---
title: "സൗഹൃദങ്ങൾ ജീവനെടുത്തു...! സഹോദരിയുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിൽ പ്രകോപനം; യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്"
english_title: "Rajkot Murder: 23-Year-Old Man Beaten to Death Over Instagram Messages"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375216/rajkot-murder-instagram-messages-23-year-old-beaten-to-death"
published_at: "2026-07-28T22:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68e3573ace5_rajkot-murder-instagram-messages-23-year-old-beaten-to-death.jpg"
keywords: ["Social Media Dispute", "Gujarat Crime", "Rajkot Murder", "Police Arrest"]
---

# സൗഹൃദങ്ങൾ ജീവനെടുത്തു...! സഹോദരിയുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിൽ പ്രകോപനം; യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

> **Lead Summary:** രാജ്കോട്ട്: സോഷ്യൽ മീഡിയ സന്ദേശത്തെച്ചൊല്ലിയ തർക്കത്തിൽ സുഹൃത്തും കൂട്ടാളികളും ചേർന്ന് 23 കാരനായ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിലാണ് ഞെട്ടിക്കുന്ന സംഭവം.

## Article Content

രാജ്കോട്ട്: സോഷ്യൽ മീഡിയ സന്ദേശത്തെച്ചൊല്ലിയ തർക്കത്തിൽ സുഹൃത്തും കൂട്ടാളികളും ചേർന്ന് 23 കാരനായ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിലാണ് ഞെട്ടിക്കുന്ന സംഭവം.

രാജ്കോട്ടിലെ റുഖാഡിയ ഫാടക സ്വദേശി ഉമംഗ് ജഖേലിയയാണ് മരിച്ചത്. പെയിന്ററായി ജോലി ചെയ്തിരുന്ന ഉമംഗിനെ സുഹൃത്തായ നസീറും മറ്റ് രണ്ട് പേരും ചേർന്നാണ് കൊലപ്പെടുത്തിയത്.

പരാതി പ്രകാരം ചായ കുടിക്കാൻ പോകാമെന്ന് പറഞ്ഞാണ് നസീറും കൂട്ടാളിയും ഉമംഗിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. പഴയ റെയിൽവേ സ്റ്റേഷന് സമീപമുള്ള വിജനമായ സ്ഥലത്തെത്തിച്ച ശേഷമാണ് ക്രൂരമായ ആക്രമണം നടന്നത്.

വടികളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് സംഘം ഉമംഗിനെ മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അവിടെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ വിവരത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉമംഗിന്റെ ജീവൻ രക്ഷിക്കാനായില്ല.

ശരീരത്തിൽ മർദനത്തിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ നസീറിന്റെ സഹോദരിയുമായി ഉമംഗ് ഇൻസ്റ്റഗ്രാം വഴി ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി.

ഇതിൽ പ്രകോപിതനായ നസീർ കൂട്ടാളികളുമായി ചേർന്ന് ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് നസീർ, അസീഫ് കക്കൽ, സുജൽ രാമാവത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ ഒരു പ്രായപൂർത്തിയാകാത്ത ആളും പങ്കാളിയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ ആരംഭിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണം തുടരുകയാണെന്ന് രാജ്കോട്ട് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375216/rajkot-murder-instagram-messages-23-year-old-beaten-to-death)