---
title: "'ഒപ്പിട്ടത് പിന്മാറാൻ ആകാത്ത ധാരണാപത്രത്തിൽ', പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനെന്ന് എൻ ഷംസുദ്ദീൻ; പിഎം ശ്രീയിൽ വീണ്ടും രാഷ്ട്രീയപ്പോര്"
english_title: "PM Shri Scheme Row: Kerala Education Minister Says Can't Back Out From MoU"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375484/pm-shri-scheme-kerala-controversy-shamsudheen-sivankutty"
published_at: "2026-07-30T11:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aecad46153_pm-shri-scheme-kerala-controversy-shamsudheen-sivankutty.jpg"
keywords: ["PM Shri Scheme", "N Shamsudheen", "V Sivankutty", "Kerala Education", "BJP"]
---

# 'ഒപ്പിട്ടത് പിന്മാറാൻ ആകാത്ത ധാരണാപത്രത്തിൽ', പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനെന്ന് എൻ ഷംസുദ്ദീൻ; പിഎം ശ്രീയിൽ വീണ്ടും രാഷ്ട്രീയപ്പോര്

> **Lead Summary:** > തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ കേന്ദ്രസർക്കാരിന്റെ മറുപടിക്ക് പിന്നാലെ കേരളത്തിൽ വീണ്ടും രാഷ്ട്രീയപ്പോര്. പിഎം ശ്രീ ഫണ്ട് കിട്ടണമെങ്കിൽ കേരളം നടപടികളിലേക്ക് കടക്കണമെന്നും, "നടപടികൾ ആരംഭിച്ചു" എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.

## Article Content

> തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ കേന്ദ്രസർക്കാരിന്റെ മറുപടിക്ക് പിന്നാലെ കേരളത്തിൽ വീണ്ടും രാഷ്ട്രീയപ്പോര്. പിഎം ശ്രീ ഫണ്ട് കിട്ടണമെങ്കിൽ കേരളം നടപടികളിലേക്ക് കടക്കണമെന്നും, "നടപടികൾ ആരംഭിച്ചു" എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.

എവിടെയെങ്കിലും ഒക്കെ എന്തെങ്കിലും പരാമർശം കിട്ടിയാൽ അതിൽ കയറിപ്പിടിക്കുന്നത് തങ്ങളുടെ ഭാഗം ക്ലിയർ അല്ല എന്ന ബോധ്യത്തിൽ നിന്നാണെന്ന് മന്ത്രി പരിഹസിച്ചു. പദ്ധതി ആരംഭിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ സർക്കാർ ഏകപക്ഷീയമായി ഒപ്പുവച്ചതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

> ഒപ്പിട്ടത് പിന്മാറാൻ ആകാത്ത ധാരണാപത്രത്തിലാണെന്നും പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനാണെന്നും എൻ ഷംസുദ്ദീൻ വ്യക്തമാക്കി. "പി എം ശ്രീ അറബിക്കടലിൽ എറിയും" എന്ന് ചില നേതാക്കൾ പറഞ്ഞത് ഓരോരുത്തരുടെ പ്രസംഗശൈലി മാത്രമാണെന്നും മന്ത്രി പറഞ്ഞു.

> ഉപസമിതിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും പറയേണ്ട സമയത്ത് കുഞ്ഞാലിക്കുട്ടി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും "ഓടി ഒളിച്ചു" എന്ന വിമർശനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി വി. ശിവന്‍കുട്ടി . ഒരു രൂപ പോലും പിഎം ശ്രീ ഇനത്തില്‍ കൈപറ്റിയിട്ടില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ കേരളമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ മറുപടിക്ക് പിന്നാലെ വിഷയം വിഡി സതീശന്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് സിപിഐഎം നീക്കം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സഹമന്ത്രി സമ്മതിച്ചിരിക്കുകയാണ്.

ഇനിയെങ്കിലും തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കിക്കൊണ്ട് ഖേദം പ്രകടിപ്പിച്ച് പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പിഎം ശ്രീ നടപ്പിലാക്കാനുള്ള സ്‌കൂളുകള്‍ കഴിഞ്ഞ സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നില്ല. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. മന്ത്രിസഭാ ഉപസമിതി ഒരു പാലമാണ്. ബിജെപി നയങ്ങള്‍ നടപ്പിലാക്കാന്‍ അതിനെ ഉപയോഗിക്കുന്നു. – അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375484/pm-shri-scheme-kerala-controversy-shamsudheen-sivankutty)