---
title: "വേട്ടയാടലിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി, 2021ലെ കേസിലെ വാറന്റിന് സ്റ്റേ"
english_title: "Delhi Court Stays Arrest Warrant Against SFI Leader Aishe Ghosh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375349/delhi-court-stays-arrest-warrant-aishe-ghosh-sfi"
published_at: "2026-07-29T15:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d35e753aa_delhi-court-stays-arrest-warrant-aishe-ghosh-sfi.jpg"
keywords: ["Aishe Ghosh", "NEET Protest", "Delhi Police", "SFI", "Delhi Court"]
---

# വേട്ടയാടലിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി, 2021ലെ കേസിലെ വാറന്റിന് സ്റ്റേ

> **Lead Summary:** ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് കോടതിയിൽ തിരിച്ചടി. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ തടങ്കലിലാക്കാനുള്ള നീക്കമാണ് ഡൽഹി പട്യാലഹൗസ് കോടതി തടഞ്ഞത്.

## Article Content

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് കോടതിയിൽ തിരിച്ചടി. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ തടങ്കലിലാക്കാനുള്ള നീക്കമാണ് ഡൽഹി പട്യാലഹൗസ് കോടതി തടഞ്ഞത്.

ഐഷി നൽകിയ അപേക്ഷ പരിഗണിച്ച കോടതി അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നത് വരെ ഐഷിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

2021ൽ ബംഗ ഭവനിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രിൽ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. മാസങ്ങൾ പിന്നിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ ഐഷിക്ക് ലഭിച്ചിരുന്നില്ല.

ജന്തർമന്തറിലെ നീറ്റ് ചോദ്യചോർച്ചക്കെതിരായ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഴയ കേസ് കുത്തിപ്പൊക്കിയതെന്ന ആരോപണമാണ് സിപിഐഎം ഉന്നയിക്കുന്നത്. ചൊവ്വ വൈകുന്നേരം സ്വകാര്യ വാഹനത്തിൽ നെയിംപ്ലേറ്റോ യൂണിഫോമോ ഇല്ലാതെ ഡൽഹി പോലീസ് സംഘം സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ എത്തിയിരുന്നു.

ഐഷിയെ കുറിച്ചുള്ള വിവരങ്ങൾ തേടിയായിരുന്നു വരവ്.എന്നാൽ സിജെപിക്കൊപ്പം നീറ്റ് ചോദ്യചോർച്ച സമരത്തിന് നേതൃത്വം നൽകിയ ഐഷിയെ ജയിലിലടക്കാനുള്ള ശ്രമാണിതെന്ന് ആരോപിച്ച് സിപിഐ എം നേതാക്കളും പ്രവർത്തകരും പോലീസ് സംഘത്തെ പ്രതിരോധിച്ച് തിരിച്ചയച്ചു.

തുടർന്ന് അറസ്റ്റ് വാറന്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഷി കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച പട്യാലഹൗസ് കോടതിയാണ് ഇപ്പോൾ വാറന്റിന് സ്റ്റേ നൽകിയിരിക്കുന്നത്. അതേസമയം നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ തുടക്കം മുതൽ സജീവമായിരുന്ന ഐഷി, സോനം വാങ്ചുക് അറസ്റ്റിലായതോടെ നിരാഹാരസമരവും നടത്തിയിരുന്നു.

രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് നീക്കമാണിതെന്ന് സിപിഐഎം നേതൃത്വം കുറ്റപ്പെടുത്തി. ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ ഭയപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ലെന്നും പാർട്ടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375349/delhi-court-stays-arrest-warrant-aishe-ghosh-sfi)