---
title: "നല്ല നിയമപാലകൻ ....! നടുറോഡിൽ ഭർത്താവിനൊപ്പം നടക്കവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പൊലീസുകാരന്‍ അറസ്റ്റില്‍"
english_title: "Chennai Traffic Inspector Arrested for Molesting Woman on Road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375297/chennai-traffic-inspector-arrested-molestation-velachery"
published_at: "2026-07-29T12:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69ac2941283_chennai-traffic-inspector-arrested-molestation-velachery.jpg"
keywords: ["Molesting Woman", "Traffic Inspector Arrest", "Chennai News", "Tamil Nadu Police"]
---

# നല്ല നിയമപാലകൻ ....! നടുറോഡിൽ ഭർത്താവിനൊപ്പം നടക്കവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പൊലീസുകാരന്‍ അറസ്റ്റില്‍

> **Lead Summary:** ചെന്നൈ: ചെന്നൈ വേളാച്ചേരിയിൽ നടുറോഡിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റാണിപേട്ട് ജില്ലാ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വിങ് ഇൻസ്പെക്ടർ അറസ്റ്റിൽ. മണിമാരനാണ് അറസ്റ്റിലായത്.

## Article Content

ചെന്നൈ: ചെന്നൈ വേളാച്ചേരിയിൽ നടുറോഡിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റാണിപേട്ട് ജില്ലാ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വിങ് ഇൻസ്പെക്ടർ അറസ്റ്റിൽ. മണിമാരനാണ് അറസ്റ്റിലായത്.

ഭർത്താവിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയാണ് പ്രതി ഉപദ്രവിച്ചത്. ഞായറാഴ്ച രാത്രി വേളാച്ചേരി ഒരണ്ടിയമ്മൻ കോവിൽ തെരുവിൽ വെച്ചാണ് സംഭവം.

ഭർത്താവിനൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടുപേരാണ് ഉപദ്രവിച്ചത്. ബൈക്കിന്റെ പിന്നിലിരുന്നയാൾ യുവതിയെ കയറിപ്പിടിക്കുകയും ഉടൻ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് ഭർത്താവും സമീപത്തെ നാട്ടുകാരും ചേർന്ന് ബൈക്ക് യാത്രക്കാരെ തടഞ്ഞുനിർത്തി.

ഈ സമയം താൻ പൊലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞ് പ്രതികൾ നാട്ടുകാരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വേളാച്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റാണിപേട്ടിലെ ട്രാഫിക് ഇൻസ്പെക്ടർ മണിമാരനാണ് പ്രതിയെന്ന് വ്യക്തമായത്. സംഭവ സമയം പ്രതി മദ്യപിച്ചിരുന്നതായും ബൈക്കിൽ കൂടെയുണ്ടായിരുന്നത് സഹോദരനാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം ചെന്നൈ പുഴലിന് സമീപം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച സംഭവത്തിലും ഒരാൾ അറസ്റ്റിലായി. ചിന്ന മാത്തൂർ സ്വദേശി വിഘ്നേഷ് (34) ആണ് പിടിയിലായത്.

പൂനമല്ലിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 32കാരിയായ യുവതിയെ ഇയാൾ പിന്തുടർന്ന് അസഭ്യം പറയുകയും ഒപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു. വഴിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനോട് യുവതി വിവരം പറഞ്ഞു.

ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രതിയെ പിടികൂടി പുഴൽ പോലീസിന് കൈമാറി. പ്രതിയുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375297/chennai-traffic-inspector-arrested-molestation-velachery)