---
title: "പാലേരി രമേശൻ്റെ സംസ്‌കാരം ഇന്ന് 11 മണിക്ക്; പതിനായിരങ്ങളുടെകണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി നായകൻ യാത്രയാകും"
english_title: "Paleri Rameshan Funeral Today at 11 AM in Madappally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375223/paleri-rameshan-funeral-today-madappally-uralungal"
published_at: "2026-07-29T07:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a695cbedec59_paleri-rameshan-funeral-today-madappally-uralungal.jpg"
keywords: ["Rameshan Paleri", "ULCCS Chairman", "Vatakara", "Funeral of Paleri Rameshan"]
---

# പാലേരി രമേശൻ്റെ സംസ്‌കാരം ഇന്ന് 11 മണിക്ക്; പതിനായിരങ്ങളുടെകണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി നായകൻ യാത്രയാകും

> **Lead Summary:** കോഴിക്കോട് : ഇന്നലെ അന്തരിച്ച പാലേരി രമേശൻ്റെ സംസ്‌കാരം ഇന്ന് പകൽ 11 മണിക്ക് മടപ്പള്ളിയിലെ വീട്ടുവളപ്പിൽ. പതിനായിരങ്ങളുടെകണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ജനനായകൻ യാത്രയാകും.

## Article Content

കോഴിക്കോട് : ഇന്നലെ അന്തരിച്ച പാലേരി രമേശൻ്റെ സംസ്‌കാരം ഇന്ന് പകൽ 11 മണിക്ക് മടപ്പള്ളിയിലെ വീട്ടുവളപ്പിൽ. പതിനായിരങ്ങളുടെകണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ജനനായകൻ യാത്രയാകും.

ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിന് ചിറകുകളേകിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊ സൈറ്റിയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്ത സഹകരണപ്രസ്ഥാനത്തിന്റെ അധികായൻ പാലേരി രമേശന് ഇന്നലെ കോഴിക്കോടിന്റെ മണ്ണിൽ ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു.

തൊഴിലാളികൾക്ക് വേണ്ടി തൊഴിലാളികളുടെ സഹകരണ പ്രസ്ഥാനത്തെ ആഗോളതലത്തിലെക്ക് ഉയർത്തിയ സഹകാരിയെ ഒരുനോക്കുകാനും അന്ത്യോപചാരമർപ്പിക്കാനും സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് ആളുകൾ ഒഴുകിയെത്തി.

**

പ്രതിസന്ധികളുടെ കടലുകൾ താണ്ടി അതിജീവനത്തിൻ്റെ കരുത്ത് നേടിയ പാവപ്പെട്ട കൂലിവേലക്കാരുടെ സംഘം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) ഇന്ന് രാജ്യത്തിന് അഭിമാനമായി ലോകത്തിൻ്റെ നെറുകയിൽ വളർന്ന് പന്തലിച്ച് നൂറ് വർഷം പിന്നിടുമ്പോൾ, വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് മൂന്ന് പതിറ്റാണ്ട് നേതൃത്വം നൽകിയ പാലേരി രമേശൻ എന്ന സൗമ്യമുഖൻ വിട പറയുമ്പോൾ, യോദ്ധാവിനെ നഷ്ടമായ പടക്കളത്തിൻ്റെ മൂകതയാണ് ഇവിടെ.

വാഗ്ഭടാനന്ദൻ്റെ സ്വപ്നം, രമേശൻ്റെ ദൗത്യം**

അധ്വാനം കൈമുതലായ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചയ്ക്കുവേണ്ടി വാഗ്ഭടാനന്ദൻ വിത്തുപാകിയ പ്രസ്ഥാനം, പാലേരി രമേശൻ്റെ സാരഥ്യത്തിൽ അണുവിട വ്യതിചലിക്കാതെ ആ ദൗത്യം തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടയിലാണ് അദ്ദേഹം രോഗബാധിതനായതും ആകസ്മികമായി വിടപറഞ്ഞതും.

