---
title: "പൊലീസിന് വേറെ പണിയില്ലേ...? പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടേണ്ടെന്ന് അലഹബാദ് ഹൈക്കോടതി; എഫ്.ഐ.ആർ തള്ളി"
english_title: "Allahabad HC Police Interference In Adult Marriage Violates Fundamental Rights"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375330/allahabad-hc-police-interference-adult-marriage-fundamental-rights"
published_at: "2026-07-29T15:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69c94a7900c_allahabad-hc-police-interference-adult-marriage-fundamental-rights.jpg"
keywords: ["Allahabad High Court", "Marriage", "Fundamental Rights", "Police", "Uttar Pradesh"]
---

# പൊലീസിന് വേറെ പണിയില്ലേ...? പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടേണ്ടെന്ന് അലഹബാദ് ഹൈക്കോടതി; എഫ്.ഐ.ആർ തള്ളി

> **Lead Summary:** **ലഖ്‌നൗ: **രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള വിവാഹത്തിൽ പൊലീസ് ഇടപെടുന്നത് ക്രിമിനൽ നിയമപ്രക്രിയയുടെ ദുരുപയോഗം മാത്രമല്ല, അവരുടെ മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനം കൂടിയാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം വിവാഹങ്ങളിൽ അന്വേഷണം നടത്തേണ്ട കാര്യം പൊലീസിനില്ലെന്നും അവർ കുറ്റകൃത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് തരുണ്‍ സക്സേന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

## Article Content

**ലഖ്‌നൗ: **രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള വിവാഹത്തിൽ പൊലീസ് ഇടപെടുന്നത് ക്രിമിനൽ നിയമപ്രക്രിയയുടെ ദുരുപയോഗം മാത്രമല്ല, അവരുടെ മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനം കൂടിയാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം വിവാഹങ്ങളിൽ അന്വേഷണം നടത്തേണ്ട കാര്യം പൊലീസിനില്ലെന്നും അവർ കുറ്റകൃത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് തരുണ്‍ സക്സേന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഇത്തരം വിഷയങ്ങൾ അന്വേഷിക്കുന്നത് പൊലീസിന്റെ പണിയല്ലെന്ന് ഞങ്ങൾ പലതവണ ഓർമിപ്പിച്ചിട്ടുണ്ട്. അവർ കുറ്റകൃത്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഇത് ഒരു കുറ്റകൃത്യമല്ല, ഇതിൽ അന്വേഷണത്തിന്റെ ആവശ്യവുമില്ലെന്നും കോടതി പറഞ്ഞു.26 വയസ്സുള്ള യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് 28 വയസ്സുള്ള യുവാവിനെതിരെ എടുത്ത എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 87 പ്രകാരം ഏപ്രിലിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹത്തിനായി സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ ആണ് ഈ വകുപ്പ്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ ഹിന്ദു ആചാരപ്രകാരം തങ്ങൾ വിവാഹിതരായെന്നും എന്നാൽ യുവതിയുടെ വീട്ടുകാർ ഇതിന് എതിരായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ദമ്പതികൾ പിന്നീട് കോടതിയെ സമീപിച്ചു.

വീട്ടുകാർ യുവതിയെ മർദ്ദിക്കുകയും അവരെയും ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറഞ്ഞു.ഇതേത്തുടർന്ന് എഫ്ഐആറിലെ അന്വേഷണം സ്റ്റേ ചെയ്ത കോടതി, ദമ്പതികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനോട് നിർദേശിച്ചു. പ്രായപൂർത്തിയായ രണ്ട് വ്യക്തികളാണ്.

ഹിന്ദു ആചാരപ്രകാരം വിവാഹിതരായവരും നല്ല വിദ്യാഭ്യാസമുള്ളവരുമാണ്. കക്ഷികളുടെ പ്രായവും വിദ്യാഭ്യാസവും കണക്കിലെടുക്കുമ്പോൾ ഈ കേസിൽ പ്രലോഭനത്തിന്റെയോ തെറ്റിദ്ധരിപ്പിക്കലിന്റെയോ യാതൊരു സാധ്യതയുമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375330/allahabad-hc-police-interference-adult-marriage-fundamental-rights)