---
title: "'വിദ്യാർഥികളെ അടിച്ചമർത്തി, പരീക്ഷാ മാഫിയയെ സംരക്ഷിക്കുന്നു': നീറ്റ് ചോർച്ചയിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി"
english_title: "Priyanka Gandhi Slams Centre Over NEET Paper Leak and Student Crackdown"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375202/priyanka-gandhi-slams-centre-neet-paper-leak-parliament-debate"
published_at: "2026-07-28T20:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68beca70dde_priyanka-gandhi-slams-centre-neet-paper-leak-parliament-debate.jpg"
keywords: ["Priyanka Gandhi", "NEET Paper Leak", "NTA", "Student Protest", "Parliament", "Congress"]
---

# 'വിദ്യാർഥികളെ അടിച്ചമർത്തി, പരീക്ഷാ മാഫിയയെ സംരക്ഷിക്കുന്നു': നീറ്റ് ചോർച്ചയിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

> **Lead Summary:** ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ചയുടെയും വിദ്യാർഥി സമരങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിന്റെയും പേരിൽ കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്ത്.

## Article Content

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ചയുടെയും വിദ്യാർഥി സമരങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിന്റെയും പേരിൽ കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്ത്.

പരീക്ഷാ പേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിലാണ് പ്രിയങ്ക കേന്ദ്രത്തെ ലക്ഷ്യം വെച്ചത്. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അടിച്ചമർത്തിയ സർക്കാർ നടപടിയെ പ്രിയങ്ക ചോദ്യം ചെയ്തു.

> "രാജ്യത്തെ യുവാക്കൾക്കുനേരെ പെല്ലറ്റ് ഗണ്ണുകളും എ.കെ. 47 തോക്കുകളും പ്രയോഗിക്കേണ്ട സാഹചര്യം എന്തായിരുന്നു? പ്രതിഷേധിക്കുന്ന വിദ്യാർഥികൾ എന്താ തീവ്രവാദികളാണോ? അവർക്കെതിരെ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിക്കാൻ ഉത്തരവിട്ടത് പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ എന്ന് വ്യക്തമാക്കണം" എന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

> സമാധാനപരമായി വേദന പ്രകടിപ്പിച്ച യുവാക്കൾക്ക് നീതിയും ബഹുമാനവുമാണ് നൽകേണ്ടതെന്നും, പകരം നിരപരാധികളായ വിദ്യാർഥികളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി. "ഇന്ത്യൻ യുവത്വത്തെ നരേന്ദ്ര മോദിയും അമിത് ഷായും എന്തിന് ഭയപ്പെടുന്നു" എന്നും പ്രിയങ്ക ചോദിച്ചു.

രാജ്യത്തെ പരീക്ഷാ സംവിധാനം പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 152 തവണ ചോദ്യ പേപ്പർ ചോർന്നു. 7.5 കോടി വിദ്യാർഥികളെയാണ് അത് ബാധിച്ചത്.

ഇത്രയൊക്കെ സംഭവിച്ചിട്ടും പരീക്ഷാ മാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞില്ല. വിദ്യാർഥികളെ സർക്കാർ വഞ്ചിക്കുകയാണെന്നും അവർ പറഞ്ഞു. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിയമനം നീതിക്കായി കാത്തിരിക്കുന്ന രാജ്യത്തെ പെൺകുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ബിൽക്കിസ് ബാനു കേസിൽ പ്രള്‍ഹാദ് ജോഷി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആരോപണം.

പ്രിയങ്കയുടെ ആരോപണങ്ങളെ ഭരണപക്ഷം ശക്തമായി എതിർത്തു. വിദ്യാഭ്യാസ മന്ത്രിയുടെ അന്തസിന് കളങ്കമുണ്ടാക്കിയെന്ന് പറഞ്ഞ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രിയങ്ക മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷിയും പറഞ്ഞു. എന്തെങ്കിലും പറയുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും കള്ളം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ആരോപണങ്ങൾക്ക് വീഡിയോ ഉൾപ്പെടെ തെളിവുകളുണ്ടെന്നും സഭയിൽ ഹാജരാക്കാൻ തയ്യാറാണെന്നും പ്രിയങ്ക മറുപടി നൽകി. ഒടുവിൽ ഭരണപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കെതിരായ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി.

സ്ഥാപനങ്ങളിൽ ആർഎസ്എസ് നേതാക്കളെ തിരുകിക്കയറ്റി വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുകയാണെന്നും, എൻടിഎ സ്ഥാപിച്ചതും പരീക്ഷാ സംവിധാനം കേന്ദ്രീകരിച്ചതും കാര്യങ്ങൾ സങ്കീർണമാക്കിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

> വിദ്യാർഥികൾ പ്രതിഷേധിക്കുമ്പോൾ പ്രധാനമന്ത്രിയുടെ അർധരാത്രിയുള്ള ഇൻസ്റ്റഗ്രാം റീലുകൾക്ക് ഒരു പ്രയോജനവുമില്ല. "ക്യാമറയുടെ ആംഗിൾ അല്ല, ഹൃദയത്തിന്റെ ആംഗിളാണ് പ്രധാനമന്ത്രി മാറ്റേണ്ടത്" എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375202/priyanka-gandhi-slams-centre-neet-paper-leak-parliament-debate)