---
title: "താനൊരു അധ്യാപകനാണോ? സ്മാർട്ട് ക്ലാസ്‌റൂമിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; യു.പിയിൽ 50-കാരനായ അധ്യാപകൻ സസ്പെൻഷൻ, അന്വേഷണം"
english_title: "Uttar Pradesh Teacher Suspended for Misbehaving with Class 6 Student in Ballia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375328/uttar-pradesh-ballia-teacher-suspended-class-6-student-misbehavior"
published_at: "2026-07-29T15:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69c9cca59d9_uttar-pradesh-ballia-teacher-suspended-class-6-student-misbehavior.jpg"
keywords: ["Uttar Pradesh News", "Ballia School", "Teacher Suspended", "Student Safety", "POCSO"]
---

# താനൊരു അധ്യാപകനാണോ? സ്മാർട്ട് ക്ലാസ്‌റൂമിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; യു.പിയിൽ 50-കാരനായ അധ്യാപകൻ സസ്പെൻഷൻ, അന്വേഷണം

> **Lead Summary:** **ലക്ക്നൗ: **ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ സർക്കാർ സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ 50 കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

## Article Content

**ലക്ക്നൗ: **ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ സർക്കാർ സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ 50 കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌കൂളിലെ സ്മാർട്ട് ക്ലാസ്‌റൂമിലേക്ക് പെൺകുട്ടിയെ തനിയെ വിളിച്ചുകൊണ്ടുപോയി അധ്യാപകൻ മോശമായി പെരുമാറുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവം പുറത്തുപറഞ്ഞാൽ സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിച്ച മറ്റ് അധ്യാപകരുമായും ജീവനക്കാരുമായും ഇയാൾ വഴക്കിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

വിവരമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് രാവിലെ സ്‌കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച് ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സുനിൽ ചൗബേ കർശന നടപടി ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്.

ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് ബേസിക് ശിക്ഷാ അധികാരി മനീഷ് കുമാർ സിംഗ് ആണ് അധ്യാപകനെ ഉടനടി സസ്‌പെൻഡ് ചെയ്തത്. പെൺകുട്ടികളുടെ സുരക്ഷയും സ്‌കൂളിലെ പഠനാന്തരീക്ഷവും മുൻനിർത്തിയാണ് ഈ നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നവനഗർ ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ പങ്കജ് കുമാർ സിംഗിനെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 15 ദിവസത്തിനകം വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375328/uttar-pradesh-ballia-teacher-suspended-class-6-student-misbehavior)