---
title: "ഒളിച്ച് കടത്തിയത് പണിയായി...! 12 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയ ഐസ്ക്രീം വിൽപ്പനക്കാരനെതിരെ പോക്സോ കേസ്"
english_title: "12-Year-Old Girl From Aluva Found In Pune With Ice Cream Vendor, Man Detained"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375463/aluva-missing-girl-found-pune-ice-cream-vendor-pocso-case-"
published_at: "2026-07-30T10:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6addbb0eb04_aluva-missing-girl-found-pune-ice-cream-vendor-pocso-case-.jpg"
keywords: ["Aluva News", "Pune", "Missing Girl", "Kerala Police", "POCSO Case", "Ernakulam Rural"]
---

# ഒളിച്ച് കടത്തിയത് പണിയായി...! 12 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയ ഐസ്ക്രീം വിൽപ്പനക്കാരനെതിരെ പോക്സോ കേസ്

> **Lead Summary:** **ആലുവ: **ചെറായിയിൽ ഐസ്‌ക്രീം വിൽപ്പന നടത്തുന്ന യുവാവിനൊപ്പം കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പൂനെയിൽ വെച്ച് പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസെടുക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനൻ വ്യക്തമാക്കി.

## Article Content

**ആലുവ: **ചെറായിയിൽ ഐസ്‌ക്രീം വിൽപ്പന നടത്തുന്ന യുവാവിനൊപ്പം കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പൂനെയിൽ വെച്ച് പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസെടുക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനൻ വ്യക്തമാക്കി.

ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടി താമസിക്കുന്നത്. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യൻതറ വീട്ടിൽ അഭിജിത്തിനെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പെൺകുട്ടിക്കെതിരെ മറ്റ് കുറ്റകൃത്യങ്ങൾ വല്ലതും നടന്നിട്ടുണ്ടെങ്കിൽ കൂടുതൽ നിയമപരമായ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നും എസ്.പി പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇരുവരും തമ്മിൽ പരിചയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പെൺകുട്ടിക്ക് ആവശ്യമായ കൗൺസലിംഗ് നൽകിയ ശേഷമാകും കൂടുതൽ ചോദ്യംചെയ്യലുകൾ നടത്തുക. ഇരുവരുടെ കൈവശവും മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നുവെങ്കിലും, യുവാവിന്റെ ഫോണിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഒളിത്താവളത്തിന്റെ ലൊക്കേഷൻ നിർണ്ണയിക്കാൻ അന്വേഷണ സംഘത്തിന് നിർണ്ണായകമായത്.

നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ പൂനെയിൽ വെച്ച് ജനറൽ കമ്പാർട്ട്‌മെന്റിൽ നിന്നാണ് പിടികൂടാനായത്. കൂട്ടുകാരിയിൽനിന്ന് പുസ്തകം വാങ്ങാനെന്നുപറഞ്ഞാണ് പെൺകുട്ടി ശനിയാഴ്ച വീടുവിട്ടിറങ്ങിയിരുന്നത്.

കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ ഫോൺ ഇടയ്ക്കിടെ ഓണായിരുന്നു. ആദ്യം കാസർകോട്, പിന്നീട് മംഗലാപുരം, ഒടുവിൽ മുംബൈ എന്നിവിടങ്ങളിലാണ് ഫോണിന്റെ സിഗ്നൽ ലഭിച്ചത്. എന്നാൽ ഫോൺ ഇടയ്ക്കിടെ സ്വിച്ച് ഓഫാകുന്നത് അന്വേഷണത്തിന് വലിയ തടസ്സമായിരുന്നു.

ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ കൈയിൽ നിന്ന് പുസ്തകം വാങ്ങാനായി ആണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരികെ വന്നില്ല. വൈകുന്നേരമായിട്ടും കുട്ടി എത്താതായതോടെ കുടുംബം സ്വന്തം നിലയിൽ തിരച്ചിൽ നടത്തിയിരുന്നു പിന്നീടാണ് പോലീസിൽ വിവരം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375463/aluva-missing-girl-found-pune-ice-cream-vendor-pocso-case-)