---
title: "സെൽഫിയെടുത്തത് തട്ടിപ്പ് മനസ്സിൽ കണ്ട്.... ജന്മനാ വൈകല്യമുള്ള കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടാൻ ശ്രമം; മുസ്ല്യാർക്കെതിരെ പരാതി"
english_title: "Alappuzha Man Poses as Musliyar, Uses Disabled Twins' Photo to Collect Money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375240/alappuzha-fraud-disabled-children-photo-money-collection-complaint"
published_at: "2026-07-29T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69778e20c4b_alappuzha-fraud-disabled-children-photo-money-collection-complaint.jpg"
keywords: ["Disabled Children", "Alappuzha Fraud", "Money Collection", "Kerala Crime", "Complaint"]
---

# സെൽഫിയെടുത്തത് തട്ടിപ്പ് മനസ്സിൽ കണ്ട്.... ജന്മനാ വൈകല്യമുള്ള കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടാൻ ശ്രമം; മുസ്ല്യാർക്കെതിരെ പരാതി

> **Lead Summary:** ആലപ്പുഴ: ജന്മനാ വൈകല്യമുള്ള ഇരട്ടക്കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ വടുതല സ്വദേശിയായ മുസ്ല്യാർക്കെതിരെ പരാതി. ആലപ്പുഴ വട്ടയാൽ വാർഡ് അരയൻപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ബാബു-നിസ ദമ്പതിമാരുടെ മക്കളുടെ ചിത്രമാണ് തട്ടിപ്പിന് ഉപയോഗിച്ചത്.

## Article Content

ആലപ്പുഴ: ജന്മനാ വൈകല്യമുള്ള ഇരട്ടക്കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ വടുതല സ്വദേശിയായ മുസ്ല്യാർക്കെതിരെ പരാതി. ആലപ്പുഴ വട്ടയാൽ വാർഡ് അരയൻപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ബാബു-നിസ ദമ്പതിമാരുടെ മക്കളുടെ ചിത്രമാണ് തട്ടിപ്പിന് ഉപയോഗിച്ചത്.

28 വയസ്സുള്ള തൻസീറിന്റെയും അസീലായുടെയും ചിത്രമാണ് പ്രതി ദുരുപയോഗം ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വടുതലയിലെ മുസ്ല്യാറാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടിലുണ്ടായിരുന്നത് കുട്ടികളുടെ മാതാവ് നിസയായിരുന്നു.

> പരിചയപ്പെട്ടതിന് പിന്നാലെ വീട്ടിൽ പ്രത്യേക പ്രാർഥന നടത്തി. തുടർന്ന് "ഭാര്യയെ കാണിക്കാനാണ്" എന്ന് പറഞ്ഞ് കുട്ടികളോടൊപ്പം സെൽഫി എടുത്തു. ഈ ഫോട്ടോയാണ് പിന്നീട് പണപ്പിരിവിന് ഉപയോഗിച്ചത്.

താൻ ഈ കുട്ടികളുടെ പിതാവാണെന്ന് പറഞ്ഞാണ് പ്രതി എസ്.എൻ. കവലയിൽ ബാബുവിന്റെ ബന്ധുവീട്ടിൽ പിരിവിനെത്തിയത്. എന്നാൽ ഫോട്ടോ കണ്ടപ്പോൾ തന്നെ കുട്ടികളെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുട്ടികളെ കുറിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

സംഭവമറിഞ്ഞ ഉടൻ കുട്ടികളുടെ പിതാവ് ബാബു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ജന്മനാ വൈകല്യമുള്ള കുട്ടികളുടെ അവസ്ഥ മുതലെടുത്തുള്ള ക്രൂരമായ തട്ടിപ്പാണിതെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിൽ മറ്റു വീടുകളിലും പിരിവ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തിൽ സിപിസി വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലും മറ്റും അപരിചിതർ ഫോട്ടോ ആവശ്യപ്പെട്ടാൽ നൽകാതെ ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375240/alappuzha-fraud-disabled-children-photo-money-collection-complaint)