---
title: "ജന്തർമന്തർ പ്രക്ഷോഭത്തിന്റെ പക: ഐഷിയെ കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം തുടര്‍ന്ന് പൊലീസ്; ഇന്നലെ രാത്രിയും മഫ്തിയില്‍ എത്തി"
english_title: "Delhi Police Attempts to Arrest SFI Leader Aishi Ghosh at AKG Bhavan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375228/delhi-police-aishi-ghosh-arrest-attempt-akg-bhavan"
published_at: "2026-07-29T08:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a696c5ecee47_delhi-police-aishi-ghosh-arrest-attempt-akg-bhavan.jpg"
keywords: ["Aishi Ghosh", "SFI", "Delhi Police", "AKG Bhavan", "Jantar Mantar Protest", "CPI(M)"]
---

# ജന്തർമന്തർ പ്രക്ഷോഭത്തിന്റെ പക: ഐഷിയെ കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം തുടര്‍ന്ന് പൊലീസ്; ഇന്നലെ രാത്രിയും മഫ്തിയില്‍ എത്തി

> **Lead Summary:** ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി-യുവജന പ്രക്ഷോഭത്തിൽ നേരിട്ട തോൽവിയുടെ പകവീട്ടാൻ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരെ ഡൽഹി പോലീസ് വേട്ടയാടൽ ശക്തമാക്കി. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പോലീസ് സംഘം സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തി ഐഷിയെ തെരഞ്ഞു.

## Article Content

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി-യുവജന പ്രക്ഷോഭത്തിൽ നേരിട്ട തോൽവിയുടെ പകവീട്ടാൻ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരെ ഡൽഹി പോലീസ് വേട്ടയാടൽ ശക്തമാക്കി. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പോലീസ് സംഘം സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തി ഐഷിയെ തെരഞ്ഞു.

രാത്രി ഏറെ വൈകിയാണ് യൂണിഫോമില്ലാത്ത പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിൽ എകെജി ഭവനിലെത്തിയത്. ഐഷി അവിടെ താമസിക്കുന്നുണ്ടോ എന്ന് സെക്യൂരിറ്റിയോട് ചോദിച്ചറിഞ്ഞാണ് പോലീസ് സംഘം അകത്തേക്ക് കയറാൻ ശ്രമിച്ചത്.

എന്നാൽ ഔദ്യോഗിക വാഹനങ്ങളോ യൂണിഫോമോ കൃത്യമായ വാറന്റോ ഇല്ലാതെ പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറാനുള്ള പോലീസിന്റെ നീക്കത്തെ സിപിഐ എം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് നിയമപരമായി നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഇതോടെ പോലീസ് സംഘത്തിന് പിന്തിരിയേണ്ടി വന്നു. വിവരമറിഞ്ഞ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളും പാർട്ടി പ്രവർത്തകരും എകെജി ഭവനിലേക്ക് ഒഴുകിയെത്തി. സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളും സ്ഥലത്തെത്തി.

2021ൽ ബംഗ ഭവനിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായ കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രിൽ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. മാസങ്ങൾ പിന്നിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ ഐഷിക്ക് ലഭിച്ചിരുന്നില്ല.

ഈ കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ ഡൽഹി പോലീസ് വാറന്റിന്റെ കാര്യം ഐഷിയെ അറിയിച്ചത്. കേസ് പരിഗണിക്കുന്ന ദിവസം ഹാജരാകുമെന്നും ജാമ്യമില്ലാ വാറന്റ് പിൻവലിക്കാൻ ഉടൻ അപേക്ഷ നൽകുമെന്നും ഐഷി പോലീസിന് മറുപടി നൽകി.

ഇതിനു പിന്നാലെയാണ് അറസ്റ്റിനുള്ള നീക്കം പോലീസ് നടത്തിയത്. ജന്തർമന്തറിലെ സമരത്തെ തുടർന്നുള്ള രാഷ്ട്രീയ പകയാണ് പോലീസിന്റെ ഈ നടപടിക്ക് പിന്നിലെന്നാണ് എസ്എഫ്ഐ-സിപിഐ എം നേതാക്കൾ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375228/delhi-police-aishi-ghosh-arrest-attempt-akg-bhavan)