---
title: "ആശ്വാസം....! മലപ്പുറത്തുനിന്ന് കാണാതായ പ്രമുഖ യൂട്യൂബർ ദിൽഷാദ് മേഘാലയയിൽ കണ്ടെത്തി "
english_title: "Malappuram YouTuber Dilshad Found in Meghalaya After Bike Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375320/malappuram-youtuber-dilshad-found-meghalaya-bike-accident-new"
published_at: "2026-07-29T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69c1768549f_malappuram-youtuber-dilshad-found-meghalaya-bike-accident.jpg"
keywords: ["Malappuram News", "Dilshad YouTuber", "Yatra Today", "Meghalaya Accident", "Missing Person Found"]
---

# ആശ്വാസം....! മലപ്പുറത്തുനിന്ന് കാണാതായ പ്രമുഖ യൂട്യൂബർ ദിൽഷാദ് മേഘാലയയിൽ കണ്ടെത്തി 

> **Lead Summary:** **മലപ്പുറം:( **[https://truevisionnews.com/)] പ്രമുഖ യാത്രാ വ്ലോഗറും 'യാത്ര ടുഡേ' യൂട്യൂബ് ചാനൽ ഉടമയുമായ മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി. വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും യാത്രകൾ നടത്തി അവിടുത്തെ വിശേഷങ്ങൾ വീഡിയോകളായി പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ദിൽഷാദ്.

## Article Content

**മലപ്പുറം:( **[https://truevisionnews.com/)] പ്രമുഖ യാത്രാ വ്ലോഗറും 'യാത്ര ടുഡേ' യൂട്യൂബ് ചാനൽ ഉടമയുമായ മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി. വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും യാത്രകൾ നടത്തി അവിടുത്തെ വിശേഷങ്ങൾ വീഡിയോകളായി പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ദിൽഷാദ്.

സ്വന്തം യാത്രാ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ആറാം തീയതിയാണ് അദ്ദേഹം വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ദിൽഷാദുമായി യാതൊരുവിധ ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനെ തുടർന്ന് ആശങ്കയിലായ കുടുംബാംഗങ്ങൾ തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. മേഘാലയയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ദിൽഷാദ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

നിലവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ കുടുംബാംഗങ്ങളും ആരാധകരും വലിയ ആശ്വാസത്തിലാണ്. മുൻപ് അസമിൽ നിന്നാണ് അദ്ദേഹം അവസാനമായി വീട്ടിലേക്ക് വിളിച്ചിരുന്നത്. ഇതിനുശേഷമാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. വ്ലോഗറുടെ സുരക്ഷയും ആരോഗ്യനിലയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പൊലീസും ബന്ധപ്പെട്ടവരും അന്വേഷണം തുടരുകയാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375320/malappuram-youtuber-dilshad-found-meghalaya-bike-accident-new)