA", "Drug Raid", "Excise", "Ernakulam News"]
---

#  ഹോട്ടൽ മുറി 'ലഹരി കേന്ദ്രം':  എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽ

> **Lead Summary:** എറണാകുളം: ഹോട്ടൽ മുറിയെടുത്ത് എംഡിഎംഎ കച്ചവടം നടത്തിയ ആലപ്പുഴ സ്വദേശികളായ യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. എറണാകുളം സൗത്തിലെ ക്യൂ ഹോട്ടലിലാണ് ഇവർ മുറിയെടുത്ത് ലഹരി വിൽപ്പന നടത്തിയിരുന്നത്. പിടിയിലായത് ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരാണ്.

## Article Content

എറണാകുളം: ഹോട്ടൽ മുറിയെടുത്ത് എംഡിഎംഎ കച്ചവടം നടത്തിയ ആലപ്പുഴ സ്വദേശികളായ യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. എറണാകുളം സൗത്തിലെ ക്യൂ ഹോട്ടലിലാണ് ഇവർ മുറിയെടുത്ത് ലഹരി വിൽപ്പന നടത്തിയിരുന്നത്. പിടിയിലായത് ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരാണ്.

ബെംഗളൂരുവിൽ നിന്ന് വലിയ അളവിൽ എംഡിഎംഎഎത്തിച്ച് ഓർഡർ അനുസരിച്ച് പറയുന്ന സ്ഥലത്ത് ഡോർ ഡെലിവറി നടത്തുന്ന രീതിയിലായിരുന്നു ഇവരുടെ ലഹരി കച്ചവടം.

അടുത്തിടെ മുഹമ്മദ് ഷാഫി ബെംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങിയതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ക്യൂ ഹോട്ടലിലെ മുറിയിൽ പരിശോധന നടത്തി. പരിശോധനയിൽ മുറിയിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എക്സൈസ് സംഘം എത്തുന്ന സമയത്ത് മുറിയിൽ മുഹമ്മദ് ഷാഫി മാത്രമാണ് ഉണ്ടായിരുന്നത്.

ചോദ്യം ചെയ്യലിൽ ആലപ്പുഴയിലെ വീട്ടിൽ കൂടി എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. ഇതേ തുടർന്ന് ആലപ്പുഴയിൽ നടത്തിയ റെയ്ഡിൽ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ആലപ്പുഴയിൽ നിന്ന് ലഭിച്ച ഓർഡർ കൈമാറാൻ പോയതായിരുന്നു സരിത. രാത്രി തിരിച്ചെത്തിയ സരിതയെയും പിന്നീട് എക്സൈസ് കസ്റ്റഡിയിലെടുത്തു.

ഗ്രാമിന് 4000 രൂപ നിരക്കിലായിരുന്നു പ്രതികളുടെ എംഡിഎംഎ കച്ചവടം. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി എത്തിച്ച് എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഓർഡർ പ്രകാരം എത്തിച്ചു നൽകുകയായിരുന്നു രീതി. പ്രതികളിൽ നിന്ന് ലഹരി വിൽപ്പന നടത്തി കൈവശമുണ്ടായിരുന്ന 17,770 രൂപയും ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും എക്സൈസ് പിടിച്ചെടുത്തു.

ഹോട്ടലുകളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി കച്ചവടം തടയുന്നതിന്റെ ഭാഗമായി കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്നും എംഡിഎംഎയുടെ മറ്റ് സ്രോതസുകൾ ഏതൊക്കെയാണെന്നും സംബന്ധിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375530/ernakulam-hotel-mdma-raid-alappuzha-couple-arrested)