---
title: "'ജീവൻ നൽകി പൊരുതി, ഇനി ബ്രസീലിനായി കളിക്കാനില്ല'; വിരമിക്കൽ തീരുമാനം ആവർത്തിച്ച് നെയ്മർ"
english_title: "Neymar Announces Retirement From Brazil National Team After World Cup Exit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375368/neymar-retirement-brazil-national-team-world-cup"
published_at: "2026-07-29T16:29:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69dd5a8aff3_neymar-retirement-brazil-national-team-world-cup.jpg"
keywords: ["Neymar", "Brazil Football", "World Cup", "Santos", "Football Retirement", "Pele Record", "Copa America"]
---

# 'ജീവൻ നൽകി പൊരുതി, ഇനി ബ്രസീലിനായി കളിക്കാനില്ല'; വിരമിക്കൽ തീരുമാനം ആവർത്തിച്ച് നെയ്മർ

> **Lead Summary:** **റിയോ ഡി ജനീറോ: [**[ ]ബ്രസീലിയൻ ജഴ്സിയിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് വ്യക്തമാക്കി സൂപ്പർതാരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ തീരുമാനം 34കാരനായ താരം വീണ്ടും ഉറപ്പിച്ചത്.

## Article Content

**റിയോ ഡി ജനീറോ: [**[ ]ബ്രസീലിയൻ ജഴ്സിയിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് വ്യക്തമാക്കി സൂപ്പർതാരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ തീരുമാനം 34കാരനായ താരം വീണ്ടും ഉറപ്പിച്ചത്.

ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്തായതോടെ താൻ മഞ്ഞക്കുപ്പായം അഴിച്ചുവെച്ചതായി നെയ്മർ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ ആ മോഹങ്ങൾ വിഫലമാക്കുന്നതാണ് താരത്തിന്റെ പുതിയ പ്രസ്താവന.

> ലോകകപ്പിന്റെ ഭൂരിഭാഗം മത്സരങ്ങളിലും പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്ന നെയ്മർ, നോർവെയ്ക്കെതിരായ പ്രീ-ക്വാർട്ടറിലാണ് പകരക്കാരനായി ഇറങ്ങിയത്. അവസാന നിമിഷങ്ങളിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയെങ്കിലും ടീമിന്റെ പുറത്താകൽ തടയാനായില്ല. "ദേശീയ ടീമിനൊപ്പമുള്ള എന്റെ അധ്യായം അവസാനിച്ചു. ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്.

> ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിനായി എന്റെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ല," യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരശേഷം നെയ്മർ വ്യക്തമാക്കി.

അതേസമയം, സാന്റോസ് സഹതാരങ്ങൾ വെനിസ്വേലയിൽ കളിക്കുമ്പോൾ നെയ്മർ പോക്കർ ടൂർണമെന്റിൽ പങ്കെടുത്തെന്ന മാധ്യമ വാർത്തകൾ വലിയ ചർച്ചയായിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയ ശേഷം കാർഡുകൾ കൈകാര്യം ചെയ്യുന്നതും ഗോൾഫ് കളിക്കുന്നതും അനുകരിച്ച് താരം ആഘോഷിച്ചത്.

ചാപെക്കോയെൻസെയ്ക്കെതിരായ സമനിലയ്ക്ക് ശേഷം യുവതാരങ്ങളെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകളും നെയ്മർ തള്ളി; ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനോട് മെച്ചപ്പെട്ട പ്രകടനം ആവശ്യപ്പെടാൻ തനിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇനി ക്ലബ്ബ് ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. പെലെയെ പിന്തള്ളി ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായി റെക്കോർഡ് കുറിച്ചാണ് നെയ്മർ പടിയിറങ്ങുന്നത്. ഒളിമ്പിക്സ് സ്വർണ്ണമടക്കം നിരവധി ചരിത്രനേട്ടങ്ങൾ രാജ്യത്തിന് സമ്മാനിച്ചാണ് മഞ്ഞക്കുപ്പായത്തോടുള്ള താരത്തിന്റെ വിടവാങ്ങൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375368/neymar-retirement-brazil-national-team-world-cup)