---
title: "'അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം; സ്ഥാനാർഥികൾക്ക് ചെലവ് നൽകിയത് പാർട്ടി, ഒരു രൂപ പോലും മുടക്കിയിട്ടില്ല' - സാബു ജേക്കബ് "
english_title: "Sabu M Jacob Rejects Akhil Marar Allegations Against Twenty20 Party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375194/sabu-jacob-rejects-akhil-marar-allegations-twenty20-party"
published_at: "2026-07-28T18:41:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68aaf86504d_sabu-jacob-rejects-akhil-marar-allegations-twenty20-party.jpg"
keywords: ["Sabu M Jacob", "Akhil Marar", "Twenty20 Party", "Kerala Election", "Kerala Politics"]
---

# 'അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം; സ്ഥാനാർഥികൾക്ക് ചെലവ് നൽകിയത് പാർട്ടി, ഒരു രൂപ പോലും മുടക്കിയിട്ടില്ല' - സാബു ജേക്കബ് 

> **Lead Summary:** കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവിധായകൻ അഖിൽ മാരാർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ട്വന്റി ട്വന്റി പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് തള്ളി. അഖിലിന്റെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധമാണെന്ന് സാബു ജേക്കബ് വ്യക്തമാക്കി.

## Article Content

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവിധായകൻ അഖിൽ മാരാർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ട്വന്റി ട്വന്റി പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് തള്ളി. അഖിലിന്റെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധമാണെന്ന് സാബു ജേക്കബ് വ്യക്തമാക്കി.

2015 മുതൽ പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുഴുവൻ സ്ഥാനാർഥികളുടെയും സമ്പൂർണ ചെലവുകളും പാർട്ടിയാണ് വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ച 19 സ്ഥാനാർഥികളുടെയും മുഴുവൻ ചെലവുകളും പാർട്ടി തന്നെ വഹിച്ചു.

ഒരു രൂപ പോലും സ്വന്തം നിലയ്ക്ക് സ്ഥാനാർഥികൾ മുടക്കേണ്ടി വന്നിട്ടില്ലെന്നും സാബു ജേക്കബ് പ്രസ്താവനയിൽ അറിയിച്ചു.

കൊട്ടാരക്കര സീറ്റിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചാണ് അഖിൽ മാരാർ പാർട്ടിയിലേക്ക് വന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ചില പ്രത്യേക സാഹചര്യങ്ങളിൽ ആ സീറ്റ് ലഭിക്കാതെ പോയി. അതിന് പകരമായാണ് അഖിലിന് തൃക്കാക്കര സീറ്റ് പാർട്ടി നൽകിയത്.

> "തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കാൻ അഖിലിന് താൽപ്പര്യമില്ലായിരുന്നുവെങ്കിൽ മത്സരിക്കേണ്ടിയിരുന്നില്ല. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് പറ്റിയ ഒരു പ്രസ്ഥാനമല്ല ട്വന്റി ട്വന്റി" എന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.

തൃക്കാക്കരയിൽ സ്ഥാനാർഥിയായിരുന്നു എന്നതിനപ്പുറം അഖിൽ പാർട്ടിയുടെ ബൂത്ത് മുതൽ സംസ്ഥാനം വരെയുള്ള ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടനാ സ്വാതന്ത്ര്യം ഇല്ലെന്ന് ആരോപിച്ചായിരുന്നു ട്വന്റി ട്വന്റി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അഖിൽ മാരാർ പ്രഖ്യാപിച്ചത്. പാർട്ടിക്കും സാബു എം. ജേക്കബിനുമെതിരെ അദ്ദേഹം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് ബിജെപി നൽകിയ പണം സാബു ജേക്കബ് സ്ഥാനാർഥികൾക്ക് നൽകിയില്ല എന്നതായിരുന്നു പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി നേതൃത്വം നൽകിയ 40 കോടിയോളം രൂപ സാബു ജേക്കബ് ഒറ്റയ്ക്കെടുത്തെന്നും അഖിൽ ആരോപിച്ചു.

സീറ്റ് വാഗ്ദാനം മുതൽ തന്നോട് അനീതി കാട്ടുകയായിരുന്നുവെന്നും സ്വതന്ത്രനായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. ട്വന്റി ട്വന്റിയും അഖിൽ മാരും തമ്മിലുള്ള പോര് രൂക്ഷമാകുന്ന സാഹചര്യത്തിൽ സാബു ജേക്കബിന്റെ വിശദീകരണം രാഷ്ട്രീയമായി ശ്രദ്ധേയമാവുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375194/sabu-jacob-rejects-akhil-marar-allegations-twenty20-party)