---
title: "വിശ്വാസം വഞ്ചിച്ചു, ഉച്ചഭക്ഷണ സമയത്തെ മാസ്റ്റർപ്ലാൻ...! 1.40 കോടിയുടെ സ്വർണവുമായി 'സെപ്പു' മുങ്ങി; കോഴിക്കോട് പാളയത്തെ ഞെട്ടിച്ച് സ്വർണക്കൊള്ള "
english_title: "1.40 Crore Gold Fraud In Kozhikode: Jewellery Partner Flees With 960 Grams Gold"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375448/kozhikode-gold-fraud-1-40-crore-jewellery-partner-absconding"
published_at: "2026-07-30T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aceb613086_kozhikode-gold-fraud-1-40-crore-jewellery-partner-absconding.jpg"
keywords: ["Kozhikode Gold Fraud", "Palayam", "Kammath Lane", "Jewellery Theft", "Kozhikode Town Police"]
---

# വിശ്വാസം വഞ്ചിച്ചു, ഉച്ചഭക്ഷണ സമയത്തെ മാസ്റ്റർപ്ലാൻ...! 1.40 കോടിയുടെ സ്വർണവുമായി 'സെപ്പു' മുങ്ങി; കോഴിക്കോട് പാളയത്തെ ഞെട്ടിച്ച് സ്വർണക്കൊള്ള 

> **Lead Summary:** **കോഴിക്കോട്: (https://truevisionnews.com/**) കോഴിക്കോട് പാളയം കമ്മത്ത് ലെയ്നിലെ നാഷണൽ ജ്വല്ലറി പാർട്ണറും പറമ്പിൽബസാർ സ്വദേശിയുമായ സഫർനാസ് (സെപ്പു - 35), 1.40 കോടി രൂപ വിലമതിക്കുന്ന 960 ഗ്രാമോളം സ്വർണാഭരണങ്ങളുമായി മുങ്ങി. പതിനൊന്നോളം കടകളിൽ നിന്ന് ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേന സ്വർണം ശേഖരിച്ചാണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്.

## Article Content

**കോഴിക്കോട്: (https://truevisionnews.com/**) കോഴിക്കോട് പാളയം കമ്മത്ത് ലെയ്നിലെ നാഷണൽ ജ്വല്ലറി പാർട്ണറും പറമ്പിൽബസാർ സ്വദേശിയുമായ സഫർനാസ് (സെപ്പു - 35), 1.40 കോടി രൂപ വിലമതിക്കുന്ന 960 ഗ്രാമോളം സ്വർണാഭരണങ്ങളുമായി മുങ്ങി. പതിനൊന്നോളം കടകളിൽ നിന്ന് ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേന സ്വർണം ശേഖരിച്ചാണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്.

കമ്മത്ത് ലെയ്നിലെ ചെറുകിട ജ്വല്ലറി ഉടമകൾ പരസ്പരവിശ്വാസത്തിന്റെ പുറത്ത് സ്വർണാഭരണങ്ങൾ കൈമാറുന്നത് പതിവായിരുന്നു. കഴിഞ്ഞ 12 വർഷമായി കമ്മത്ത് ലെയ്നിൽ സജീവമായുള്ള സഫർനാസ്, ജ്വല്ലറി ജീവനക്കാരനായാണ് കരിയർ ആരംഭിച്ചത്. സ്വന്തമായി ജ്വല്ലറി നടത്തിപ്പ് തുടങ്ങിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ പങ്കാളി ഭക്ഷണം കഴിക്കാൻ പോയ തക്കത്തിലാണ് ഇയാൾ മറ്റ് കടകളിൽ നിന്ന് ആഭരണങ്ങൾ ശേഖരിച്ചത്. ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം കടയുടെ ഗ്ലാസ് ഡോർ അടച്ച് താക്കോൽ അടുത്ത കടയിൽ ഏൽപ്പിച്ച് ഇയാൾ സ്ഥലം വിടുകയായിരുന്നു. പങ്കാളി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭക്ഷണം കഴിച്ച് വരാമെന്നാണ് സഫർനാസ് മറുപടി നൽകിയത്.

നിശ്ചിത സമയത്തിനകം സ്വർണം തിരിച്ചെത്തിക്കാറുള്ള ഇയാളെ മറ്റ് വ്യാപാരികൾ അന്വേഷിച്ചപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വ്യാപാരികൾ നൽകിയ പരാതിയെ തുടർന്ന് ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ടവർ ലൊക്കേഷൻ കുന്ദമംഗലം ഭാഗത്തുള്ളതായി കണ്ടെത്തി.

സംഭവദിവസം രാത്രി പ്രതിയോടൊപ്പമുള്ളയാൾ വയനാട്ടിൽ എത്തിയതായും സൂചനയുണ്ട്. രണ്ട് മാസം മുമ്പാണ് സഫർനാസ് പാസ്‌പോർട്ട് എടുത്തത്. നിലവിൽ ടൗൺ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കടകളിൽ കയറി ആഭരണങ്ങൾ വാങ്ങുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഒറ്റയ്ക്കല്ല ഈ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കച്ചവടക്കാരുടെ സംശയം. പൊലീസ് സഫർനാസിന്റെ വീട്ടിൽ പരിശോധന നടത്തി ഭാര്യയിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. സംഭവദിവസം ഇയാൾ വൈകീട്ട് വീട്ടിലെത്തിയതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375448/kozhikode-gold-fraud-1-40-crore-jewellery-partner-absconding)