---
title: "ബിരിയാണിക്കടയിൽ തുടങ്ങിയ കളി ഒടുവിൽ ആശുപത്രിയിൽ....! ആളൂരിൽ ഡെലിവറി ബോയ്സിന് നേരെ  ക്രിമിനൽ സംഘത്തിന്റെ  ക്രൂര ആക്രമണം  "
english_title: "Clash At Alur Biriyani Shop: 2 Injured In Bike Accident, Youths Have Drug Cases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375437/alur-biriyani-shop-clash-bike-accident-youth-arrested"
published_at: "2026-07-30T08:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ac13e45bb5_alur-biriyani-shop-clash-bike-accident-youth-arrested.jpg"
keywords: ["Alur News", "Biriyani Shop Clash", "Kerala Crime", "Drug Case", "Bike Accident"]
---

# ബിരിയാണിക്കടയിൽ തുടങ്ങിയ കളി ഒടുവിൽ ആശുപത്രിയിൽ....! ആളൂരിൽ ഡെലിവറി ബോയ്സിന് നേരെ  ക്രിമിനൽ സംഘത്തിന്റെ  ക്രൂര ആക്രമണം  

> **Lead Summary:** **ആളൂർ: **ആളൂരിലെ വയനാടൻ ബിരിയാണിക്കടയിലുണ്ടായ തർക്കവും കൂട്ടയടിയും സംഘർഷത്തിൽ കലാശിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. സംഭവത്തിൽ ആളൂർ കനാൽപ്പാലം സ്വദേശി അരയാമ്പിള്ളി വീട്ടിൽ സനീഷ് , പോട്ട വാഴക്കുന്ന് സ്വദേശി മേലാപുരം വീട്ടിൽ ബെഞ്ചമിൻ എന്നിവരുടെ പേരിൽ ആളൂർ പൊലീസ് കേസെടുത്തു.

## Article Content

**ആളൂർ: **ആളൂരിലെ വയനാടൻ ബിരിയാണിക്കടയിലുണ്ടായ തർക്കവും കൂട്ടയടിയും സംഘർഷത്തിൽ കലാശിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. സംഭവത്തിൽ ആളൂർ കനാൽപ്പാലം സ്വദേശി അരയാമ്പിള്ളി വീട്ടിൽ സനീഷ് , പോട്ട വാഴക്കുന്ന് സ്വദേശി മേലാപുരം വീട്ടിൽ ബെഞ്ചമിൻ എന്നിവരുടെ പേരിൽ ആളൂർ പൊലീസ് കേസെടുത്തു.

ബിരിയാണിക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഇരുവിഭാഗങ്ങൾ തമ്മിൽ ആദ്യം വാക്കുതർക്കവും പിന്നീട് കടയ്ക്ക് പുറത്തുവെച്ച് പിടിവലിയും കൂട്ടയടിയുമായി മാറുകയായിരുന്നു. കടയിലെത്തിയ മൂന്ന് ഡെലിവറി ബോയ്സുമായാണ് ഇവർ ഏറ്റുമുട്ടിയത്. പുല്ലൂർ കുന്നത്തുപറമ്പിൽ വീട്ടിൽ അബി (27), ആലത്തൂർ തറയിൽ നിഖിൽ (29), ഇരിങ്ങാലക്കുട മഠത്തിക്കര എരന്തോളി വീട്ടിൽ കിരൺ (28) എന്നിവരെയാണ് ഇവർ ആക്രമിച്ചത്.

സംഘർഷത്തിൽ പരിക്കേറ്റ നിഖിലിന്റെ നെറ്റിയിലും മുഖത്തും കത്തിപോലുള്ള ആയുധമുപയോഗിച്ച് വരഞ്ഞുപരിക്കേൽപ്പിച്ചു. തലയുടെ പിറകിലും കൈയിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയതോടെ ഇവർ ബുള്ളറ്റിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ ആളൂർ-പോട്ട റോഡിലെ വിശ്വനാഥപുരം റോഡിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ സനീഷിനെ മെഡിക്കൽ കോളേജിലും ബെഞ്ചമിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രതികൾക്കെതിരെ ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു. നിരീക്ഷണത്തിലുള്ള ബെഞ്ചമിന്റെ പേരിൽ ചാലക്കുടി, അങ്കമാലി, കൊടകര, ആളൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് കഞ്ചാവുകേസുകളുണ്ട്. സനീഷ് ആകട്ടെ പോക്സോ കേസിലും കഞ്ചാവുകേസിലും പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375437/alur-biriyani-shop-clash-bike-accident-youth-arrested)