---
title: "കിട്ടുന്ന കാശൊന്നും പോരേ..? പരാതിക്കാരന്റെ ഫോൺ വിട്ടുകിട്ടാൻ 25,000 ചോദിച്ചു, ഒടുവിൽ 5000-ത്തിൽ ഒതുക്കി; സിപിഒ വിപിനിന് ഇനി വീട്ടിലിരിക്കാം"
english_title: "Perinthalmanna CPO Suspended For Taking Rs 5000 Bribe To Return Mobile Phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375492/perinthalmanna-cpo-suspended-bribe-mobile-phone-5000-rs-"
published_at: "2026-07-30T12:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6af2dc5079b_perinthalmanna-cpo-suspended-bribe-mobile-phone-5000-rs.jpg"
keywords: ["Perinthalmanna Police", "Bribery Case", "Kerala Police", "CPO Suspended"]
---

# കിട്ടുന്ന കാശൊന്നും പോരേ..? പരാതിക്കാരന്റെ ഫോൺ വിട്ടുകിട്ടാൻ 25,000 ചോദിച്ചു, ഒടുവിൽ 5000-ത്തിൽ ഒതുക്കി; സിപിഒ വിപിനിന് ഇനി വീട്ടിലിരിക്കാം

> **Lead Summary:** **മലപ്പുറം: **പെരിന്തൽമണ്ണ സ്റ്റേഷനിലെ സിപിഒ വിപിനെ, പരാതിക്കാരന്റെ മൊബൈൽ ഫോൺ വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു.

## Article Content

**മലപ്പുറം: **പെരിന്തൽമണ്ണ സ്റ്റേഷനിലെ സിപിഒ വിപിനെ, പരാതിക്കാരന്റെ മൊബൈൽ ഫോൺ വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു.

സ്റ്റേഷനിൽ എത്തിയ രണ്ടുപേരിൽ ഒരാളുടെ ഫോൺ വാങ്ങി വെച്ച പൊലീസുകാരൻ, ഇത് തിരികെ നൽകാൻ ഒരാഴ്ച കഴിഞ്ഞ് വരൂ എന്ന് പറഞ്ഞു, എത്തിയപ്പോൾ 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് വിലപേശി 5000 രൂപയായി ചുരുക്കി. ഇതിൽ 2000 രൂപ നേരിട്ടും ബാക്കി 3000 രൂപ ഗൂഗിൾ പേ വഴിയും വാങ്ങിയതായി കണ്ടെത്തി.

പരാതിക്കാർ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പണം അയച്ച ഗൂഗിൾ പേ നമ്പർ പെരിന്തൽമണ്ണയിലെ ഒരു സ്പായുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പണം അയച്ച സ്പായുമായി പൊലീസുകാരന് അടുത്ത ബന്ധമുണ്ടെന്നും, ഈ സ്ഥാപനം ഇയാളുടെ ബിനാമിയായി പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പൊലീസ് സേനയ്ക്ക് തന്നെ അപമാനകരമായ ഈ സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375492/perinthalmanna-cpo-suspended-bribe-mobile-phone-5000-rs-)