---
title: " ഓണക്കാലത്ത് പട്ടിണി കിടക്കേണ്ടി വരുമോ? അരിയും പലചരക്കും വാങ്ങാൻ ഇനി കീശ കാലിയാകും, തീവിലയിൽ അമ്പരന്ന് ജനം"
english_title: "Essential Commodity Prices Skyrocket In Kerala: Rice, Sugar, Urad Dal See Hike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375461/kerala-price-hike-rice-sugar-urad-dal-essential-commodities"
published_at: "2026-07-30T10:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad875a84a5_kerala-price-hike-rice-sugar-urad-dal-essential-commodities.jpg"
keywords: ["Kerala Price Hike", "Rice Price Kerala", "Kozhikode Market", "Essential Commodities", "Onam Price"]
---

#  ഓണക്കാലത്ത് പട്ടിണി കിടക്കേണ്ടി വരുമോ? അരിയും പലചരക്കും വാങ്ങാൻ ഇനി കീശ കാലിയാകും, തീവിലയിൽ അമ്പരന്ന് ജനം

> **Lead Summary:** **കോഴിക്കോട്: ** അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. എല്ലാ ഇനം അരിയ്ക്കും കിലോഗ്രാമിന് അഞ്ച് മുതൽ 10 രൂപ വരെ വർധിച്ചിട്ടുണ്ട്. അരിവില വർധിക്കുന്നതിന് അനുസരിച്ച് ഹോട്ടൽ ഭക്ഷണ സാധനങ്ങൾ, പലഹാരങ്ങൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെ വിലയും ഉയരും.

## Article Content

**കോഴിക്കോട്: ** അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. എല്ലാ ഇനം അരിയ്ക്കും കിലോഗ്രാമിന് അഞ്ച് മുതൽ 10 രൂപ വരെ വർധിച്ചിട്ടുണ്ട്. അരിവില വർധിക്കുന്നതിന് അനുസരിച്ച് ഹോട്ടൽ ഭക്ഷണ സാധനങ്ങൾ, പലഹാരങ്ങൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെ വിലയും ഉയരും.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവിലുണ്ടായ കുറവും, ചരക്കുകൂലിയും ലോറി വാടകയും കുത്തനെ ഉയർന്നതുമാണ് അരിവില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ (ട്രക്കിന് നൽകേണ്ട വാടകയിൽ 10,000 മുതൽ 20,000 രൂപയുടെ വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്). കൂടാതെ, അരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് താഴ്ന്നതും നെൽകൃഷിയെ പ്രതികൂലമായി ബാധിച്ചു.

നിലവിൽ നെല്ലിന്റെ സ്റ്റോക്ക് കുറവായതിനാൽ അടുത്ത വർഷത്തേക്ക് കർഷകർ നെല്ല് സൂക്ഷിച്ചുവെക്കുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനുപുറമേ, ഓണച്ചന്തയിലേക്ക് സർക്കാർ വലിയ തോതിൽ അരി സംഭരിക്കുന്നതും വിപണിയിലെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

*ഈ വിലക്കയറ്റത്തെ തുടർന്ന് പ്രധാന അരികളുടെ പുതിയ വിലനിലവാരം ഇങ്ങനെയാണ്.*

പൊന്നി അരി 48-50 രൂപയിൽ നിന്ന് 56-70 രൂപയായി ഉയർന്നു; കോല അരി 61 രൂപയിൽ നിന്ന് 71 രൂപയായി കുതിച്ചുയർന്നു. തമിഴ്നാട് കുറുവ്വ 35 രൂപയിൽ നിന്ന് 40 രൂപയായി; ആന്ധ്ര കുറുവ്വ 40 രൂപയിൽ നിന്ന് 42 രൂപയായി; ജയ അരി നാല് രൂപ വർധിച്ച് 46 രൂപയിലെത്തി; ബംഗാൾ സ്വർണ 35.50 രൂപയിൽ നിന്ന് 37 രൂപയായി വർധിക്കുകയും ചെയ്തു.

പൊതുവിപണിയിലെ ഈ വിലക്കയറ്റത്തിനിടയിലും സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറുകളിൽ ആവശ്യത്തിന് സബ്‌സിഡി അരി ലഭ്യമല്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ വരാനിരിക്കുന്ന ഓണക്കാലത്ത് അരിവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

**മറ്റ് പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം:**

ഉഴുന്ന്: കിലോഗ്രാമിന് 90-105 രൂപയിൽ നിന്ന് 115-130 രൂപയായി ഉയർന്നു.

പഞ്ചസാര: കിലോയ്ക്ക് എട്ട് രൂപ വർധിച്ച് 42 രൂപയിൽ നിന്ന് 50 രൂപയായി.

മറ്റുള്ളവ: കടല, ചെറുപയർ, മറ്റ് കടല വർഗങ്ങൾ, ആട്ട, മൈദ, റവ എന്നിവയ്ക്കും ചെറിയ തോതിൽ വില കൂടിയിട്ടുണ്ട്. നാളികേരത്തിന് നിലവിലുള്ള ക്ഷാമം കാരണം വെളിച്ചെണ്ണയ്ക്കും വില വർധനവുണ്ട്. കൂടാതെ ബദാമിന് കിലോഗ്രാമിന് 180 രൂപയോളവും കറക്കയ്ക്കും വില കൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375461/kerala-price-hike-rice-sugar-urad-dal-essential-commodities)