---
title: "കതിരൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസ്: പയ്യന്നൂരിൽ പൊലീസിന്റെ മൂക്കിന് കീഴിൽ 10 വർഷം തട്ടുകട നടത്തി ഒളിവിൽ പോയി,  പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ"
english_title: "Kerala Murder Case Accused Arrested After 25 Years in Hiding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375292/kannur-kathirur-murder-case-accused-arrested-after-25-years"
published_at: "2026-07-29T12:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69a90095204_kannur-kathirur-murder-case-accused-arrested-after-25-years.jpg"
keywords: ["Murder Case", "Crime News", "Absconding Accused Arrested", "Payyanur News"]
---

# കതിരൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസ്: പയ്യന്നൂരിൽ പൊലീസിന്റെ മൂക്കിന് കീഴിൽ 10 വർഷം തട്ടുകട നടത്തി ഒളിവിൽ പോയി,  പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ

> **Lead Summary:** കണ്ണൂർ: 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി പിടിയിൽ. കണ്ണൂർ കതിരൂർ സ്വദേശി സി.എച്ച് അഷ്റഫിനെയാണ് പയ്യന്നൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2001ൽ കതിരൂർ സ്വദേശി രതീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഷ്റഫ്. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

## Article Content

കണ്ണൂർ: 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി പിടിയിൽ. കണ്ണൂർ കതിരൂർ സ്വദേശി സി.എച്ച് അഷ്റഫിനെയാണ് പയ്യന്നൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2001ൽ കതിരൂർ സ്വദേശി രതീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഷ്റഫ്. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

2001ലാണ് കേസിനാസ്പദമായ സംഭവം. രതീഷിനെ ബോംബെറിഞ്ഞ ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രതീഷ് ചികിത്സയിലിരിക്കെ മരിച്ചു. ഇതിന് പിന്നാലെ കേസിൽ പ്രതിയായ അഷ്റഫ് നാട് വിട്ടു. അന്നുമുതൽ ഇയാൾ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു.

അറസ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞ 10 വർഷത്തോളം അഷ്റഫ് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു. പിന്നീട് വ്യാജ പേരിൽ പയ്യന്നൂരിൽ താമസം തുടങ്ങി. കഴിഞ്ഞ പത്ത് വർഷമായി ഇയാൾ ഇവിടെ ഒരു തട്ടുകട നടത്തി വരികയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പയ്യന്നൂരിൽ നിന്ന് ഇയാളെ പിടികൂടിയത്. 

അറസ്റ്റിന് ശേഷം പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 25 വർഷത്തിന് ശേഷമാണ് ഈ കൊലക്കേസിലെ പ്രധാന പ്രതി നിയമത്തിന്റെ മുന്നിൽ എത്തുന്നത്. പോലീസിന്റെ കർശനമായ അന്വേഷണവും സാങ്കേതിക സഹായവും കാരണമാണ് ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ സാധിച്ചതെന്ന് പോലീസ് അറിയിച്ചു.

ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ അറസ്റ്റെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375292/kannur-kathirur-murder-case-accused-arrested-after-25-years)