---
title: "പ്രസവാവധിക്ക് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു: അപേക്ഷ വൈകിയതിനെ തുടർന്ന് അധ്യാപികയുടെ കുഞ്ഞ് മരിച്ചതായി പരാതി, ഉദ്യോഗസ്ഥർ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും ആരോപണം "
english_title: "Jharkhand Teacher Alleges Officials Demanded Rs 50000 Bribe For Maternity Leave"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375380/jharkhand-teacher-maternity-leave-bribe-baby-died"
published_at: "2026-07-29T17:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69eeaf436e8_jharkhand-teacher-maternity-leave-bribe-baby-died.jpg"
keywords: ["Maternity Leave", "Teacher", "Government School", "Jharkhand News"]
---

# പ്രസവാവധിക്ക് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു: അപേക്ഷ വൈകിയതിനെ തുടർന്ന് അധ്യാപികയുടെ കുഞ്ഞ് മരിച്ചതായി പരാതി, ഉദ്യോഗസ്ഥർ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും ആരോപണം 

> **Lead Summary:** റാഞ്ചി: പ്രസവാവധി ചോദിച്ച സർക്കാർ സ്കൂൾ അധ്യാപികയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ജാർഖണ്ഡിലെ താർഹാസി പ്ലസ് ടൂ ഹൈസ്കൂളിലെ അധ്യാപിക ഭാരതി പാണ്ഡെയ്ക്കാണ് ദുരനുഭവമുണ്ടായത്. അർഹതപ്പെട്ട അവധിയും അനുബന്ധ ആനുകൂല്യങ്ങളും അനുവദിച്ചു കിട്ടുന്നതിനായി അധ്യാപിക അപേക്ഷ സമർപ്പിച്ചിരുന്നു.

## Article Content

റാഞ്ചി: പ്രസവാവധി ചോദിച്ച സർക്കാർ സ്കൂൾ അധ്യാപികയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ജാർഖണ്ഡിലെ താർഹാസി പ്ലസ് ടൂ ഹൈസ്കൂളിലെ അധ്യാപിക ഭാരതി പാണ്ഡെയ്ക്കാണ് ദുരനുഭവമുണ്ടായത്. അർഹതപ്പെട്ട അവധിയും അനുബന്ധ ആനുകൂല്യങ്ങളും അനുവദിച്ചു കിട്ടുന്നതിനായി അധ്യാപിക അപേക്ഷ സമർപ്പിച്ചിരുന്നു.

എന്നാൽ അപേക്ഷ പാസാക്കുന്നതിനും തടസമില്ലാതെ ശമ്പളം ലഭ്യമാക്കുന്നതിനും 50,000 രൂപ നൽകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് ആരോപണം. കൈക്കൂലി നൽകില്ലെന്ന നിലപാട് അധ്യാപിക സ്വീകരിച്ചതോടെ അവധി അപേക്ഷയുടെ നടപടികൾ മനഃപൂർവം വൈകിപ്പിക്കുകയും ഉദ്യോഗസ്ഥർ നിരന്തരം മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതായി ഭാരതിയും കുടുംബവും പറയുന്നു.

ആദ്യം 30,000 രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് അത് 50,000 ആയി ഉദ്യോഗസ്ഥർ ഉയർത്തിയതായും ഭർത്താവ് വെളിപ്പെടുത്തി. അവധി ലഭിക്കാത്തതിനാൽ ഗർഭകാലത്തിന്റെ അവസാന ആഴ്ചകളിലും ഭാര്യയ്ക്ക് ഓഫീസിലേക്ക് യാത്ര ചെയ്യേണ്ടതായി വന്നുവെന്ന് ഭർത്താവ് ആരോപിച്ചു. വിശ്രമം അനിവാര്യമാണെന്ന് പല തവണ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല.

ഗർഭാവസ്ഥയുടെ നാളുകളിൽ ഒരു തവണ ഓഫീസിൽ സന്ദർശനം നടത്തുമ്പോൾ പൊടുന്നനെ വയറുവേദന അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ ഗർഭപാത്രത്തിൽ വെച്ച് തന്നെ കുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

കുഞ്ഞ് നഷ്ടപ്പെട്ട വിവരവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് 185 ദിവസത്തെ അവധി അനുവദിച്ച് വാട്സ്ആപ്പിൽ ഉത്തരവ് ലഭിച്ചതെന്ന് ഭർത്താവ് പറഞ്ഞു. അവധി സമയത്ത് നൽകിയിരുന്നുവെങ്കിൽ തങ്ങളുടെ കുട്ടി മരണപ്പെടുകയില്ലായിരുന്നുവെന്നും ഭർത്താവ് കൂട്ടിച്ചേർത്തു.

സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് ജനങ്ങളുടെയും അധ്യാപക സംഘടനകളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375380/jharkhand-teacher-maternity-leave-bribe-baby-died)