---
title: "അമ്മയുടെ മടിയിൽ നിന്ന് പണത്തിലേക്ക്...! നവജാതശിശുവിനെ വിറ്റ കേസിൽ യുവതി അറസ്റ്റിൽ; പിടിയിലായത് സംഘത്തിലെ ഇടനിലക്കാരി"
english_title: "Kerala Newborn Baby Selling Racket: Woman From Kollam Arrested In Erattupetta Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375467/erattupetta-newborn-baby-selling-racket-woman-arrested-kollam"
published_at: "2026-07-30T10:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6adfe6d392f_erattupetta-newborn-baby-selling-racket-woman-arrested-kollam.jpg"
keywords: ["Newborn Baby", "Baby Selling Racket", "Child Trafficking", "Kerala Police Arrest"]
---

# അമ്മയുടെ മടിയിൽ നിന്ന് പണത്തിലേക്ക്...! നവജാതശിശുവിനെ വിറ്റ കേസിൽ യുവതി അറസ്റ്റിൽ; പിടിയിലായത് സംഘത്തിലെ ഇടനിലക്കാരി

> **Lead Summary:** ഈരാറ്റുപേട്ട: നവജാതശിശുവിനെ വിറ്റ കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം പരവൂർ കുറുമണ്ടൽ കുളത്തിൽപുത്തൻവീട്ടിൽ അനീന തെൻസി യെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

## Article Content

ഈരാറ്റുപേട്ട: നവജാതശിശുവിനെ വിറ്റ കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം പരവൂർ കുറുമണ്ടൽ കുളത്തിൽപുത്തൻവീട്ടിൽ അനീന തെൻസി യെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

മാസങ്ങൾക്ക് മുമ്പാണ് ഇവർ നവജാത ശിശുവിനെ വിറ്റതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ വിൽക്കുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരിയാണ് അറസ്റ്റിലായ അനീനയെന്നാണ് പൊലീസിന്റെ നിഗമനം. ഇതോടെ, നവജാതശിശുക്കളെ വിൽക്കുന്നുണ്ടെന്ന പരാതിയിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

കേസുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ കൂടി പൊലീസ് നിരീക്ഷണത്തിലാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് സ്വദേശി മുപ്പിളി രാജ, ഇടുക്കി സ്വദേശി കെ എസ് അർജുൻ എന്നിവരുടെ മൊബൈൽ ഫോൺ കോളുകൾ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് അനീനയുടെ പങ്ക് വ്യക്തമായത്.

സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. അറസ്റ്റിലായവർ പല ജില്ലകളിൽ നിന്നുള്ളവരായതിനാൽ ഇത് സംസ്ഥാനതലത്തിലുള്ള സംഘമാണോ എന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയായ ഗർഭിണിയുടെ വെളിപ്പെടുത്തലിലാണ് കേസിന് തുടക്കം. പ്രസവശേഷം കുട്ടിയെ മൂന്ന് ലക്ഷം രൂപയ്ക്ക് നൽകണമെന്ന് സംഘം ആവശ്യപ്പെട്ടതായാണ് യുവതി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ പ്രവർത്തന രീതികൾ പുറത്തുവന്നത്.

പ്രതികളുടെ ഇടപാടുകൾ മുഴുവൻ ഇൻസ്റ്റ​ഗ്രാം വഴിയായിരുന്നുവെന്നാണ് വിവരം. കുട്ടികളെ ആവശ്യമുള്ളവരെ കണ്ടെത്തിയും പണം കൈമാറിയും എല്ലാം സോഷ്യൽ മീഡിയ വഴിയാണ് നടന്നിരുന്നത്. കുട്ടിയെ കേരളത്തിൽ വെച്ച് തന്നെയാണ് കൈമാറ്റം ചെയ്തതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

എന്നാൽ ഇടപാട് നിയമപരമായ ദത്തെടുക്കൽ നടപടികൾ പാലിച്ചായിരുന്നില്ല. പിടിയിലായവരാണ് ഈ സംഘത്തിലെ പ്രധാന പ്രതികൾ എന്നാണ് പൊലീസ് കരുതുന്നത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനുമായി പ്രതികളെ വിശദമായി ചോദ്യം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375467/erattupetta-newborn-baby-selling-racket-woman-arrested-kollam)