---
title: "'ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് ഡൽഹിയിൽ ഉള്ളത്, അവസരം കിട്ടിയാൽ വെടിവെച്ചു കൊല്ലും;  ടി.ജി മോഹൻദാസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു "
english_title: "TG Mohandas Case Registered Over Remarks Against Delhi Protesters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375254/tg-mohandas-case-delhi-protest-shoot-remarks"
published_at: "2026-07-29T10:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698690d06fd_tg-mohandas-case-delhi-protest-shoot-remarks.jpg"
keywords: ["TG Mohandas", "Delhi Protest", "Cyber Police", "Kerala", "Hate Speech", "FIR"]
---

# 'ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് ഡൽഹിയിൽ ഉള്ളത്, അവസരം കിട്ടിയാൽ വെടിവെച്ചു കൊല്ലും;  ടി.ജി മോഹൻദാസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു 

> **Lead Summary:** **തിരുവനന്തപുരം: **ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് യൂട്യൂബ് വീഡിയോയിലൂടെ പരസ്യമായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ എസ് എസ് അനുഭാവി ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കലാപാഹ്വനം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് യൂട്യൂബ് വീഡിയോയിലൂടെ പരസ്യമായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ എസ് എസ് അനുഭാവി ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കലാപാഹ്വനം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

പ്രക്ഷോഭകർ ക്രിമിനലുകളാണെന്നും അവർ അഴിഞ്ഞാടുകയാണെന്നുമാണ് മോഹൻദാസ് വീഡിയോയിൽ ആരോപിച്ചത്. പൊലീസിനെ പൂർണമായും പിൻവലിച്ച് പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുകൊടുത്താൽ അവിടെ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും ശവങ്ങൾ കുന്നുകൂടുമെന്നും അദ്ദേഹം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. സമരത്തിൽ പങ്കെടുത്തവരെയും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും വീഡിയോയിലുണ്ടായിരുന്നു.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്നും, കർഫ്യൂ പ്രഖ്യാപിച്ച് നാല് മണിക്കൂറിനുള്ളിൽ രംഗം ശാന്തമാക്കുമെന്നും ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കുമെന്നും മോഹൻദാസ് മറ്റൊരു വീഡിയോയിൽ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഈ വിവാദ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

തുടർന്ന് ടി.ജി. മോഹൻദാസിനെതിരെ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി നിർദേശം നൽകിയിരുന്നു. സൈബർ ഓപ്പറേഷൻസ് ഐ.ജി. പി. പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം നടന്നത്. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനുപുറമെ എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളും സംഭവത്തിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നു.

> ***"എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.***

> ***"ഡൽഹിയിൽ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ" എന്ന മറ്റൊരു വീഡിയോയിലെ പരാമർശവും വിവാദമായിട്ടുണ്ട്. ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375254/tg-mohandas-case-delhi-protest-shoot-remarks)