---
title: "'പറയാൻ പറ്റണില്ല, ഒന്ന് ഉറങ്ങിക്കഴിഞ്ഞപ്പോൾ പിള്ളേരൊക്കെ നഷ്ടപ്പെട്ടു, ഈ മഴ കാണുമ്പോഴും ഭയങ്കര പേടിയാണ്'- വിങ്ങിപ്പൊട്ടി അതിജീവിതർ"
english_title: "Mundakkai Chooralmala Landslide 2 Years Later: Survivors Recall Trauma In Wayanad Township"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375444/mundakkai-chooralmala-landslide-2-years-anniversary-wayanad"
published_at: "2026-07-30T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6acc76ea4e7_mundakkai-chooralmala-landslide-2-years-anniversary-wayanad.jpg"
keywords: ["Mundakkai Landslide", "Chooralmala", "Kerala Landslide", "Wayanad Township", "Disaster Anniversary"]
---

# 'പറയാൻ പറ്റണില്ല, ഒന്ന് ഉറങ്ങിക്കഴിഞ്ഞപ്പോൾ പിള്ളേരൊക്കെ നഷ്ടപ്പെട്ടു, ഈ മഴ കാണുമ്പോഴും ഭയങ്കര പേടിയാണ്'- വിങ്ങിപ്പൊട്ടി അതിജീവിതർ

> **Lead Summary:** **കൽപ്പറ്റ: **കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട് തികയുന്നു. നാടിനെ കണ്ണീരിലാഴ്ത്തിയ ആ പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 298 പേരുടെ ഓർമ്മകൾക്ക് മുമ്പിൽ വിറയാർന്ന ശബ്ദത്തോടെയും നിറകണ്ണുകളോടെയും ഒത്തുകൂടിയിരിക്കുകയാണ് അതിജീവിതർ.

## Article Content

**കൽപ്പറ്റ: **കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട് തികയുന്നു. നാടിനെ കണ്ണീരിലാഴ്ത്തിയ ആ പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 298 പേരുടെ ഓർമ്മകൾക്ക് മുമ്പിൽ വിറയാർന്ന ശബ്ദത്തോടെയും നിറകണ്ണുകളോടെയും ഒത്തുകൂടിയിരിക്കുകയാണ് അതിജീവിതർ.

> "ഈ മഴ കാണുമ്പോഴും പുഴയിൽ വെള്ളം പൊങ്ങുമ്പോഴും ഭയങ്കര പേടിയാണ്", ദുരന്തബാധിതർ കൽപ്പറ്റയിലെ ടൗൺഷിപ്പിൽ ഒത്തുകൂടി ഉറ്റവരുടെ ഓർമ്മകൾ പുതുക്കിയപ്പോൾ പറഞ്ഞ വാക്കുകളിൽ നടുക്കവും കടുത്ത ആശങ്കയുമാണ് നിറഞ്ഞുനിന്നത്. ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നിർമ്മിച്ച ടൗൺഷിപ്പിൽ ഫേസ് വൺ ലാൻഡ്സ്ലൈഡ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചത്.

ജീവൻ നഷ്ടപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ വിളക്കുകൊളുത്തി പുഷ്പങ്ങൾ അർപ്പിച്ചവരുടെ വിലാപങ്ങൾ ഹൃദയഭേദകമായി. പലർക്കും ഇന്നും ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് പൂർണ്ണമായി മുക്തരാകാൻ കഴിഞ്ഞിട്ടില്ല. പറയാൻ പറ്റണില്ല, ഭയങ്കര വിഷമമുണ്ട്. ഒക്കെ നഷ്ടപ്പെട്ടുപോയി. നഷ്ടപ്പെട്ടതിൽ വിഷമമില്ല, കൂടെപ്പിറപ്പുകളും കൂട്ടുകാരും മരിച്ചുപോയത് സഹിക്കാൻ പറ്റില്ല.

> വീടൊക്കെ കിട്ടി, പക്ഷേ മനസ്സിൽ അവരൊക്കെയാണ്. വലിയ മഴ പെയ്യുമ്പോഴും കാറ്റടിക്കുമ്പോഴും ഞങ്ങൾക്ക് ഭയങ്കര പേടിയാണ്"- ടൗൺഷിപ്പിൽ താമസിക്കുന്ന ഒരാൾ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു. വൈകുന്നേരം വർത്തമാനം പറഞ്ഞ് പിരിഞ്ഞതാണ്. ഒന്ന് ഉറങ്ങിക്കഴിഞ്ഞപ്പോൾ പിള്ളേരൊക്കെ നഷ്ടപ്പെട്ടു"- നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ഒരു അമ്മ വിങ്ങിപ്പൊട്ടി.

> എല്ലാം നഷ്ടപ്പെട്ടു. അതൊന്നും മറക്കാൻ പറ്റുന്നില്ല. ഒരുമിച്ചു ചിരിച്ചുകളിച്ചു ജീവിച്ചവരാണ്. അത്രയും സ്നേഹത്തോടെ കഴിഞ്ഞവരാണ്. ഈ മഴ കാണുമ്പോഴും പുഴയിൽ വെള്ളം പൊങ്ങുമ്പോഴും ഭയങ്കര പേടിയാണ്. ഇപ്പോൾ ചെറിയ സഹായങ്ങളും കൂപ്പണുകളുമൊക്കെയായി ജീവിച്ചുപോകുന്നു"- ആ അമ്മ വാക്കുകൾ കിട്ടാതെ നിർത്തി.

കൽപ്പറ്റയിലെ എൽസൺ എസ്റ്റേറ്റിൽ ഉയരുന്ന പുതിയ ടൗൺഷിപ്പിൽ 410 കുടുംബങ്ങൾക്കാണ് സർക്കാർ പുനരധിവാസം ഒരുക്കുന്നത്. ഇതിനോടകം 165 കുടുംബങ്ങൾ ഇവിടെ തയ്യാറായ വീടുകളിൽ താമസം ആരംഭിച്ചു കഴിഞ്ഞു. വീടുകൾ ലഭിച്ചെങ്കിലും പ്രിയപ്പെട്ടവരുടെ ഓർമ്മകളും മഴക്കാലത്തെ ഭയവും വേട്ടയാടുന്നതിന്റെ വേദനയിലാണ് ഈ കുടുംബങ്ങൾ ഓരോ ദിവസവും തള്ളിനീക്കുന്നത്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375444/mundakkai-chooralmala-landslide-2-years-anniversary-wayanad)