ഇന്നത്തെ യു.എൽ.സി.സി.എസ് - അക്കങ്ങൾ പറയുന്ന കഥ

പതിനെട്ടായിരത്തോളം തൊഴിലാളികൾ. ഇതിൽ 1500-ഓളം എൻജിനീയർമാർ. നിർമാണരംഗത്ത് സമ്പൂർണ സ്വയംപര്യാപ്തത. നിലവിൽ ഒരേസമയം 4700 കോടി രൂപയുടെ 800-ഓളം പ്രവൃത്തികൾ. 2500 കോടി രൂപയുടെ വരുമാനം. ഐ.ടി., ടൂറിസം തുടങ്ങി വിവിധ മേഖലകളിലായി 15-ഓളം സ്ഥാപനങ്ങൾ.

**36 പൈസയിൽ തുടങ്ങിയ ചരിത്രം - 1926**

1926 ഫെബ്രുവരി 13-നാണ് ഊരാളുങ്കൽ കൂലിവേലക്കാരുടെ സംഘം രജിസ്റ്റർ ചെയ്യുന്നത്. മൂലധനം 36 പൈസ. വാഗ്ഭടാനന്ദൻ്റെ ശിഷ്യന്മാരായ 14 പേരായിരുന്നു പ്രൊമോട്ടിംഗ് കമ്മിറ്റി അംഗങ്ങൾ. ചാപ്പയിൽ കുഞ്ഞിക്ക് ഗുരുക്കളെ ആദ്യത്തെ പ്രസിഡൻ്റായി തിരഞ്ഞെടുത്തു. 1926 മേയ് മാസത്തിൽ സൊസൈറ്റിക്ക് ആദ്യ കരാർജോലി കിട്ടി. നിരത്തുകൾ നന്നാക്കലായിരുന്നു അത്. പ്രവൃത്തിക്ക് മുൻകൂർപണം വേണ്ടതിനാൽ മലബാർ ഡിസ്ട്രിക്ട് ബാങ്കിൽനിന്ന് 500 രൂപ വായ്പ വാങ്ങി.

പ്രവൃത്തി തൃപ്തികരമായി തന്നെ ചെയ്തു. നഷ്ടമുണ്ടായില്ലെന്ന് മാത്രമല്ല, ചെറിയ ലാഭവുമുണ്ടായി. പക്ഷേ, പ്രതീക്ഷിച്ചതുപോലെ പ്രവൃത്തി കിട്ടാതെ വന്നതോടെ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടു. ഇത് സംഘത്തിൻ്റെ രജിസ്ട്രേഷൻ റദ്ദുചെയ്യാവുന്ന ഘട്ടത്തിലേക്ക് വരെ എത്തി.

**പ്രതിസന്ധിയിൽ നിന്നുള്ള കുതിപ്പ് - 1948 മുതൽ**

1948-49 വർഷം സംഘം 2052 രൂപ ലാഭമുണ്ടാക്കി. തൊഴിലാളികളുടെ കൂലിയും 1948-ൽ വർധിപ്പിച്ചു. അപ്പോഴും സാമ്പത്തികഭദ്രത കൈവരിക്കാനായില്ലെങ്കിലും, ലാഭനഷ്ടക്കണക്കുകൾക്കപ്പുറം കുറേപേർക്ക് തൊഴിലും മെച്ചപ്പെട്ട ജീവിതവും പ്രദാനം ചെയ്ത് സൊസൈറ്റി മുന്നേറി. 1954-ലാണ് വടകര-നാദാപുരം റോഡിലേക്ക് ആസ്ഥാനം മാറുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ലഭിച്ച ആദ്യ കരാറിനെക്കുറിച്ച് 1928 ജനുവരി 22-ന് ചേർന്ന സംഘം പൊതുയോഗപ്രമേയത്തിൽ ഇങ്ങനെ പറയുന്നുണ്ട്:

> "സംഘം 1925-ൽ പ്രവർത്തനം തുടങ്ങിയെങ്കിലും 1926 മേയ് വരെയും യാതൊരു കരാർപ്രവൃത്തിയും കിട്ടിയിരുന്നില്ല. അതിനുശേഷം 925 രൂപയുടെ ഒരു പ്രവൃത്തി കിട്ടി. ഇത് തൃപ്തികരമായി ചെയ്തു. ചെറിയ ലാഭവുമുണ്ടായി. പരിചയം കൂടുന്നതോടുകൂടി സംഘത്തിന് അധികലാഭം ഉണ്ടാകുമെന്ന് ഞങ്ങൾ പൂർണമായി വിശ്വസിക്കുന്നു..."

