---
title: "കാക്കിക്ക് നാണക്കേട്....! ഹൈദരാബാദ് പൊലീസ് അക്കാദമിയിൽ വനിതാ ട്രെയിനിയെ പീഡിപ്പിച്ച കേസ്; ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ"
english_title: "Hyderabad IPS Trainee Arrested For Sexual Assault And Harassment Of Woman Colleague"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375430/hyderabad-ips-trainee-arrested-sexual-harassment-police-academy"
published_at: "2026-07-30T07:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ab18eea70d_hyderabad-ips-trainee-arrested-sexual-harassment-police-academy.jpg"
keywords: ["Hyderabad IPS Trainee", "Sexual Assault", "Police Academy", "Women Safety", "Arrest"]
---

# കാക്കിക്ക് നാണക്കേട്....! ഹൈദരാബാദ് പൊലീസ് അക്കാദമിയിൽ വനിതാ ട്രെയിനിയെ പീഡിപ്പിച്ച കേസ്; ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

> **Lead Summary:** **ഹൈദരാബാദ്: **പൊലീസ് ട്രെയിനിങ് അക്കാദമിയിൽ സഹപ്രവർത്തകയായ വനിതാ ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് പ്രകാശം ജില്ല സ്വദേശി എം. ഉദയ് കൃഷ്ണ റെഡ്ഡി ആണ് സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ വച്ച് അറസ്റ്റിലായത്.

## Article Content

**ഹൈദരാബാദ്: **പൊലീസ് ട്രെയിനിങ് അക്കാദമിയിൽ സഹപ്രവർത്തകയായ വനിതാ ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് പ്രകാശം ജില്ല സ്വദേശി എം. ഉദയ് കൃഷ്ണ റെഡ്ഡി ആണ് സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ വച്ച് അറസ്റ്റിലായത്.

ലൈംഗികമായി പീഡിപ്പിച്ചതിനും പിന്തുടർന്ന് ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും ജൂലൈ 18നാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുൻപ് പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന ഉദയ് കൃഷ്ണ റെഡ്ഡി 2025ലാണ് ഐപിഎസ് പരീക്ഷയിൽ വിജയിച്ചത്.

2025 ഡിസംബർ മുതൽ അക്കാദമിയിൽ പരിശീലനത്തിലായിരുന്നു.ഐപിഎസ് വിജയത്തെക്കുറിച്ച് ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനു പിന്നാലെയാണ് പരാതിക്കാരിയായ യുവതിയുമായി പരിചയം ഉണ്ടാകുന്നത്. തുടർന്ന് ഫോൺ നമ്പറുകൾ കൈമാറുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.

തന്റെ എളിയ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ച് വിശ്വാസം നേടിയെടുത്ത പ്രതി പിന്നീട് യുവതിയുമായി പ്രണയത്തിലായി എന്നാണ് പൊലീസ് പറയുന്നത്.പരിശീലന കാലയളവിൽ ഇരുവരും തമ്മിൽ നിരന്തരമായ തർക്കങ്ങളും വൈകാരിക ചൂഷണങ്ങളും ഉണ്ടായിരുന്നു. പ്രതി യുവതിയെ അമിതമായി നിയന്ത്രിക്കാൻ ശ്രമിച്ചതോടെ ബന്ധത്തിൽ വിള്ളൽ വീണു.

ഇതിനിടെ പ്രതി ആത്മഹത്യാ ഭീഷണി മുഴക്കുകയും ആയുധങ്ങൾ കാണിച്ച് ഭയപ്പെടുത്തുകയും യുവതിയെ അപമാനിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ലാപ്ടോപ്പ് എറിഞ്ഞു തകർക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തു. ഇത് സഹിക്കാനാകാതെ യുവതി ബന്ധം അവസാനിപ്പിച്ച് മറ്റൊരു വിവാഹം കഴിച്ചു.

ഇതറിഞ്ഞ പ്രതി സ്വകാര്യ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അനുവാദമില്ലാതെ ബന്ധപ്പെട്ട് ബുദ്ധിമുട്ടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. അട്ടാപുർ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരവും ഐടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

വനിതാ സുരക്ഷാ വിഭാഗം ഡപ്യൂട്ടി കമ്മീഷണർ പി. ലാവണ്യ നായിക് ജാദവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375430/hyderabad-ips-trainee-arrested-sexual-harassment-police-academy)