---
title: "മുൻ മന്ത്രി കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു; അപകടം എംഎൽഎമാരുടെ താമസസ്ഥലത്ത്"
english_title: "Former UP Minister Nanak Ram Bhargava Dies After Falling From 7th Floor in Lucknow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375222/uttar-pradesh-former-minister-nanak-ram-bhargava-dies-lucknow-fall"
published_at: "2026-07-29T06:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a694b7a56a94_uttar-pradesh-former-minister-nanak-ram-bhargava-dies-lucknow-fall.jpg"
keywords: ["Nanak Ram Bhargava", "Uttar Pradesh News", "Former Minister", "Death News"]
---

# മുൻ മന്ത്രി കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു; അപകടം എംഎൽഎമാരുടെ താമസസ്ഥലത്ത്

> **Lead Summary:** ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ നാനക് റാം ഭുർജി ലക്നൗവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഹസ്രത്ഗഞ്ചിലെ യുപി എംഎൽഎമാർക്കായി നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്ന് നാനക് റാം വീണത്.

## Article Content

ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ നാനക് റാം ഭുർജി ലക്നൗവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഹസ്രത്ഗഞ്ചിലെ യുപി എംഎൽഎമാർക്കായി നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്ന് നാനക് റാം വീണത്.

കെട്ടിടത്തിന് മുകളിൽ നിന്ന് ഒരാൾ വീണതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ നാനക് റാമിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 2.35 ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

നാനക് റാമിന് ഈ കെട്ടിടത്തിൽ ഔദ്യോഗികമായി മുറി അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. എങ്ങനെ ഏഴാം നിലയിൽ എത്തി, എന്തിനാണ് അവിടെ പോയത് എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

പ്രാഥമിക അന്വേഷണത്തിൽ നാനക് റാം ഏറെ നാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എംഎൽഎമാരുടെ താമസസ്ഥലത്ത് പതിവായി എത്താറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതടക്കമുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

2006ലാണ് നാനക് റാം ഉത്തർപ്രദേശ് മന്ത്രിയായത്. ആദ്യം സമാജ്‌വാദി പാർട്ടിയിലുണ്ടായിരുന്ന അദ്ദേഹം പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. ബിജെപി ഒബിസി മോർച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാനക് റാമിന്റെ മരണത്തിൽ ബിജെപി നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375222/uttar-pradesh-former-minister-nanak-ram-bhargava-dies-lucknow-fall)