36 പൈസ മൂലധനത്തേക്കാൾ ഈ ആത്മവിശ്വാസമായിരുന്നു സംഘത്തിൻ്റെ കരുത്ത്. 925 രൂപയുടെ കരാറിൽ തുടങ്ങിയ സംഘം ഇന്ന് എത്തിനിൽക്കുന്നത് 1700 കോടിയുടെ ദേശീയപാതാ നവീകരണ കരാറിലാണ്. യു.എൽ.സി.സി.എസ്. ഇതുവരെ ഏറ്റെടുത്തതിൽ ഏറ്റവും വലിയ തുകയ്ക്കുള്ള കരാറാണ് തലപ്പാടി-ചെങ്കള 39 കിലോമീറ്റർ ദേശീയപാതാ നവീകരണം.

**16 മാസത്തെ അത്ഭുതം - കോഴിക്കോട് ബൈപ്പാസ്**

> കോഴിക്കോട് ബൈപ്പാസ് പ്രവൃത്തിയുടെ നിർമാണ കാലാവധി 30 മാസമായിരുന്നു. കരാറിൽ അത് 24 മാസമാക്കി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സൊസൈറ്റി ചെയർമാൻ പാലേരി രമേശനോട് ചോദിച്ചു: "18 മാസം കൊണ്ട് പ്രവൃത്തി തീർക്കാമോ?" "16 മാസം കൊണ്ട് തീർക്കാം" എന്നായിരുന്നു മറുപടി. യു.എൽ.സി.സി.എസ്. തൊഴിലാളികൾ ആ വാക്ക് പാലിച്ചപ്പോൾ നിർമാണമേഖലയിൽ പിറന്നത് പുതുചരിത്രം. അനന്തമായി നീണ്ടുപോകുന്ന പ്രവൃത്തികൾക്കിടയിൽ രജതരേഖയായി ഈ സംഭവം മാറി.

**കേരളം മുഴുവൻ പടുത്തുയർത്തിയവർ**

കോഴിക്കോട് സിറ്റി റോഡ്, കരമന-കളിയിക്കാവിള റോഡ്, കോഴിക്കോട് ബൈപ്പാസ്, മലയോര ഹൈവേ, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, പാലാരിവട്ടം മേൽപ്പാലം, രാമനാട്ടുകര ഫ്ലൈ ഓവർ, കോരപ്പുഴ പാലം, വലിയഴീക്കൽ പാലം, തൊണ്ടയാട് മേൽപ്പാലം, ഗുരുവായൂർ കാർ പാർക്കിംഗ്, കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷൻ, കുന്നംകുളം ബസ് സ്റ്റാൻഡ്, എസ്.ഡി.എഫ്. സി.എസ്.ഇ.സെഡ്. കാക്കനാട്, കെ.എസ്.എഫ്.ഇ. ഹെഡ് ഓഫീസ്, എം.സി.സി., പൊന്നാനി ഫ്ലാറ്റ് പദ്ധതി തുടങ്ങിയവ പ്രധാനപ്പെട്ട പ്രവൃത്തികളിൽ ചിലത് മാത്രം.

**ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ**

> നിർമാണമേഖലയിൽ "ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ" ആണ് ഇന്ന് സൊസൈറ്റി. പ്രാഥമിക സർവേ മുതൽ നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യും. എല്ലാ മേഖലയിലും സ്വയംപര്യാപ്തം. മൂന്ന് ക്രഷർ യൂണിറ്റുകൾ, ആവശ്യമായ മണ്ണ് ശേഖരം, ഹോളോ ബ്രിക്സ് യൂണിറ്റ്, സ്കഫോൾഡിംഗ് യൂണിറ്റ്, ഫർണിച്ചർ ആൻഡ് ഫിക്സ്ചർ യൂണിറ്റ്, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് വർക്ക്ഷോപ്പ്, നിർമാണമേഖലയിലെ അത്യാധുനിക യന്ത്രങ്ങൾ തുടങ്ങിയവയെല്ലാമുണ്ട്. ഓരോ വിഭാഗത്തിലും വിദഗ്ധരായ എൻജിനീയർമാരും തൊഴിലാളികളുമുണ്ട്.

