---
title: "സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റത്തിനൊരുങ്ങി വിജയ് സർക്കാർ; ആഴ്ചയിൽ ചിക്കൻ ബിരിയാണിയും പരിഗണനയിൽ"
english_title: "Tamil Nadu Govt Schools To Add Chicken Biryani To Midday Meal Menu Once A Week"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375370/tamil-nadu-midday-meal-chicken-biryani-school-children-vijay-government"
published_at: "2026-07-29T16:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69dedf8ab59_tamil-nadu-midday-meal-chicken-biryani-school-children-vijay-government.jpg"
keywords: ["Tamil Nadu", "Midday Meal", "School Lunch", "Chicken Biryani", "Vijay Government", "Education", "Chennai"]
---

# സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റത്തിനൊരുങ്ങി വിജയ് സർക്കാർ; ആഴ്ചയിൽ ചിക്കൻ ബിരിയാണിയും പരിഗണനയിൽ

> **Lead Summary:** **ചെന്നൈ:[ **തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ വിജയ് സർക്കാരിന്റെ നീക്കം. കുട്ടികളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ചിക്കൻ ബിരിയാണി ഉൾപ്പെടെയുള്ള വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നു.

## Article Content

**ചെന്നൈ:[ **തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ വിജയ് സർക്കാരിന്റെ നീക്കം. കുട്ടികളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ചിക്കൻ ബിരിയാണി ഉൾപ്പെടെയുള്ള വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നു.

സംസ്ഥാന ബജറ്റിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന ഉന്നതതല കൂടിയാലോചനയിലാണ് ഈ നിർണായക തീരുമാനങ്ങൾ ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹന്റെ നേതൃത്വത്തിൽ അധ്യാപക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ നിർദ്ദേശങ്ങൾ ഉയർന്നു വന്നത്. ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന അരിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, കൂടുതൽ പോഷകസമൃദ്ധമായ ആഹാരം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി നൽകണമെന്ന ആവശ്യം അധ്യാപക സംഘടനകളാണ് മുന്നോട്ട് വെച്ചത്. കൂടാതെ, നിലവിൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നൽകിവരുന്ന പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും പന്ത്രണ്ടാം ക്ലാസ് വരെ വ്യാപിപ്പിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിരിയാണി ഉൾപ്പെടെയുള്ള പുതിയ മെനു മാറ്റങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി വിജയിയുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഈ വരുന്ന ഓഗസ്റ്റ് അഞ്ചിനാണ് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഏതൊക്കെ പ്രധാന പ്രഖ്യാപനങ്ങൾ ഈ ബജറ്റിലുണ്ടാകും എന്ന ആകാംക്ഷയിലാണ് തമിഴ്നാട്ടിലെ ജനങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375370/tamil-nadu-midday-meal-chicken-biryani-school-children-vijay-government)