---
title: "'ധാരണാപത്രം ഒപ്പു, സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കെടുത്തിട്ടില്ല'; കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ"
english_title: "PM SHRI Scheme Not Implemented In Kerala Says Central Government Rajya Sabha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375423/pm-shri-scheme-not-implemented-kerala-central-government"
published_at: "2026-07-30T06:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aa1ab039de_pm-shri-scheme-not-implemented-kerala-central-government.jpg"
keywords: ["PM SHRI", "Kerala", "Education", "Central Government", "Jayant Chaudhary"]
---

# 'ധാരണാപത്രം ഒപ്പു, സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കെടുത്തിട്ടില്ല'; കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

> **Lead Summary:** **ന്യൂഡൽഹി: **കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. ധാരണാപത്രം ഒപ്പുവച്ചതല്ലാതെ സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ സംസ്ഥാനം പങ്കെടുത്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. കോൺഗ്രസ് എം.പി ജെ.ബി. മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**ന്യൂഡൽഹി: **കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. ധാരണാപത്രം ഒപ്പുവച്ചതല്ലാതെ സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ സംസ്ഥാനം പങ്കെടുത്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. കോൺഗ്രസ് എം.പി ജെ.ബി. മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പി.എം ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിലെ ഒരു സംസ്ഥാന സർക്കാർ സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവയാണെന്നും മന്ത്രി അറിയിച്ചു.കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പി.എം ശ്രീയുടെ ഒരു ഫണ്ടും ലഭിച്ചിട്ടില്ല.

പി.എം ശ്രീ നടപ്പാക്കാത്ത കേരളത്തിനും തമിഴ്നാടിനും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ പദ്ധതിയിൽ മാത്രമാണ് തുക അനുവദിച്ചത്. എസ്.എസ്.കെയിലെ റൈറ്റ് ടു എഡ്യൂക്കേഷൻ വിഹിതമായി 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം നൽകിയത്.

പി.എം ശ്രീക്കായി പ്രത്യേക ഫണ്ട് നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.2025 ഒക്ടോബർ 16നാണ് സംസ്ഥാന സർക്കാർ പി.എം ശ്രീയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടത്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ തർക്കം നേരത്തെ രൂക്ഷമായിരുന്നു. പദ്ധതി മരവിപ്പിച്ചതായി എൽ.ഡി.എഫ് സർക്കാർ പറഞ്ഞിരുന്നെങ്കിലും, കരാറിൽ ഒപ്പിട്ടതിനാൽ പിന്മാറാനാവില്ലെന്നായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ നിലപാട്.

പദ്ധതിയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പറഞ്ഞിരുന്നു. ഇപ്പോൾ കേന്ദ്രം തന്നെ പദ്ധതി നടപ്പായിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് വീണ്ടും പി.എം ശ്രീ വിഷയം രാഷ്ട്രീയ ചർച്ചയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375423/pm-shri-scheme-not-implemented-kerala-central-government)