**നൈപുണ്യവും ഗവേഷണവും**

എല്ലാ തൊഴിലാളികൾക്കും പരിശീലനം നൽകി നൈപുണി വികസിപ്പിക്കുന്ന പദ്ധതി നിരന്തരം നടക്കുന്നു. മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ച് തൊഴിലാളികളെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. നിർമാണമേഖലയിൽ ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും അത് വേഗത്തിൽ നടപ്പാക്കാനും ഗവേഷണ വിഭാഗവുമുണ്ട്. മാറ്റർ ലാബാണ് മറ്റൊരു പ്രത്യേകത. നിർമാണസാമഗ്രികളുടെയും മറ്റും ഗുണനിലവാര പരിശോധന നടത്താനുള്ള സംവിധാനമാണിത്.

**തൊഴിലാളിയുടെ ജനാധിപത്യം**

തൊഴിലാളികൾ എങ്ങനെ ഒരു വൻകിട സ്ഥാപനത്തിൻ്റെ ഉടമയാകുന്നുവെന്നതിൻ്റെ നേർസാക്ഷ്യം യു.എൽ.സി.സി.എസിൽ കാണാം. തൊഴിലാളിയല്ലാത്തവർക്ക് സംഘത്തിൽ അംഗമാകാൻ കഴിയില്ല. ഭരണസമിതി അംഗങ്ങളും തൊഴിലാളികൾ തന്നെ. വർഷങ്ങളുടെ അനുഭവസമ്പത്തുള്ളവരാണ് ഡയറക്ടർമാരായി വരുന്നത്.

ഇവരെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കുന്നതും തുടർന്ന് ഭരണസമിതിയെ മുന്നോട്ടുനയിക്കുന്നതും തൊഴിലാളികൾ തന്നെ. ദിവസരേഖകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും തൊഴിലാളികൾ പരിശോധിച്ച് അംഗീകരിക്കുന്ന ജനാധിപത്യരീതിയാണ് സംഘത്തിൻ്റെ കരുത്ത്.

**ക്ഷേമത്തിൻ്റെ വസന്തം**

ക്രമക്കേടുകളെ പടിക്കുപുറത്തുനിർത്തുന്നതും ഇതിലൂടെയാണ്. ക്രമക്കേട് തടയാൻ ഇൻ്റേണൽ ഓഡിറ്റ് വിംഗും വിജിലൻസ് വിംഗും സൊസൈറ്റിക്കുണ്ട്. ലാഭമുണ്ടാക്കുക എന്നതിനുമപ്പുറം തൊഴിലാളികൾക്ക് തൊഴിൽ കിട്ടണമെന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം. ഇതിനാണ് കരാറുകൾ ഏറ്റെടുക്കുന്നത്. വേഗത്തിലും ഗുണനിലവാരത്തോടെയും പ്രവൃത്തി ചെയ്താൽ മാത്രമേ നാളെയും കരാർ കിട്ടൂ എന്ന ബോധത്തിന് അടിത്തറയിടുന്നത് തൊഴിലാളികൾ തന്നെ.

