---
title: "അധ്യാപികയുടെ അവഹേളനം; ഒന്നാം വർഷ പരീക്ഷയിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ പതിനേഴുകാരൻ ജീവനൊടുക്കി"
english_title: "Telangana Student Suicide Case: Class 11 Topper Dies by Suicide After Teacher Harassment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375436/telangana-student-suicide-teacher-harassment-case-delhi-news"
published_at: "2026-07-30T08:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ac23bb62fe_telangana-student-suicide-teacher-harassment-case-delhi-news.jpg"
keywords: ["Telangana Student Suicide", "Teacher Harassment Case", "Class 11 Topper Suicide", "Suicide Prevention"]
---

# അധ്യാപികയുടെ അവഹേളനം; ഒന്നാം വർഷ പരീക്ഷയിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ പതിനേഴുകാരൻ ജീവനൊടുക്കി

> **Lead Summary:** **ദില്ലി: **തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും പരസ്യമായ അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സർക്കാർ ജൂനിയർ കോളേജിലെ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.

## Article Content

**ദില്ലി: **തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും പരസ്യമായ അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സർക്കാർ ജൂനിയർ കോളേജിലെ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.

ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ഈ വിദ്യാർത്ഥി ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. എന്നാൽ, തനിക്കെതിരെ ഉണ്ടായ വാശിപിടിച്ച താരതമ്യപ്പെടുത്തലാണ് കുട്ടിയുടെ ജീവനെടുത്തത്. ഒരു മാർക്ക് മാത്രം കൂടുതൽ നേടിയ മറ്റൊരു വിദ്യാർത്ഥിയുമായി ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക ഇയാളെ താരതമ്യം ചെയ്യുകയും, ഇതിനെ വിദ്യാർത്ഥി ചോദ്യം ചെയ്തപ്പോൾ സഹപാഠികളുടെ മുന്നിൽ വെച്ച് ക്രൂരമായി അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.

ക്ലാസ്സിൽ വെച്ചുണ്ടായ അപമാനത്തിൽ കടുത്ത മാനസിക വിഷമത്തിലായിരുന്ന വിദ്യാർത്ഥി കഴിഞ്ഞ രണ്ട് ദിവസമായി കോളേജിൽ പോയിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പോലീസ് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

അധ്യാപികയിൽ നിന്നുണ്ടായ അനാവശ്യമായ അവഹേളനവും അപമാനവുമാണ് തന്റെ ഈ അടിയന്തര തീരുമാനത്തിന് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ, വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നതിന് പകരം പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് കുറിപ്പിലൂടെ കുട്ടി ഓർമ്മിപ്പിക്കുന്നുമുണ്ട്.

സംഭവത്തെ തുടർന്ന് അധ്യാപികയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോളേജ് അധികൃതർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്. വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിൽ പ്രതിഷേധിച്ച് അധ്യാപികയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും വിവിധ വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375436/telangana-student-suicide-teacher-harassment-case-delhi-news)