---
title: "'അമിത് ഷാ ഉദ്യോഗസ്ഥരെ വിളിക്കുന്നത് ഞാൻ നേരിൽ കണ്ടു, ബിജെപിയോടോ ആർഎസ്എസിനോടോ ഞാൻ ഒരിക്കലും മാപ്പ് പറയില്ല'; രാഹുല്‍ ഗാന്ധി"
english_title: "Rahul Gandhi Blames Amit Shah For Delhi Student Police Action Demands Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375393/rahul-gandhi-amit-shah-delhi-student-police-action"
published_at: "2026-07-29T20:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a0f50a8e16_rahul-gandhi-amit-shah-delhi-student-police-action.jpg"
keywords: ["NEET Protest", "Rahul Gandhi", "Amit Shah", "Delhi Police", "Student Protest", "NEET"]
---

# 'അമിത് ഷാ ഉദ്യോഗസ്ഥരെ വിളിക്കുന്നത് ഞാൻ നേരിൽ കണ്ടു, ബിജെപിയോടോ ആർഎസ്എസിനോടോ ഞാൻ ഒരിക്കലും മാപ്പ് പറയില്ല'; രാഹുല്‍ ഗാന്ധി

> **Lead Summary:** **ഡൽഹി: **ഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഡൽഹി: **ഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

> പരുക്കേറ്റ വിദ്യാർത്ഥികളുടെ ചിത്രം ഉയർത്തിക്കാട്ടിയാണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്നത് പാർലമെന്റിൽ വെച്ച് താൻ നേരിൽ കണ്ടതായും അദ്ദേഹം പറഞ്ഞു. "സേനയ്ക്ക് ഇത്തരം നടപടികൾക്ക് ഉത്തരവ് നൽകുന്നത് ആഭ്യന്തര മന്ത്രിയാണ്. അമിത് ഷായ്ക്കെതിരെ പറഞ്ഞതിന്റെ പേരിൽ തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല.

> രാജ്നാഥ് സിങ്ങിനെയും കിരൺ റിജിജുവിനെയും നിരവധി തവണ സംസാരിക്കാൻ അനുവദിച്ചു. സ്പീക്കറോട് പലവട്ടം അഭ്യർത്ഥിച്ചു. മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞു. പക്ഷേ ബിജെപിയോടോ ആർഎസ്എസിനോടോ ഞാൻ ഒരിക്കലും മാപ്പ് പറയില്ല" – രാഹുൽ ഗാന്ധി വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ നടപടിയാണ് രാജ്യത്തിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുക എന്നത് തന്റെ അവകാശമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്കുനേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ച് വെടിവെച്ചെന്നും ഒരു വിദ്യാർത്ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും രാഹുൽ ആരോപിച്ചു.

> "അമിത് ഷാ ഉദ്യോഗസ്ഥരെ വിളിക്കുന്നത് ഞാൻ നേരിൽ കണ്ടു. ജിതേന്ദ്ര സിങ്ങിന് നിരവധി ഫോൺ കോളുകൾ വന്നു. പൊലീസ് അതിക്രമം ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെങ്കിൽ അത് കഴിവുകേടാണ്. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണം. അത് ഞങ്ങൾ ഉറപ്പാക്കും. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. ഏതൊക്കെ പൊലീസുകാരാണ് അതിക്രമം നടത്തിയതെന്ന് നമുക്ക് കൃത്യമായി അറിയാം" എന്നും അദ്ദേഹം പറഞ്ഞു.

> ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും സുപ്രീംകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതല സമിതി അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. "അമിത് ഷായുടെ നീക്കം വിദ്യാർത്ഥികളെ ലക്ഷ്യം വയ്ക്കുക എന്നതാണ്. നിശബ്ദമായി നടപടിയെടുക്കുകയാണ് കേന്ദ്ര നീക്കം" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അമിത് ഷായെ രാജ്യത്തിന്റെ നായകനായും നരേന്ദ്ര മോദിയെ ദൈവമായും പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനായി കോടികൾ ചെലവഴിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

> "ഒരു രാത്രി കൊണ്ട് സെൽഫി വീഡിയോ ഇട്ടാൽ ജെൻ സി വിദ്യാർത്ഥികളോട് സംവദിക്കാം എന്നാണ് പ്രധാനമന്ത്രി കരുതുന്നത്. പ്രതിഷേധം ഉയർത്തിയ വിദ്യാർത്ഥികളെ ഓർത്ത് അഭിമാനമുണ്ട്. അവരുടെ മാതാപിതാക്കൾക്ക് ഇല്ലാതെ പോയ ധൈര്യം അവർക്കുണ്ട്. ഇന്നോ നാളെയോ വിദ്യാർത്ഥികൾക്കെതിരെയുള്ള വെടിവെപ്പിൽ അമിത് ഷാ ഉത്തരവാദിത്തം പറയേണ്ടിവരും. അമിത് ഷാ രാജിവെക്കുന്നത് വരെ പോരാട്ടം തുടരും" എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375393/rahul-gandhi-amit-shah-delhi-student-police-action)