> ആദ്യവർഷങ്ങളിലെ പ്രതിസന്ധിഘട്ടത്തിൽ പോലും തൊഴിലാളികളെ കൈവിട്ടിരുന്നില്ല സംഘം. 1948-ൽ പരിഷ്കരിച്ച കൂലി കൊടുക്കാൻ പ്രയാസം നേരിട്ടപ്പോൾ പലചരക്കുകടകളിലും തുണിക്കടകളിലും തൊഴിലാളികൾക്ക് സാധനങ്ങൾ വാങ്ങാൻ "പത്ത്" സമ്പ്രദായം ഏർപ്പെടുത്തി. ആ കരുതലിന് ഇന്നും കുറവില്ല. ബോണസ്, ഇ.എസ്.ഐ., പി.എഫ്., ഗ്രാറ്റുവിറ്റി, പെൻഷൻ, ലൈഫ് ഇൻഷുറൻസ്, ഫാമിലി ഇൻഷുറൻസ്, ചികിത്സാസഹായം, വിവാഹസഹായധനം, വിദ്യാഭ്യാസസഹായം, വീടുവെക്കാൻ സഹായം, സ്കോളർഷിപ്പുകൾ തുടങ്ങി ക്ഷേമത്തിൻ്റെ വസന്തം കാണാം ഇവിടെ.

അപകടം സംഭവിച്ചാൽ മികച്ച ചികിത്സ തന്നെ ലഭ്യമാക്കും. 40 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പദ്ധതിയുണ്ട്. അതിഥിത്തൊഴിലാളികൾക്ക് പോലും ഈ ആനുകൂല്യം കിട്ടുന്നു. ആകെയുള്ള 15,000 തൊഴിലാളികളിൽ 20 ശതമാനം അതിഥിത്തൊഴിലാളികളാണ്. പക്ഷേ, സംഘത്തിൽ അംഗത്വമെടുക്കാൻ പലരും താത്പര്യം കാണിക്കാറില്ല. അച്ചടക്കം പരമപ്രധാനമായതുകൊണ്ടാണിത്. എങ്കിലും ചുരുക്കം അതിഥിത്തൊഴിലാളികൾ അംഗത്വമെടുത്ത് എല്ലാ ആനുകൂല്യങ്ങളും നേടുന്നുണ്ട്.

**പാലേരി കുടുംബത്തിൻ്റെ 80 വർഷം**

നൂറുവർഷത്തെ ചരിത്രത്തിൽ യു.എൽ.സി.സി.എസിൻ്റെ പ്രസിഡൻ്റുമാരായത് എട്ടുപേർ. 1925 മുതൽ 1931 വരെ ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കളായിരുന്നു പ്രസിഡൻ്റ്. 1931 മുതൽ 1949 വരെ പാലേരി ചന്തമ്മൻ പ്രസിഡൻ്റായി. 1951 വരെ പി.കെ. കുഞ്ഞാപ്പുവിനായിരുന്നു ദൗത്യം. തുടർന്ന് ഒരു വർഷം വി. ചെറുമൻ പ്രസിഡൻ്റായി. 1952 മുതൽ 1984 വരെ സൊസൈറ്റിയെ നയിച്ചത് പാലേരി കണാരൻ. 1984 മുതൽ 1992 വരെ കാട്ടിൽ ദാമുവും 1993 മുതൽ 1995 വരെ പി.കെ. ബാലകൃഷ്ണനും പ്രസിഡൻ്റായി.

ഇപ്പോഴത്തെ ചെയർമാൻ പാലേരി രമേശൻ ചുമതലയേറ്റത് 1995-ലാണ്. സൊസൈറ്റി നൂറാംവർഷത്തിലേക്ക് കടക്കുമ്പോൾ രമേശൻ നായകസ്ഥാനത്ത് 30 വർഷം പൂർത്തിയാക്കി. രണ്ടാമത്തെ പ്രസിഡൻ്റ് പാലേരി ചന്തമ്മൻ രമേശൻ്റെ മുത്തച്ഛനാണ്. 32 വർഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരൻ ഇദ്ദേഹത്തിൻ്റെ പിതാവും. 100 വർഷത്തിനിടയിൽ 80 വർഷവും സൊസൈറ്റിയെ നയിക്കാനുള്ള ഭാഗ്യം ഈ കുടുംബത്തിനുണ്ടായി.

