---
title: "'നിരന്തരം വാട്സാപ് ചാറ്റ്,' പാക്കിസ്ഥാൻ സ്വദേശിയുമായുള്ള ബന്ധം എന്ത്? കോഴിക്കോട് മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ, അന്വേഷണം"
english_title: "Bengal Man Detained At Beypore Harbour Over Suspected Pakistan Links, IB Questions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375488/beypore-harbour-bengal-man-detained-pakistan-link-ib-probe"
published_at: "2026-07-30T11:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aeeeb7a762_beypore-harbour-bengal-man-detained-pakistan-link-ib-probe.jpg"
keywords: ["Beypore News", "Kozhikode Harbour", "IB Investigation", "Coast Guard", "Kerala Police"]
---

# 'നിരന്തരം വാട്സാപ് ചാറ്റ്,' പാക്കിസ്ഥാൻ സ്വദേശിയുമായുള്ള ബന്ധം എന്ത്? കോഴിക്കോട് മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ, അന്വേഷണം

> **Lead Summary:** **കോഴിക്കോട്: **ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാൻ സ്വദേശിയുമായി ഇയാൾ നിരന്തരം വാട്സാപ് ചാറ്റ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാൻ സ്വദേശിയുമായി ഇയാൾ നിരന്തരം വാട്സാപ് ചാറ്റ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് കേരള പൊലീസിനു പുറമെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), കോസ്റ്റ് ഗാർഡ് തുടങ്ങിയ സുരക്ഷാ ഏജൻസികളുടെ ഉദ്യോഗസ്ഥർ ചേർന്ന് യുവാവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഉച്ചയ്ക്ക് ഹാർബറിലെത്തിയ ഇയാളുടെ പെരുമാറ്റത്തിലുള്ള സംശയത്തെ തുടർന്നാണ് അധികൃതർ പിടികൂടിയത്. ബോട്ടിൽ ജോലിക്കായി എത്തിയതാണെന്നായിരുന്നു മൊഴിയെങ്കിലും, ഏതു ബോട്ടിലാണെന്ന് വ്യക്തമാക്കാൻ കഴിഞ്ഞിരുന്നില്ല. കൈവശമുണ്ടായിരുന്ന രേഖകളിൽ ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

തനിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്നും, അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ സ്വദേശിയുമായി ചാറ്റ് ചെയ്തതെന്നുമാണ് യുവാവിന്റെ വിശദീകരണം. എന്നാൽ മൊഴികൾ പൂർണ്ണമായും വിശ്വാസത്തിലെടുക്കാത്ത സുരക്ഷാ ഏജൻസികൾ, ഫോൺ രേഖകൾ അടക്കം പരിശോധിച്ചുള്ള ആഴത്തിലുള്ള അന്വേഷണം തുടരുകയാണെന്ന് ഫറോക്ക് എ.സി.എം എ. പ്രേംജിത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375488/beypore-harbour-bengal-man-detained-pakistan-link-ib-probe)