---
title: "'കേട്ടോ... സ്ഥലംമാറ്റം ഞങ്ങൾ തീരുമാനിക്കും'; ഉദ്യോഗസ്ഥർക്ക് ഭീഷണിയുമായി എൻജിഒ അസോസിയേഷന്‍ നേതാവിന്റെ ഓഡിയോ പുറത്ത്"
english_title: "NGO Leader Threatens Officials Over Transfers Audio Goes Viral Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375474/pathanamthitta-ngo-leader-threat-transfer-audio-viral"
published_at: "2026-07-30T11:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ae6f30ec9f_pathanamthitta-ngo-leader-threat-transfer-audio-viral.jpg"
keywords: ["NGO Association", "Pathanamthitta", "Transfer Threat", "Revenue Department", "Kerala Government Employees"]
---

# 'കേട്ടോ... സ്ഥലംമാറ്റം ഞങ്ങൾ തീരുമാനിക്കും'; ഉദ്യോഗസ്ഥർക്ക് ഭീഷണിയുമായി എൻജിഒ അസോസിയേഷന്‍ നേതാവിന്റെ ഓഡിയോ പുറത്ത്

> **Lead Summary:** **പത്തനംതിട്ട: **ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തങ്ങൾ തീരുമാനിക്കുമെന്ന ഭീഷണി പ്രസംഗവുമായി എൻജിഒ അസോസിയേഷൻ നേതാവ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. വിനോദ് കുമാറിന്റെ വിവാദ പ്രസംഗം.

## Article Content

**പത്തനംതിട്ട: **ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തങ്ങൾ തീരുമാനിക്കുമെന്ന ഭീഷണി പ്രസംഗവുമായി എൻജിഒ അസോസിയേഷൻ നേതാവ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. വിനോദ് കുമാറിന്റെ വിവാദ പ്രസംഗം.

റവന്യൂ വകുപ്പ് ഭരിക്കുന്നത് കോൺഗ്രസാണെന്നും ആരൊക്കെ എന്തൊക്കെ ചെയ്യണമെന്നും ആരെ സ്ഥലംമാറ്റണമെന്നും എല്ലാം എൻജിഒ അസോസിയേഷൻ തീരുമാനിച്ച് നടപ്പാക്കുമെന്നുമാണ് പുറത്തുവന്ന ഓഡിയോയിലുള്ളത്.

> "തങ്ങളുടെ വരുതിക്ക് നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ. അല്ലാത്തവർ അസോസിയേഷൻ തീരുമാനിക്കുന്ന സ്ഥലത്തേക്ക് ട്രാൻസ്ഫറായി പോകേണ്ടി വരും" എന്നാണ് നേതാവിന്റെ ഭീഷണി. ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് ജോയിന്റ് കൗൺസിൽ അല്ലെന്നും തങ്ങളാണെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ഓഡിയോ പുറത്തുവന്നതോടെ സർക്കാർ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.

സർക്കാർ വകുപ്പുകളിൽ ട്രേഡ് യൂണിയനുകളുടെ ഇത്തരത്തിലുള്ള ഇടപെടലുകൾക്കെതിരെ നേരത്തെ തന്നെ പരാതികൾ ഉണ്ടായിരുന്നു. എന്നാൽ പരസ്യമായി തന്നെ സ്ഥലംമാറ്റം തങ്ങൾ തീരുമാനിക്കുമെന്ന് പറയുന്നത് സംസ്ഥാനത്ത് ആദ്യമാണ്.സംഭവത്തിൽ റവന്യൂ വകുപ്പും സർക്കാരും നടപടി സ്വീകരിക്കണമെന്ന് ജീവനക്കാരുടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർ ഭയന്ന് ജോലി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ഇത്തരം ഭീഷണികൾക്കെതിരെ കർശന നിലപാട് വേണമെന്നും അവർ പറഞ്ഞു.ജില്ലാ കളക്ടറോ കമ്മീഷണറോ വിചാരിച്ചാല്‍പ്പോലും തങ്ങളുടെ തീരുമാനം മാറ്റാനാകില്ലെന്നാണ് ഭീഷണി. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള സ്ഥലം മാറ്റങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഈ ഭീഷണി പ്രസംഗം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375474/pathanamthitta-ngo-leader-threat-transfer-audio-viral)