---
title: "പഞ്ചാബ് സർവകലാശാലയിൽ വൈദ്യുതാഘാതമേറ്റ് പിഎച്ച്ഡി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം "
english_title: "Punjab University PhD Student Dies Of Electrocution Family Gets 16 Lakh Compensation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375353/punjab-university-chandigarh-phd-student-electrocution-death"
published_at: "2026-07-29T15:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d4fe99c9d_punjab-university-chandigarh-phd-student-electrocution-death.jpg"
keywords: ["Punjab University", "Chandigarh", "Electrocution", "Student Death", "Campus Safety", "Shock Death"]
---

# പഞ്ചാബ് സർവകലാശാലയിൽ വൈദ്യുതാഘാതമേറ്റ് പിഎച്ച്ഡി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ചണ്ഡീഗഢ്: **പഞ്ചാബ് സർവകലാശാല കാമ്പസിൽ മഴവെള്ളക്കെട്ടിലൂടെ നടന്നതിനിടെ വൈദ്യുതാഘാതമേറ്റ് പിഎച്ച്ഡി ഗവേഷക വിദ്യാർത്ഥിനി മരിച്ചു. ഹരിയാനയിലെ റെവാരി സ്വദേശിനിയും സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷകയുമായ 28കാരി ജ്യോതിയാണ് മരിച്ചത്.

## Article Content

**ചണ്ഡീഗഢ്: **പഞ്ചാബ് സർവകലാശാല കാമ്പസിൽ മഴവെള്ളക്കെട്ടിലൂടെ നടന്നതിനിടെ വൈദ്യുതാഘാതമേറ്റ് പിഎച്ച്ഡി ഗവേഷക വിദ്യാർത്ഥിനി മരിച്ചു. ഹരിയാനയിലെ റെവാരി സ്വദേശിനിയും സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷകയുമായ 28കാരി ജ്യോതിയാണ് മരിച്ചത്.

സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കിയതോടെ സർവകലാശാല അധികൃതർ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായവും ജ്യോതിയുടെ സഹോദരന് ജോലിയും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ഹോസ്റ്റലിൽ നിന്ന് ഡിപ്പാർട്ട്മെന്റിലേക്ക് പോകുന്നതിനിടെയാണ് ജ്യോതിക്ക് വൈദ്യുതാഘാതമേറ്റത്.

കനത്ത മഴയെ തുടർന്ന് പ്രധാന വഴിയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതുമൂലം ജ്യോതി സമീപത്തെ മൺവഴിയിലൂടെ നടന്നുപോകുകയായിരുന്നു. ഈ സമയത്ത് സമീപത്തെ ഇലക്ട്രിക് ബോക്സിൽ നിന്നോ താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ നിന്നോ ആണ് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സഹപാഠികൾ ചേർന്ന് ജ്യോതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം അറിഞ്ഞതോടെ നൂറുകണക്കിന് വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തി. കാമ്പസിലെ വൈദ്യുതി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിച്ച വിദ്യാർത്ഥികൾ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.

കാമ്പസിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. രാത്രി വരെ നീണ്ട ചർച്ചകൾക്കൊടുവിലാണ് സർവകലാശാല വിദ്യാർത്ഥികളുമായി ധാരണയിലെത്തിയത്. ജ്യോതിയുടെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.

പന്ത്രണ്ടാം ക്ലാസ് വിജയിക്കുകയും ഐടിഐ ഇലക്ട്രിക്കൽ യോഗ്യതയുമുള്ള ജ്യോതിയുടെ സഹോദരന് സർവകലാശാലയിൽ ഇലക്ട്രീഷ്യനായി ജോലി നൽകുമെന്നും അറിയിച്ചു. ജ്യോതിയുടെ പിതാവ് കർഷകനും സ്വകാര്യ സ്കൂളിലെ ഡ്രൈവറുമാണ്. സീനിയർ റിസർച്ച് ഫെലോഷിപ്പിലൂടെ ലഭിച്ച വരുമാനമാണ് കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർവകലാശാല എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാമ്പസിലെ വൈദ്യുതി സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകൾ പരിശോധിക്കാൻ ആഭ്യന്തര അന്വേഷണ കമ്മീഷനെയും രൂപീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375353/punjab-university-chandigarh-phd-student-electrocution-death)