---
title: "അന്ത്യാഭിവാദനത്തിന് പാണക്കാട് തങ്ങളുമെത്തി; രമേശൻ പാലേരിക്കു വികാരതീവ്രമായ അന്ത്യയാത്ര"
english_title: "Rameshan Paleri Funeral Kozhikode Leaders Pay Last Respects"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375397/rameshan-paleri-funeral-kozhiode-leaders-pay-tribute"
published_at: "2026-07-29T20:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a145e4ea75_rameshan-paleri-funeral-kozhiode-leaders-pay-tribute.jpg"
keywords: ["Rameshan Paleri", "Uralungal Society", "Kozhikode", "Pinarayi Vijayan", "Sadik Ali Shihab Thangal", "ULCCS"]
---

# അന്ത്യാഭിവാദനത്തിന് പാണക്കാട് തങ്ങളുമെത്തി; രമേശൻ പാലേരിക്കു വികാരതീവ്രമായ അന്ത്യയാത്ര

> **Lead Summary:** **കോഴിക്കോട് (മടപ്പളളി ) : **ജനലക്ഷങ്ങളുടെ കണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ചരിത്രത്തിലേക്കു യാത്രയായി. അന്ത്യാഭിവാദനത്തിന് ഏറ്റവുമൊടുവിൽ മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിക്ക് അലി ശിഹാബ് തങ്ങൾ എത്തി.

## Article Content

**കോഴിക്കോട് (മടപ്പളളി ) : **ജനലക്ഷങ്ങളുടെ കണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ചരിത്രത്തിലേക്കു യാത്രയായി. അന്ത്യാഭിവാദനത്തിന് ഏറ്റവുമൊടുവിൽ മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിക്ക് അലി ശിഹാബ് തങ്ങൾ എത്തി.

രാവിലെ തന്നെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻ‌മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്ക്, എ. കെ. ബാലൻ, ബിനോയ് വിശ്വം, ടി. പി. രാമകൃഷ്ണൻ, പി. എ. മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിക്ക് അലി ശിഹാബ് തങ്ങൾ, സിപി‌ഐ നേതാവ് സത്യൻ മൊകേരി, വിവിധ രാഷ്ട്രീയപ്പാർട്ടിനേതാക്കൾ, ജനപ്രതിനിധികൾ, സാംസ്ക്കാരിക-സാമൂഹികപ്രവർത്തകർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ നാനാമണ്ഡലങ്ങളിലുമുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംസ്ക്കാരം.

പുലരും‌മുമ്പുതന്നെ എല്ലാ നാട്ടുവഴികളും തങ്ങളുടെ പ്രിയപ്പെട്ട രമേശേട്ടന്റെ വസതിയായ പാലേരിയിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. തലേന്ന് കോഴിക്കോട്ടും വടകരയിലും പൊതുദർശനത്തിനു വച്ചപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഓരോരുത്തർക്കും സവിശേഷമായ അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ച മനുഷ്യസ്നേഹിയായ സഹകാരിയുടെ അന്ത്യദർശനം വൈകാരികമായ നിരവധി രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചു.

രമേശൻ അംഗമായ ആത്മവിദ്യാസംഘത്തിന്റെ പ്രാർത്ഥനയെ തുടർന്ന് ഭാര്യ ശോഭയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പുഷ്പാർച്ചനയ്ക്കുശേഷം മക്കളായ അശ്വിൻ, രമിൻ എന്നിവർ ചേർന്നു ചിതയ്ക്കു തീ കൊളുത്തി. എം‌എൽ‌എമാരായ കെ. കെ. രമ, പാറയ്ക്കൽ അബ്ദുള്ള, വനിതാക്കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, മുൻ എം‌എൽ‌എമാരായ എ. പ്രദീപ് കുമാർ, കുഞ്ഞഹമ്മദുകുട്ടി, കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാഷ്, എൻ‌സിപി പ്രതിനിധി പി. സത്യനാഥൻ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, മുസ്ലിം ലീഗ് നേതാവ് പി. പി. ജാഫർ, ആർജെഡി നേതാവ് മനയത്ത് ചന്ദ്രൻ, ആർ‌എം‌പി സംസ്ഥാനസെക്രട്ടറി എൻ. വേണു, തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375397/rameshan-paleri-funeral-kozhiode-leaders-pay-tribute)