---
title: "അധ്യാപികമാരുടെ അടിവേരറുത്ത് എംഡിഎംഎ വേട്ട! കുട്ടികള്‍ക്കും ലഹരി നല്‍കിയോ?  ഇരിട്ടി സ്വദേശിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികൾ "
english_title: "Vadakara MDMA Case: Police Expand Probe, Rs 1 Crore Transactions Found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375348/vadakara-mdma-case-teachers-arrest-police-probe-kerala"
published_at: "2026-07-29T15:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d1c321a6a_vadakara-mdma-case-teachers-arrest-police-probe-kerala.jpg"
keywords: ["Vadakara News", "MDMA Case", "Kerala Police", "Drug Peddling", "Teacher Arrest", "Jijil Kuriakose"]
---

# അധ്യാപികമാരുടെ അടിവേരറുത്ത് എംഡിഎംഎ വേട്ട! കുട്ടികള്‍ക്കും ലഹരി നല്‍കിയോ?  ഇരിട്ടി സ്വദേശിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികൾ 

> **Lead Summary:** **കോഴിക്കോട്: **വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇതുവരെ കേസിൽ അഞ്ച് പ്രതികളാണ് പിടിയിലായിട്ടുള്ളത്. പിടിയിലായവരിൽ പ്രധാന പ്രതികളിൽ ഒരാളായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: **വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇതുവരെ കേസിൽ അഞ്ച് പ്രതികളാണ് പിടിയിലായിട്ടുള്ളത്. പിടിയിലായവരിൽ പ്രധാന പ്രതികളിൽ ഒരാളായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിനുപുറമേ, കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്കും ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കും കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.

കേസിൽ പ്രതികളായവരുടെ ഇതുവരെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ കർശന തീരുമാനമെടുത്തിട്ടുണ്ട്. ലഹരി സംഘത്തിന്റെ കണ്ണിയിൽ കുട്ടികൾ അകപ്പെട്ടിട്ടുണ്ടോ എന്നും, വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചു നൽകിയിട്ടുണ്ടോ എന്നും പ്രത്യേക അന്വേഷണം നടത്തുന്നതാണ്. ജിജിൽ കേസിലെ മുഖ്യപ്രതികളിൽ ഒരാളാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൂടാതെ പ്രതികൾ വിദേശ നമ്പറുകളിലേക്ക് ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് ഈ നീക്കം.

ചോദ്യം ചെയ്താൽ കൂടുതൽ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. വിദ്യാഭ്യാസ വകുപ്പിൽ ലഹരി സംഘങ്ങളുമായി ബന്ധമുള്ളവർ ഇനിയുമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ലഹരി കച്ചവടത്തിൽ അധ്യാപകരുടെ കൂട്ടാളിയായ ജിജിൻ കുര്യാക്കോസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ജിജിൻ ഒരു കോടി രൂപയിലധികം ഇടപാടുകൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375348/vadakara-mdma-case-teachers-arrest-police-probe-kerala)