**ദിവസവും വിലയിരുത്തുന്ന മാനേജ്മെൻ്റ്**

മറ്റ് സഹകരണ സംഘങ്ങൾ പോലെയല്ല യു.എൽ.സി.സി.എസിൻ്റെ പ്രവർത്തനം. മൊത്തം എത്ര പ്രവൃത്തിയുണ്ടോ അതിൻ്റെ ചുമതല വീതിച്ച് ഡയറക്ടർമാർക്ക് നൽകും. തൊഴിലിടങ്ങളിൽ എല്ലാ ദിവസവും അവലോകന യോഗം നടക്കും. ഡയറക്ടർമാർ പങ്കെടുക്കുന്ന പ്രതിവാര അവലോകനവുമുണ്ട്.

ഇതിനുപുറമേ ചെയർമാനും ഡയറക്ടർമാരും എല്ലാ ദിവസവും വൈകീട്ട് യോഗം ചേർന്ന് അന്നത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. മുമ്പ് ഓഫീസിൽ തന്നെ ഇത് നിർബന്ധമായിരുന്നെങ്കിലും ഇപ്പോൾ ഓൺലൈനായും യോഗം നടക്കും. ഈ മാനേജ്മെൻ്റ് സംവിധാനമാണ് സൊസൈറ്റിയുടെ കെട്ടുറപ്പ്.

**പ്രതിസന്ധിയിലും കരുതൽ**

> 1940 ജൂലായ് 18-ന് കൂടിയ യു.എൽ.സി.സി.എസ്. പൊതുയോഗത്തിലെ ഒരു തീരുമാനമിതാണ്: "1938-39 വർഷത്തെ ലാഭത്തിൽനിന്ന് നീക്കിവെച്ച 12 രൂപ 10 അണയും മുൻകൊല്ലത്തെ ലാഭത്തിൽനിന്ന് പൊതുനന്മ ഫണ്ടിലേക്ക് നീക്കിവെച്ച 21 രൂപ 10 അണയും കൂട്ടി ആകെ 34 രൂപ നാലണയിൽ നിന്ന് ഒരു കുട്ടിക്ക് ഒരു കൊല്ലത്തേക്കുള്ള ഫീസ് വകയായി 27 രൂപയും ബാക്കിയുള്ള സംഖ്യ രണ്ട് കുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ സമമായി ഭാഗിച്ചുകൊടുക്കാനും തീരുമാനിച്ചു."

പ്രതിസന്ധിയുടെ കാലത്തുപോലും മിച്ചംവെക്കുന്ന തുക സമൂഹത്തിൻ്റെ കണ്ണീരൊപ്പാൻ സംഘം മാറ്റിവെച്ചതിൻ്റെ നേർച്ചിത്രമാണിത്. ഉയർച്ചയുടെ പടവുകൾ കയറിയപ്പോൾ ആ സ്നേഹസ്പർശത്തിൻ്റെ വ്യാപ്തികൂടി. ദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്താൻ യു.എൽ.സി.സി.എസിന് ഒരു റെസ്ക്യൂ ഓപ്പറേഷൻ ടീമുണ്ട്. 2018-ലെ പ്രളയം, 2019-ലെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഓഖി, സുനാമി, എസ്.എം. സ്ട്രീറ്റ് തീപ്പിടിത്തം എന്നിവിടങ്ങളിലെല്ലാം ഈ ടീം മുന്നിൽ നിന്നു. കോവിഡ് കാലത്ത് തെരുവിൽ കഴിയുന്നവർക്ക് പോലും താങ്ങായി. ഇതരസംസ്ഥാന തൊഴിലാളികളെ ചേർത്തുപിടിച്ചു.

**സാമൂഹിക പ്രതിബദ്ധത - നായനാർ സദനം മുതൽ മടിത്തട്ട് വരെ**

സ്വാതന്ത്ര്യസമരസേനാനിയും സാമൂഹികപ്രവർത്തകനുമായ വി.ആർ. നായനാരുടെ നേതൃത്വത്തിൽ തുടങ്ങിയ സ്ഥാപനമായിരുന്നു നായനാർ ബാലികാസദൻ. അദ്ദേഹത്തിനുശേഷം സ്ഥാപനം നടത്തിയത് ഭാര്യ കയറാട്ട് മാധവിയമ്മ. സദനത്തിൻ്റെ തുടർനടത്തിപ്പ് യു.എൽ.സി.സി.എസിനെ ഏൽപ്പിക്കാൻ മാധവിയമ്മ തീരുമാനിച്ചു.

