---
title: "പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ഐഷി ഘോഷിനെതിരായ പൊലീസ് നീക്കം സഭയിൽ ഉന്നയിച്ച് ഇടതുഎംപിമാർ, സാധാരണ നടപടിയെന്ന് നദ്ദ"
english_title: "Delhi Police Enters CPI-M HQ AKG Bhavan, Attempts to Arrest SFI Leader Aishe Ghosh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375305/delhi-police-akg-bhavan-aishe-ghosh-arrest-attempt-protest"
published_at: "2026-07-29T13:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69b2a7cab8b_delhi-police-akg-bhavan-aishe-ghosh-arrest-attempt-protest.jpg"
keywords: ["Aishe Ghosh Arrest Attempt", "Parliament", "Delhi Police", "CPI-M", "John Brittas"]
---

# പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ഐഷി ഘോഷിനെതിരായ പൊലീസ് നീക്കം സഭയിൽ ഉന്നയിച്ച് ഇടതുഎംപിമാർ, സാധാരണ നടപടിയെന്ന് നദ്ദ

> **Lead Summary:** ഡൽഹി: സിപിഐഎമ്മിന്റെ ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ ഡൽഹി പോലീസ് മഫ്തിയിൽ പ്രവേശിച്ച് എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സംഭവം പാർലമെൻ്റിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി.

## Article Content

ഡൽഹി: സിപിഐഎമ്മിന്റെ ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ ഡൽഹി പോലീസ് മഫ്തിയിൽ പ്രവേശിച്ച് എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സംഭവം പാർലമെൻ്റിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി.

പാർട്ടിയുടെ ദേശീയ ആസ്ഥാനത്തേക്കുള്ള പോലീസിന്റെ അസാധാരണമായ കടന്നുകയറ്റം സിപിഐഎം എംപി ജോൺ ബ്രിട്ടാസ് സഭയിൽ ഉന്നയിച്ചതോടെയാണ് ചർച്ച കൊടുമ്പിരികൊണ്ടത്.

വിഷയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സിപിഐഎമ്മിന് പിന്തുണ നൽകി. തുടർച്ചയായ രണ്ടാം ദിവസമാണ് ഐഷി ഘോഷിനെ ഡൽഹി പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.

നടപടിക്രമങ്ങൾ പാലിക്കാതെയുള്ള പോലീസിന്റെ ഈ അസാധാരണ പ്രവർത്തിയെ ബ്രിട്ടാസ് സഭയിൽ ശക്തമായി ചോദ്യം ചെയ്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സിപിഐഎമ്മിന് പിന്തുണയുമായി രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.

എന്നാൽ ബ്രിട്ടാസിന്റെ വാദങ്ങളെ കേന്ദ്രമന്ത്രി ജെ.പി. നദ്ദ തള്ളി. പോലീസിന്റെ നടപടി അസാധാരണമല്ലെന്നായിരുന്നു നദ്ദയുടെ മറുപടി. അർദ്ധരാത്രിയിലാണ് മഫ്തിയിലുള്ള ഡൽഹി പോലീസ് സംഘം എകെജി ഭവനിലെത്തിയത്.

ഐഷി ഘോഷിന്റെ വിവരങ്ങൾക്കായാണ് പോലീസ് എത്തിയതെന്ന് റിപ്പോർട്ടുണ്ട്. ഐഷിയുടെ താമസസ്ഥലം, പാർട്ടി ആസ്ഥാനത്ത് എത്തുന്ന സമയം എന്നിവയെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരോട് പോലീസ് ചോദിച്ചറിഞ്ഞു.

ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമാണിതെന്ന് ഇടതു എംപിമാർ ആരോപിച്ചു. പോലീസിന്റെ ഈ നാടകീയ നീക്കങ്ങൾക്ക് പിന്നാലെ എകെജി ഭവനിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിച്ചിട്ടുണ്ട്.

ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഓഫീസുകളിലേക്ക് പോലീസ് കടന്നുകയറുന്നത് അപകടകരമായ പ്രവണതയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375305/delhi-police-akg-bhavan-aishe-ghosh-arrest-attempt-protest)