---
title: "'പുനർജനി കേസിൽ വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണം; വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചെന്ന് വ്യക്തം' - എംവി ​ഗോവിന്ദൻ"
english_title: "Punarjani Case: MV Govindan Slams Clean Chit To VD Satheesan, Demands Central Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375521/punarjani-case-mv-govindan-vd-satheesan-clean-chit-vigilance"
published_at: "2026-07-30T14:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b0bce7396e_punarjani-case-mv-govindan-vd-satheesan-clean-chit-vigilance.jpg"
keywords: ["Punarjani Project  Case", "VD Satheesan", "MV Govindan", "Ramesh Chennithala", "Vigilance", "LDF"]
---

# 'പുനർജനി കേസിൽ വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണം; വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചെന്ന് വ്യക്തം' - എംവി ​ഗോവിന്ദൻ

> **Lead Summary:** തിരുവനന്തപുരം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിജിലൻസ് കുറ്റവിമുക്തനാക്കിയ നടപടി അസാധാരണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. എല്ലാ തെളിവുകളും ഉണ്ടായിട്ടും വഴിക്ക് വെച്ച് അന്വേഷണം അവസാനിപ്പിച്ച് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.

## Article Content

തിരുവനന്തപുരം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിജിലൻസ് കുറ്റവിമുക്തനാക്കിയ നടപടി അസാധാരണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. എല്ലാ തെളിവുകളും ഉണ്ടായിട്ടും വഴിക്ക് വെച്ച് അന്വേഷണം അവസാനിപ്പിച്ച് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.

വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ നിലവിലുള്ള നിയമം അനുവദിക്കുന്നില്ലെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പ്രളയ കാലത്ത് സഹായം തേടി വിദേശത്ത് പോകാൻ മുഖ്യമന്ത്രിക്ക് പോലും അന്ന് അനുമതി നൽകിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വി ഡി സതീശൻ ഫണ്ട് അഭ്യർഥിക്കുന്നതിന്റെ വീഡിയോയും എം വി ഗോവിന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. വിദേശത്ത് നിന്ന് 22,500 പൗണ്ട് വിവിധ വ്യക്തികളിൽ നിന്ന് സമാഹരിക്കുന്നതായി അതിൽ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും പണം വന്ന അക്കൗണ്ടിന്റെ കാര്യം വി ഡി സതീശൻ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാട്ടിയതായി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചെന്ന് വ്യക്തമാണെന്നും അതിന് അനുമതി തേടിയിട്ടില്ലെന്നതും വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസ് തേച്ചു മായ്ചു കളയാനാണ് ശ്രമം നടക്കുന്നതെന്നും ഗൗരവകരമായ വിഷയത്തിൽ ആഭ്യന്തര മന്ത്രി തന്നെ വാർത്താസമ്മേളനം വിളിച്ച് ക്ലീൻ ചിറ്റ് നൽകുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. അഴിമതി ഇല്ലാതാക്കാൻ വിജിലൻസ് വിസിൽ ഉദ്ഘാടനം ചെയ്തിട്ട് മുഖ്യമന്ത്രിക്കെതിരായ അഴിമതി കേസിൽ ക്ലീൻ ചിറ്റ് നൽകുന്നതിന്റെ വൈരുദ്ധ്യം ജനങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിൽ കൃത്യമായ കാര്യങ്ങൾ ബോധ്യപ്പെടണമെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു .

വിജിലൻസ് അന്വേഷണത്തിൽ വി ഡി സതീശനെതിരെ തെളിവില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുനർജനിയിൽ അന്വേഷണം അവസാനിപ്പിച്ചതെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് രാവിലെ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജിലന്‍സ് പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനര്‍ജനി, പറവൂരിന് പുതുജീവന്‍'. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.

പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശന്‍ പണം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്സണ്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375521/punarjani-case-mv-govindan-vd-satheesan-clean-chit-vigilance)