---
title: "നാടോടികളെ പഴിചാരി അഭിനയം; സ്വർണത്തിനായി ഏലിയമ്മ ടീച്ചറെ കൊന്നത് അയൽക്കാരി, പ്രതി കുറ്റക്കാരിയെന്ന് കോടതി"
english_title: "Alappuzha Chinnamma Teacher Murder Case: Neighbour Found Guilty After 15 Years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375217/alappuzha-chinnamma-teacher-murder-case-neighbour-guilty"
published_at: "2026-07-28T22:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68e76129a9e_alappuzha-chinnamma-teacher-murder-case-neighbour-guilty.jpg"
keywords: ["Alappuzha Murder", "Chinnamma Teacher", "Mararikulam", "Court Verdict"]
---

# നാടോടികളെ പഴിചാരി അഭിനയം; സ്വർണത്തിനായി ഏലിയമ്മ ടീച്ചറെ കൊന്നത് അയൽക്കാരി, പ്രതി കുറ്റക്കാരിയെന്ന് കോടതി

> **Lead Summary:** ആലപ്പുഴ: 15 വർഷം മുമ്പ് നാടിനെ നടുക്കിയ ആലപ്പുഴ മാരിക്കുളത്തെ 'ചിന്നമ്മ ടീച്ചർ' കൊലക്കേസിൽ അയൽവാസി കുറ്റക്കാരി. സ്വർണാഭരണങ്ങൾക്കായി ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.

## Article Content

ആലപ്പുഴ: 15 വർഷം മുമ്പ് നാടിനെ നടുക്കിയ ആലപ്പുഴ മാരിക്കുളത്തെ 'ചിന്നമ്മ ടീച്ചർ' കൊലക്കേസിൽ അയൽവാസി കുറ്റക്കാരി. സ്വർണാഭരണങ്ങൾക്കായി ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.

മാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെ(39) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബാണ് കുറ്റക്കാരിയായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ശിക്ഷാവിധി കേൾക്കുന്നതിനായി ബുധനാഴ്ച പ്രതിയെ വീണ്ടും ഹാജരാക്കാൻ കോടതി നിർദേശിച്ചു.

2010 ഓഗസ്റ്റ് 12 നായിരുന്നു സംഭവം. ഏലിയമ്മ ടീച്ചർ എന്ന ചിന്നമ്മ ടീച്ചറുടെ ഭർത്താവും നാല് മക്കളും അന്ന് വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി പോയ സമയം നോക്കിയാണ് പ്രതി വീട്ടിലെത്തിയത്.

അടുക്കളത്തിണ്ണയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ സ്നേഹപൂർവ്വം സംസാരിച്ച് വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ടീച്ചറുടെ മുഖത്ത് മുളകുപൊടി വിതറി പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടിയ ടീച്ചറുടെ ഇരുകൈത്തണ്ടകളും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിച്ചു.

കഴുത്തിലും കുത്തേറ്റ ടീച്ചർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.കൊലപാതകത്തിന് ശേഷം ടീച്ചർ ധരിച്ചിരുന്ന സ്വർണവളകളും മാലയും പ്രതി കവർന്നു. ഈ ആഭരണങ്ങൾ പണയം വെച്ച് കിട്ടിയ പണം ഉപയോഗിച്ച് പ്രതി മോതിരവും പുതിയ വസ്ത്രങ്ങളും വാങ്ങി. പോലീസിനെ വഴിതെറ്റിക്കാൻ തമിഴ് നാടോടികളാണ് കൊല നടത്തിയതെന്ന് നാട്ടിൽ പ്രചരിപ്പിക്കാനും പ്രതി ശ്രമിച്ചു.

വീട്ടുജോലിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് എസ്.ഐ വി.കെ. കൃഷ്ണൻ നായരാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് പൊലീസ് ഇൻസ്പെക്ടർ കെ.എ. തോമസ് അന്വേഷണം നടത്തി 2010 സെപ്റ്റംബർ ആറിന് പ്രതിയെ അറസ്റ്റ് ചെയ്തു.

ടീച്ചറുടെ ആഭരണങ്ങൾ തൊണ്ടിമുതലായി കണ്ടെത്തി.പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സിബിസിഐഡി ഇൻസ്പെക്ടർ എ. നസീറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണയിൽ എഴുപതോളം സാക്ഷികളെയും നിരവധി ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി. ഗീത, എൻ.ബി. ഷാരി എന്നിവർ ഹാജരായി. സിപിഒമാരായ അമൽ സി, ലിജുമോൻ, ജിഎസ്ഐ ജോസഫ് എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.ദീർഘമായ വിചാരണയ്ക്ക് ശേഷമാണ് പ്രതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375217/alappuzha-chinnamma-teacher-murder-case-neighbour-guilty)