ആ ഘട്ടത്തിലാണ് ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനത്തിനും പുനരധിവാസത്തിനുമുള്ള ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടം യു.എൽ.സി.സി.എസിനോട് അഭിപ്രായം തേടിയത്. അന്നത്തെ കളക്ടർ എൻ. പ്രശാന്ത് ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ച നിർദേശം പരിഗണിച്ച് ഇങ്ങനെ തുടക്കംകുറിച്ച സ്ഥാപനമാണ് കോഴിക്കോട്ടെ യു.എൽ. കെയർ നായനാർ സദനം.

ഇന്ന് നൂറോളംപേർ ഇവിടെനിന്ന് പരിശീലനം നേടി വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നു. ഡൗൺ സിൻഡ്രോം ബാധിച്ച സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന മറ്റൊരു പദ്ധതിയാണ് ഡൗൺ സിൻഡ്രോം ട്രസ്റ്റുമായി സഹകരിച്ച് നടത്തുന്ന കോഴിക്കോട്ടെ യു.എൽ. കെയർ സർഗശേഷി.

> രാജ്യത്ത് തന്നെ ആദ്യമായാണ് ഈ ഒരു പദ്ധതി. നാദാപുരം റോഡിൽ ആത്മവിദ്യാ സംഘത്തിൻ്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന "മടിത്തട്ട്" മുതിർന്ന പൗരർക്കുള്ള പകൽ പരിപാലന കേന്ദ്രമാണ്. കോഴിക്കോട്ടും മടിത്തട്ടിന് ശാഖയുണ്ട്. 60 വയസ്സിനുമുകളിലുള്ളവർ എല്ലാ ദിവസവും രാവിലെ ഇവിടെയെത്തും. അവർക്കുള്ള ചികിത്സ, വിനോദം, ഭക്ഷണം, ഫിസിയോതെറാപ്പി, യോഗ, ബോധവത്കരണ ക്ലാസുകൾ, വായനാസൗകര്യം തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്. രണ്ടിടത്തും കൂടി നൂറോളംപേരുണ്ട്.

**ലോകം അംഗീകരിച്ച മാതൃക**

സഹകരണരംഗത്തെ രാജ്യാന്തര സംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൽ (ഐ.സി.എ.) അംഗത്വം ലഭിച്ച ഏക പ്രാഥമിക സഹകരണ സംഘം. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻ്റ് പ്രോഗ്രാം (യു.എൻ.ഡി.പി.) 2013-ൽ മാതൃകാ സഹകരണ സംഘമായി തിരഞ്ഞെടുത്തു. ആഗോളമാതൃക എന്ന നിലയിൽ സൊസൈറ്റിയുടെ പ്രവർത്തനത്തെ ഡോക്യുമെൻ്റ് ചെയ്ത് ലോകമെങ്ങും പ്രദർശിപ്പിക്കുന്നു.

വ്യവസായ-ഉപഭോക്തൃ സേവനമേഖലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവ് നേടിയ ലോകത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനം. നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത രാജ്യത്തെ സഹകരണ നവരത്നങ്ങളിൽ ഒന്ന്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ഉപദേശകസമിതിയിൽ അംഗം.

ഒന്നിലേറെ തവണ കേന്ദ്രസർക്കാരിന്റെ എൻ.സി.ഡി.സി. എക്സലൻസ് പുരസ്കാരം, രാജ്യത്തെ മികച്ച സഹകരണ സംഘത്തിനുള്ള ഒട്ടേറെ പുരസ്കാരങ്ങൾ, റോബർട്ട് ഓവൻ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങൾ. ദേശീയ നൈപുണിവികസന കൗൺസിൽ അക്രെഡിറ്റേഷൻ എല്ലാം അഭിമാന നേട്ടങ്ങളിൽ ചിലത് മാത്രമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375223/paleri-rameshan-funeral-today-madappally-uralungal)