---
title: "രോഗം ബാധിച്ച കാലുകളിൽ ബൂട്ടിട്ട് ചവിട്ടി; സർക്കാരിനെതിരെ ഫേസ്ബുക്കില്‍ ലൈവിട്ട  46കാരന് പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി നൽകി"
english_title: "Pathanamthitta Man Alleges Police Assault After Facebook Live Against Govt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375346/pathanamthitta-police-assault-facebook-live-patient"
published_at: "2026-07-29T15:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d1c31449e_pathanamthitta-police-assault-facebook-live-patient.jpg"
keywords: ["Police Assault.", "Facebook Live", "Pathanamthitta News", "Kerala Government"]
---

# രോഗം ബാധിച്ച കാലുകളിൽ ബൂട്ടിട്ട് ചവിട്ടി; സർക്കാരിനെതിരെ ഫേസ്ബുക്കില്‍ ലൈവിട്ട  46കാരന് പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി നൽകി

> **Lead Summary:** പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ ഫേസ്ബുക്കിൽ ലൈവ് ചെയ്തതിന്റെ പേരിൽ ഹൃദ്രോഗിക്ക് പോലീസിന്റെ ക്രൂരമർദ്ദനം. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി കെ.എസ്. അനിൽകുമാർ ആണ് മർദ്ദനത്തിന് ഇരയായത്. മൂഴിയാർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും ചേർന്ന് വീട്ടിൽ കയറി മർദ്ദിച്ചതായാണ് പരാതി.

## Article Content

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ ഫേസ്ബുക്കിൽ ലൈവ് ചെയ്തതിന്റെ പേരിൽ ഹൃദ്രോഗിക്ക് പോലീസിന്റെ ക്രൂരമർദ്ദനം. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി കെ.എസ്. അനിൽകുമാർ ആണ് മർദ്ദനത്തിന് ഇരയായത്. മൂഴിയാർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും ചേർന്ന് വീട്ടിൽ കയറി മർദ്ദിച്ചതായാണ് പരാതി.

ഹൃദ്രോഗത്തിന് പുറമെ കരൾ, വൃക്ക രോഗങ്ങൾക്കും ചികിത്സയിൽ കഴിയുന്ന അനിൽകുമാറിനെ മരുന്ന് കഴിക്കാൻ പോലും അനുവദിക്കാതെയാണ് മർദ്ദിച്ചതെന്നാണ് ആരോപണം. രോഗം ബാധിച്ച കാലുകളിൽ ബൂട്ടിട്ട് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. ഫേസ്ബുക്ക് ലൈവിനെതിരെ പരാതി ലഭിച്ചെന്നു പറഞ്ഞാണ് ഇന്നലെ രാവിലെ 11 മണിയോടെ മൂഴിയാർ സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും അനിൽകുമാറിന്റെ വീട്ടിലെത്തിയത്.

സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുകയായിരുന്ന അനിൽകുമാർ തനിക്ക് മരുന്ന് കഴിക്കാനുണ്ടെന്നും അതിനു ശേഷം സ്റ്റേഷനിലേക്ക് പോകാമെന്നും പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ലെന്ന് കുടുംബം പറയുന്നു. ഉടുപ്പിന് പിടിച്ചുവലിച്ച് പുറത്തിറക്കിയ ശേഷവും മർദ്ദിച്ചെന്നാണ് പരാതി.

രണ്ടുദിവസം മുമ്പാണ് സിപിഎം പ്രവർത്തകൻ കൂടിയായ അനിൽകുമാർ ഫേസ്ബുക്കിൽ ലൈവ് ചെയ്തത്. സ്ത്രീസുരക്ഷാ പെൻഷൻ നിർത്തലാക്കിയതും ആശുപത്രികളിലെ പൊതിച്ചോറ് വിതരണത്തിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലും ചൂണ്ടിക്കാട്ടി യുഡിഎഫ് സർക്കാരിന്റെ രീതികളെ ചോദ്യം ചെയ്തായിരുന്നു ലൈവ്.

നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് അനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് മർദ്ദനത്തിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് അനിൽകുമാറും കുടുംബവും.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375346/pathanamthitta-police-assault-facebook-live-patient)