---
title: "'മരണവിവരം അറിയിക്കാതെ മൃതദേഹം സംസ്കരിച്ചു, സുഹൃത്തായ യുവതിക്കും കൂട്ടാളിക്കും പങ്കുണ്ട്'; തമിഴ് നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം "
english_title: "Alappuzha Youth Found Dead in Tamil Nadu, Family Alleges Foul Play"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375243/alappuzha-vijith-death-tamilnadu-family-allegation"
published_at: "2026-07-29T09:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a697a9d4b103_alappuzha-vijith-death-tamilnadu-family-allegation.jpg"
keywords: ["Death Mystery", "Alappuzha News", "Tamil Nadu Vijith Death", "Kerala Police"]
---

# 'മരണവിവരം അറിയിക്കാതെ മൃതദേഹം സംസ്കരിച്ചു, സുഹൃത്തായ യുവതിക്കും കൂട്ടാളിക്കും പങ്കുണ്ട്'; തമിഴ് നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം 

> **Lead Summary:** ആലപ്പുഴ: തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആലപ്പുഴ കുമാരപുരം സ്വദേശി വിജിത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സുഹൃത്തായ യുവതിക്കും അവരുടെ കൂട്ടാളിക്കും മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

## Article Content

ആലപ്പുഴ: തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആലപ്പുഴ കുമാരപുരം സ്വദേശി വിജിത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സുഹൃത്തായ യുവതിക്കും അവരുടെ കൂട്ടാളിക്കും മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

മരണവിവരം ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതും സംശയം വർധിപ്പിക്കുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്ന് വിജിത്തിന്റെ സഹോദരൻ വിജീഷ് പറഞ്ഞു. 

കഴിഞ്ഞ ഡിസംബർ മുതലാണ് തമിഴ്നാട് കൃഷ്ണഗിരിയിലെ സ്വകാര്യ കമ്പനിയിൽ വെൽഡറായി ജോലി ചെയ്തിരുന്ന വിജിത്തിനെ കാണാതായത്. നിരവധി തവണ അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

തുടർന്ന് ഹരിപ്പാട് പോലീസിൽ കാണാതായതിന് പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജിത്ത് മരിച്ച വിവരം വീട്ടുകാർ അറിയുന്നത്.

വിജിത്തിന്റെ സുഹൃത്തായ കണ്ടല്ലൂർ സ്വദേശി ലേഖ, താൻ വിജിത്തിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടാണ് മൃതദേഹം ഏറ്റുവാങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ചെങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണനുമായി ചേർന്നാണ് ഇവർ ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചത്.

മുമ്പ് വിജിത്തുമായി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നുവെന്നും, അതിനെ തുടർന്ന് ഈ യുവതി വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നെന്നും വിജീഷ് പറഞ്ഞു. മരണത്തിൽ സംശയമുള്ളതിനാൽ ഹരിപ്പാട് പോലീസിൽ നൽകിയ പരാതി തമിഴ്നാട് റായക്കോട്ടെ പോലീസിന് കൈമാറിയതായി ഹരിപ്പാട് പോലീസ് അറിയിച്ചു.

മൃതദേഹം സംസ്കരിച്ച സാഹചര്യം, മരണകാരണം, സംഭവത്തിലെ മറ്റു സാഹചര്യങ്ങൾ എന്നിവയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

തമിഴ്നാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എക്സ്ഹൂം ചെയ്ത് പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നതായി വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375243/alappuzha-vijith-death-tamilnadu-family-allegation)