---
title: "'പൂക്കി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, നാളെ അവർക്ക് സ്കൂളിൽ പോകേണ്ടതല്ലേ?'; മുഖ്യമന്ത്രിയെ വിമർശിച്ച് വീഡിയോ, പിഡിപി പ്രവർത്തകന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്"
english_title: "Alappuzha PDP Worker Phone Seized For Facebook Video Criticizing CM Power Cut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375512/alappuzha-pdp-worker-phone-seized-for-facebook-video-criticizing-cm-power-cut"
published_at: "2026-07-30T13:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b050465c63_alappuzha-pdp-worker-phone-seized-for-facebook-video-criticizing-cm-power-cut.jpg"
keywords: ["Alappuzha PDP Worker", "Facebook Video", "V D Satheesan", "Kerala Police", "Power Cut", "CM Criticism"]
---

# 'പൂക്കി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, നാളെ അവർക്ക് സ്കൂളിൽ പോകേണ്ടതല്ലേ?'; മുഖ്യമന്ത്രിയെ വിമർശിച്ച് വീഡിയോ, പിഡിപി പ്രവർത്തകന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

> **Lead Summary:** **ആലപ്പുഴ: ** പവർക്കട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച പിഡിപി പ്രവർത്തകന്റെ മൊബൈൽ ഫോൺ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയും പിഡിപി പ്രവർത്തകനുമായ അഹമ്മദ് കബീറിന്റെ ഫോണാണ് പോലീസ് പിടിച്ചെടുത്തത്.

## Article Content

**ആലപ്പുഴ: ** പവർക്കട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച പിഡിപി പ്രവർത്തകന്റെ മൊബൈൽ ഫോൺ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയും പിഡിപി പ്രവർത്തകനുമായ അഹമ്മദ് കബീറിന്റെ ഫോണാണ് പോലീസ് പിടിച്ചെടുത്തത്.

പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യം ഫോൺ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് തിരികെ നൽകി. എന്നാൽ കുറച്ച് സമയത്തിനുള്ളിൽ വീണ്ടും പോലീസ് ഫോൺ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിവൈഎസ്പിക്ക് പരിശോധനയ്ക്ക് നൽകാനാണെന്നാണ് പോലീസ് വിശദീകരണം.

> താൻ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നാണ് അഹമ്മദ് കബീറിന്റെ പ്രതികരണം. പവർക്കട്ട് കാരണം രാത്രി മക്കൾ ഉറങ്ങാതെ കരഞ്ഞതോടെ ഒരു പിതാവ് എന്ന നിലയിലാണ് വീഡിയോ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. "പൂക്കി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിയെയാണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല.

> അത് ന്യൂജെൻ പ്രയോഗമാണ്. രാത്രി 2.30ന് കറന്റ് പോയപ്പോൾ മക്കൾ എണീറ്റ് കരയുകയായിരുന്നു. നാളെ അവർക്ക് സ്കൂളിൽ പോകേണ്ടതല്ലേ. രാത്രി ഉറങ്ങാതെ എങ്ങനെയാണ്. പിതാവ് എന്ന നിലയിൽ എന്റെ ഫേസ്ബുക്കിൽ പ്രതികരിച്ചതേയുള്ളൂ" എന്ന് അഹമ്മദ് കബീർ പറഞ്ഞു.

'പൂക്കി ഭരണത്തിൽ ഒരു പിതാവിന്റെ ഗതികേട്' എന്ന പേരിലാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചത്. ഇതുവരെ അഹമ്മദ് കബീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അഭിപ്രായ പ്രകടനത്തിന്റെ പേരിൽ പോലീസ് ഫോൺ കസ്റ്റഡിയിലെടുത്ത നടപടി വിവാദമായിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ വിമർശനങ്ങൾ പോലും കേസെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്നാണ് രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരുടെ ആക്ഷേപം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375512/alappuzha-pdp-worker-phone-seized-for-facebook-video-criticizing-cm-power-cut)