---
title: "മൊബൈല്‍ ഫോണ്‍ വിളിച്ച് വാഹനമോടിച്ച സംഭവം; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പൊലീസ്, ഡ്രൈവര്‍ ഒളിവില്‍"
english_title: "Malappuram Bus Driver Caught Using Mobile Phone While Driving on NH"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375201/malappuram-bus-driver-mobile-phone-nh-kuttippuram-shastha-bus"
published_at: "2026-07-28T19:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68bca71ad59_malappuram-bus-driver-mobile-phone-nh-kuttippuram-shastha-bus.jpg"
keywords: ["Using Mobile Phone Driving", "Motor Vehicle Department", "Kerala Police", "Road Safety", "Malappuram News"]
---

# മൊബൈല്‍ ഫോണ്‍ വിളിച്ച് വാഹനമോടിച്ച സംഭവം; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പൊലീസ്, ഡ്രൈവര്‍ ഒളിവില്‍

> **Lead Summary:** മലപ്പുറം: ദേശീയപാതയിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് കര്‍ശന നടപടി. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ ഓടുന്ന ശാസ്താ ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

മലപ്പുറം: ദേശീയപാതയിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് കര്‍ശന നടപടി. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ ഓടുന്ന ശാസ്താ ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ദേശീയപാതയിലൂടെ ഫോണ്‍ ഉപയോഗിച്ച് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെയാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംഭവത്തില്‍ ഇടപെട്ടത്.

കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് കാറിന് മുകളിലേക്ക് ബസ് മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെ വെച്ചായിരുന്നു നിയമലംഘനം നടന്നത്. ശാസ്താ ബസിലെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവന്‍ പോലും വകവയ്ക്കാതെ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചത്.

പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ ഇയാള്‍ എത്തിയിട്ടില്ല. നിലവില്‍ ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് കുറ്റിപ്പുറം പൊലീസ്.

നിയമലംഘനം ഗുരുതരമായി കണ്ട മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചു. ദേശീയപാത പോലെയുള്ള തിരക്കേറിയ റൂട്ടില്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നത് വലിയ അപകടത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് പലതവണ അധികൃതര്‍ നല്‍കിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് യാത്രക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പൊതുഗതാഗത വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375201/malappuram-bus-driver-mobile-phone-nh-kuttippuram-shastha-bus)