---
title: "വടകര ലഹരികേസ്; ഒരു കോടിയുടെ പണമിടപാട് നടത്തിയ ഡെലിവറി ബോയിയും അറസ്റ്റിൽ, പിടിയിലായത് ഇരിട്ടി സ്വദേശി യുവാവ് "
english_title: "Vadakara MDMA Case: Delivery Boy Jijin Arrested, 1 Crore Transactions Linked to Drug Racket"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375204/vadakara-mdma-case-delivery-boy-jijin-arrested-1-crore-transaction"
published_at: "2026-07-28T20:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68c54beae1f_vadakara-mdma-case-delivery-boy-jijin-arrested-1-crore-transaction.jpg"
keywords: ["Vadakara MDMA", "Teacher Arrest", "Delivery Boy Arrest", "Operation Thoofan", "Kozhikode Drugs", "Perambra BRC"]
---

# വടകര ലഹരികേസ്; ഒരു കോടിയുടെ പണമിടപാട് നടത്തിയ ഡെലിവറി ബോയിയും അറസ്റ്റിൽ, പിടിയിലായത് ഇരിട്ടി സ്വദേശി യുവാവ് 

> **Lead Summary:** വടകര (കോഴിക്കോട് ): വടകരയിലെ എംഡിഎംഎ ലഹരി സംഘങ്ങൾക്കായി ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയോളം രൂപയുടെ പണമിടപാട് നടത്തിയ കേസിൽ ഡെലിവറി ബോയിയും അറസ്റ്റിൽ. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് പ്രത്യേക അന്വേഷക സംഘം എസ്‌ഐടിയുടെ പിടിയിലായത്.

## Article Content

വടകര (കോഴിക്കോട് ): വടകരയിലെ എംഡിഎംഎ ലഹരി സംഘങ്ങൾക്കായി ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയോളം രൂപയുടെ പണമിടപാട് നടത്തിയ കേസിൽ ഡെലിവറി ബോയിയും അറസ്റ്റിൽ. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് പ്രത്യേക അന്വേഷക സംഘം എസ്‌ഐടിയുടെ പിടിയിലായത്.

ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതിന്റെ മറവിലാണ് ജിജിൻ ലഹരി ഇടപാടുകളും നടത്തിയിരുന്നത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഇതോടെ വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപികമാരാണ് നേരത്തെ പിടിയിലായത്.

പണമിടപാട് കേസിൽ നേരത്തെ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മൽ കെ സി കീർത്തന (28) എന്നിവരുടെ സുഹൃത്തായ പേരാമ്പ്ര ബിആർസിയിലെ ട്രെയ്നറായ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30) പിടിയിലായത്. ചൊവ്വാഴ്ചയാണ് നീഷ്മയെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്.

മൂന്ന് അധ്യാപികമാരും മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്നും എംഡിഎംഎ ഉപയോഗിക്കുന്നവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വടകര ഇൻസ്പെക്ടർ എ വി ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതികളെ ഉപയോഗിച്ച് ലഹരി ഇടപാട് നടത്തുന്ന സംഘങ്ങളിലേക്കാണ് ഇപ്പോൾ അന്വേഷണം വ്യാപിപ്പിക്കുന്നത്.

വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനാണ് കേസിൽ ആദ്യം പിടിയിലായത്. പിടിയിലായ അധ്യാപികമാർക്ക് ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ലഹരിസംഘത്തിലെ മുഖ്യ പ്രതി വലയിലായതായ സൂചനയും പോലീസ് നൽകുന്നുണ്ട്.

ലഹരി പണം വെളുപ്പിക്കൽ, മറ്റ് സംസ്ഥാനങ്ങളിലെ കണ്ണികൾ എന്നീ കോണുകളിലും അന്വേഷണം തുടരുകയാണ്. അധ്യാപകർ ഉൾപ്പെടെയുള്ളവർ ലഹരി കച്ചവടത്തിൽ ഏർപ്പെട്ട സംഭവം വലിയ ആശങ്കയാണ് നാട്ടിൽ സൃഷ്ടിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375204/vadakara-mdma-case-delivery-boy-jijin-arrested-1-crore-transaction)