---
title: "മുതിർന്ന സിപിഎം നേതാവ് എസ്.കെ. ആശാരി അന്തരിച്ചു"
english_title: "SK Ashari CPM Senior Leader Thiruvananthapuram Passed Away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375392/sk-ashari-cpm-senior-leader-thiruvananthapuram-passed-away"
published_at: "2026-07-29T19:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a0afd69d4d_sk-ashari-cpm-leader-thiruvananthapuram-obituary.jpg"
keywords: ["SK Ashari", "CPM", "Thiruvananthapuram", "Kerala Politics", "Obituary"]
---

# മുതിർന്ന സിപിഎം നേതാവ് എസ്.കെ. ആശാരി അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **മുതിർന്ന സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവുമായിരുന്ന എസ്.കെ. ആശാരി അന്തരിച്ചു. 92 വയസ്സായിരുന്നു.1933-ൽ വിതുരയിലെ ചെറ്റച്ചൽ എന്ന മലയോര ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി.

## Article Content

**തിരുവനന്തപുരം: **മുതിർന്ന സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവുമായിരുന്ന എസ്.കെ. ആശാരി അന്തരിച്ചു. 92 വയസ്സായിരുന്നു.1933-ൽ വിതുരയിലെ ചെറ്റച്ചൽ എന്ന മലയോര ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി.

മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല സ്ഥാപിക്കുന്നതിനും ചെറ്റച്ചൽ പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.മികച്ച ചിത്രകാരനും നടനും ഗാനരചയിതാവുമായിരുന്നു എസ്.കെ. ആശാരി. 'സമരകാഹളം' ഉൾപ്പെടെയുള്ള നിരവധി നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് കലയെയും രാഷ്ട്രീയത്തെയും അദ്ദേഹം സമന്വയിപ്പിച്ചു.

1949-ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. പാർട്ടി ഭിന്നിച്ചപ്പോൾ സിപിഎമ്മിൽ ഉറച്ചുനിന്ന് വിതുര-പാലോട് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടർന്നു. 1950-കളിൽ മലയോര മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

അടിയന്തരാവസ്ഥ കാലത്ത് കർഷക തൊഴിലാളി യൂണിയന്റെ ജില്ലാ സമ്മേളനം സ്വന്തം വീട്ടിൽ വെച്ച് നടത്താനുള്ള ആർജവം അദ്ദേഹം കാണിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന ഇ.കെ. നായനാർ, പുത്തലത്ത് നാരായണൻ, ആർ. പരമേശ്വരൻ പിള്ള തുടങ്ങിയ ഉന്നത നേതാക്കൾക്ക് ദീർഘകാലം സുരക്ഷിതമായ ഒളിയിടങ്ങൾ ഒരുക്കി നൽകി.

ബഹുജന സംഘടനാ രംഗത്തും നിറസാന്നിധ്യമായിരുന്നു. കർഷക സംഘം ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. 1980 മുതൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായും പിന്നീട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും നെടുമങ്ങാട് താലൂക്ക് സെക്രട്ടറിയായും നേതൃപരമായ പങ്കുവഹിച്ചു.

വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റായും തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. മലയോര ജനതയുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. കല, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവിന്റെ വേർപാട് പാർട്ടിക്കും നാടിനും വലിയ നഷ്ടമാണെന്ന് സിപിഎം നേതാക്കൾ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375392/sk-ashari-cpm-senior-leader-thiruvananthapuram-passed-away)