---
title: "'ആ സ്വപ്നം ഇനി ഞങ്ങളുടേതാണ് ഞങ്ങൾ അത് യാഥാർഥ്യമാക്കും'; ഊരാളുങ്കലിൻ്റെ പിൻമുറക്കാർ "
english_title: "Uralungal Society Leaders Remember Rameshan Paleri Legacy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375406/uralungal-society-rameshan-paleri-legacy-remembered"
published_at: "2026-07-29T22:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a3165ddf6c_uralungal-society-rameshan-paleri-legacy-remembered.jpg"
keywords: ["Rameshan Paleri", "Uralungal Society", "Kozhikode", "Cooperative", "Kerala", "ULCCS"]
---

# 'ആ സ്വപ്നം ഇനി ഞങ്ങളുടേതാണ് ഞങ്ങൾ അത് യാഥാർഥ്യമാക്കും'; ഊരാളുങ്കലിൻ്റെ പിൻമുറക്കാർ 

> **Lead Summary:** > **കോഴിക്കോട് (മടപ്പളളി) : **കേരളത്തിലെ യുവാക്കൾക്ക് നാട്ടിൽ തന്നെ മികച്ച തൊഴിൽ സൃഷ്ടിക്കണം എന്നതായിരുന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ സ്വപ്നം. "ആ സ്വപ്നം ഇനി ഞങ്ങളുടേതാണ്, ഞങ്ങൾ അത് യാഥാർഥ്യമാക്കും" അദ്ദേഹത്തിൻ്റെ സന്ധത സഹചാരിയും സൊസൈറ്റി മാനേജിംഗ് ഡയരക്ടരുമായ എസ് ഷാജു പറഞ്ഞു.

## Article Content

> **കോഴിക്കോട് (മടപ്പളളി) : **കേരളത്തിലെ യുവാക്കൾക്ക് നാട്ടിൽ തന്നെ മികച്ച തൊഴിൽ സൃഷ്ടിക്കണം എന്നതായിരുന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ സ്വപ്നം. "ആ സ്വപ്നം ഇനി ഞങ്ങളുടേതാണ്, ഞങ്ങൾ അത് യാഥാർഥ്യമാക്കും" അദ്ദേഹത്തിൻ്റെ സന്ധത സഹചാരിയും സൊസൈറ്റി മാനേജിംഗ് ഡയരക്ടരുമായ എസ് ഷാജു പറഞ്ഞു.

രണ്ട് ദിവസം മുൻപ് വിളിച്ചപ്പോഴും അസുഖംഭേദമായി 45 ദിവസത്തിനുള്ളിൽ തിരിച്ചവരാൻ പറ്റുമെന്ന് ചെയർമാൻ പറഞ്ഞതാണ്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ ഈ വേർപാട് ഞങ്ങളുടെ മാർഗദീപത്തെയാണ് കെടുത്തിയത് ഇടറുന്ന ശബ്‌ദത്താൽ കണ്ണീരടക്കി അദ്ദേഹം സർവ്വകക്ഷി അനുശോചന യോഗത്തിൽ സ്വാഗതം പറഞ്ഞു.

കെ. കെ. രമ എം‌എൽ‌എയുടെ അദ്ധ്യക്ഷതയിൽ നടന്ന സർവ്വകക്ഷിയോഗത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം. സത്യൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ സഹകരണമേഖലയുടെയും തൊഴിലാളികളുടെയും അന്തസ്സും പെരുമയും ലോകത്തോളം വളർത്തിയ സമർപ്പിതചേതസ്സായ സഹകാരിയാണ് രമേശൻ പാലേരിയെന്ന് പ്രമേയത്തിൽ പറഞ്ഞു.

> അദ്ദേഹത്തിന്റെ കർമ്മമേഖലകൾ അനുസ്മരിച്ച പ്രമേയം ആ സവിശേഷവ്യക്തിത്വത്തിന്റെ മാനുഷികഭാവം ഇങ്ങനെ രേഖപ്പെടുത്തി: “അശരണരും ശാരീരികവെല്ലുവിളികൾ നേരിടുന്നവരും വാർദ്ധക്യത്തിന്റെ അവശതകൾ അനുഭവിക്കുന്നവരും മാരകരോഗങ്ങളാൽ കിടപ്പിലായവരും ആ സ്നേഹത്തണലിൽ സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും ലോകത്തേക്കു ചുവടുവച്ചു.”

സഹകരണമേഖലയ്ക്കു പുതിയ ദിശാബോധവും വീക്ഷണവും ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയത് രമേശന്റെ നേതൃത്വമാണെന്നും ഇന്നത്തെ നിലയിലേക്കു സൊസസൈറ്റി ഉയർന്നുവരാൻ കാരണം അദ്ദേഹം കാട്ടിക്കൊടുത്ത വേറിട്ട വഴികളാണെന്നും എൽഡി‌എഫ് കൺ‌വീനറും മുൻ മന്ത്രിയുമായ ടി. പി. രാമകൃഷ്ണൻ പറഞ്ഞു. രാജ്യത്തെ സഹകരണപ്രസ്ഥാനത്തിന് അതികായനായ രക്ഷകർത്താവിനെയും ക്രാന്തദർശിയായ വഴികാട്ടിയെയുമാണു നഷ്ടമായതെന്ന് സിപി‌ഐ അസി. സെക്രട്ടറി സത്യൻ മൊകേരി അനുസ്മരിച്ചു.

വനിതാക്കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ, ലേബർ ഫെഡ് ചെയർമാൻ എ. സി. മാത്യു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, സിപി‌ഐ(എം) ജില്ലാസെക്രട്ടറി എം. മെഹബൂബ്, ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ. ദിലീപ് കുമാർ, ആർജെഡി നേതാവ് മനയത്ത് ചന്ദ്രൻ, ആർ‌എം‌പി‌ഐ സംസ്ഥാനസെക്രട്ടറി എൻ. വേണു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ, സിപി‌ഐ(എം) ഒഞ്ചിയം ഏരിയ സെക്രട്ടറി ടി. പി. ബിനീഷ്, കോൺഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് പി. സോമശേഖരൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി, പി. പി. ജാഫർ, എൻസിപി മണ്ഡലം പ്രസിഡന്റ് പി. സത്യനാഥൻ, മുൻ എം‌എൽ‌എ എ. പ്രദീപ് കുമാർ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെജിന കൊടക്കാട്, വടകര മുനിസിപ്പൽ മുൻ കൗൺസിലർ അഡ്വ. ലതിക ശ്രീനിവാസൻ, ഒഞ്ചിയം പഞ്ചായത്ത് അംഗങ്ങൾ അനിൽ കുമാർ, ബിന്ദു വള്ളിൽ, ആത്മവിദ്യാസംഘം പ്രസിഡന്റ് വി. കുമാരൻ മാസ്റ്റർ, എസ്ഡിപിഐ നേതാവ് ഷംസീർ ചോമ്പാല, യുഎൽസിസിഎസ് വൈസ്-ചെയർമാൻ എം എം സുരേന്ദ്രൻ, എംഡി എസ്. ഷാജു എന്നിവർ രമേശൻ പാലേരിയെ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375406/uralungal-society-rameshan-paleri-legacy-remembered)