---
title: " ഇനി രക്ഷയില്ല, താഴിട്ട് പൂട്ടും...! വടകര എം.ഡി.എം.എ കേസിൽ കൂടുതൽ പേർക്ക് പങ്ക്? അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്"
english_title: "Vadakara MDMA Case: SIT to Take Teachers into Custody, Jijin Made Transactions Worth Over 1 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375246/vadakara-mdma-case-sit-custody-teachers-jijin-1-crore"
published_at: "2026-07-29T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a697fee241c8_vadakara-mdma-case-sit-custody-teachers-jijin-1-crore.jpg"
keywords: ["Vadakara MDMA", "BRC Teachers", "Kerala Drugs", "SIT Probe"]
---

#  ഇനി രക്ഷയില്ല, താഴിട്ട് പൂട്ടും...! വടകര എം.ഡി.എം.എ കേസിൽ കൂടുതൽ പേർക്ക് പങ്ക്? അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

> **Lead Summary:** **കോഴിക്കോട്: ** വടകര എം.ഡി.എം.എ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് ഈ നീക്കം. ചോദ്യം ചെയ്താൽ കൂടുതൽ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.

## Article Content

**കോഴിക്കോട്: ** വടകര എം.ഡി.എം.എ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് ഈ നീക്കം. ചോദ്യം ചെയ്താൽ കൂടുതൽ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.

വിദ്യാഭ്യാസ വകുപ്പിൽ ലഹരി സംഘങ്ങളുമായി ബന്ധമുള്ളവർ ഇനിയുമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ലഹരി കച്ചവടത്തിൽ അധ്യാപകരുടെ കൂട്ടാളിയായ ജിജിൻ കുര്യാക്കോസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ജിജിൻ ഒരു കോടി രൂപയിലധികം ഇടപാടുകൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം വടകര ബി.ആർ.സിയിലെ താത്കാലിക അധ്യാപിക നീഷ്മ (30)യെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. ലഹരി കേസിൽ പിടിയിലായതോടെ നീഷ്മയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. നേരത്തെ പേരാമ്പ്ര ബി.ആർ.സി അധ്യാപികമാരായ കീർത്തന (28), കാവ്യ (29) എന്നിവരും അറസ്റ്റിലായിരുന്നു. ഇതോടെ കേസിലെ അറസ്റ്റ് 4 ആയി.

കീർത്തനയെയും കാവ്യയെയും ചോദ്യം ചെയ്തപ്പോഴാണ് നീഷ്മയുടെ പേര് പുറത്തുവന്നത്. തുടർന്നാണ് നീഷ്മയിലേക്ക് അന്വേഷണം നീണ്ടത്. കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണം എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ലഹരി സംഘം ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

സഫ്വാന്‍ എന്നയാളെ എം.ഡി.എം.എയുമായി പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് ലഹരിപ്പണം എത്തിയതായി പൊലീസ് കണ്ടെത്തിയത്. പിന്നാലെ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ലഹരി വില്‍പനയിലൂടെ ലഭിച്ച പണം കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തിയത്. പണം കാവ്യയുടെ അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴി നിശ്ചിത ലൊക്കേഷനില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായിരുന്നു ലഹരി സംഘത്തിന്റെ രീതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375246/vadakara-mdma-case-sit-custody-teachers-jijin-1-crore)