---
title: "കുഞ്ഞുങ്ങൾക്ക് അറിവ് പകരേണ്ട അധ്യാപികമാർ മയക്കുമരുന്ന് ലോബിയിൽ...! വടകരയിലെ ലഹരിവേട്ടയിൽ കേരളം ഞെട്ടി, ലഹരി വലയത്തിൽ കുട്ടികളും പെട്ടിട്ടുണ്ടോ എന്ന് ആശങ്ക ...?"
english_title: "3 Women Teachers Arrested in Kozhikode MDMA Drug Racket"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375193/kozhikode-vadakara-teachers-mdma-drug-racket-arrested"
published_at: "2026-07-28T18:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68a63ee469b_kozhikode-vadakara-teachers-mdma-drug-racket-arrested.jpg"
keywords: ["Vadakara MDMA", "Teacher Arrest", "Operation Thoofan", "Kozhikode Drugs", "Perambra BRC"]
---

# കുഞ്ഞുങ്ങൾക്ക് അറിവ് പകരേണ്ട അധ്യാപികമാർ മയക്കുമരുന്ന് ലോബിയിൽ...! വടകരയിലെ ലഹരിവേട്ടയിൽ കേരളം ഞെട്ടി, ലഹരി വലയത്തിൽ കുട്ടികളും പെട്ടിട്ടുണ്ടോ എന്ന് ആശങ്ക ...?

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നടന്ന പോലീസിന്റെ ലഹരിവേട്ടയുടെ വാർത്ത കേട്ട് കേരളം ഒന്നാകെയാണ് ഞെട്ടിയിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് അറിവ് പകരേണ്ടവർ മയക്കുമരുന്ന് ലോബിയുടെ പിടിയിൽ.

## Article Content

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നടന്ന പോലീസിന്റെ ലഹരിവേട്ടയുടെ വാർത്ത കേട്ട് കേരളം ഒന്നാകെയാണ് ഞെട്ടിയിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് അറിവ് പകരേണ്ടവർ മയക്കുമരുന്ന് ലോബിയുടെ പിടിയിൽ.

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സംഘം ലഹരി വിൽപ്പനയുടെ പുതുവഴിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഒരാളിൽ നിന്ന് രണ്ടുപേരിലേക്കും രണ്ടിൽ നിന്ന് മൂന്നാമത്തെ അധ്യപികയെ കൂടി പിടികൂടാനായത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്ന നിഗമനത്തിലേക്കാണ് പോലീസും എത്തിയിരിക്കുന്നത്.

ലഹരിമാഫിയാ കണ്ണിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി പേരാമ്പ്ര ബിആർസിയിലെ മൂന്നാമത്തെ അധ്യാപികയും പിടിയിലായതോടെ നാട്ടുകാരും ആശങ്കയിലായിരിക്കുകയാണ്. അധ്യാപികമാർ ആയതിനാൽ ഇവർ കുട്ടികളെ എതെങ്കിലും തരത്തിൽ ലഹരി സംഘങ്ങളുടെ ഭാഗമാക്കിയിട്ടുണ്ടോ എന്നാണ് പോലീസും സംശയിക്കുന്നത്.

മാസങ്ങൾക്ക് മുമ്പ് വടകര ആവിക്കൽ സ്വദേശി സഫ്വാനെ 2 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം തുടങ്ങുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പേരാമ്പ്ര ബിആർസിയിലെ അധ്യാപികയിലേക്കുള്ള കണ്ണി പോലീസിന് ലഭിച്ചത്.

ജൂലൈ 12-ന് മരുതോങ്കര സ്വദേശിയും 31 കാരിയുമായ കീർത്തനയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ലഹരി ആവശ്യക്കാരിൽ നിന്നുള്ള പണം എത്തുന്നതെന്ന് പോലീസ് കണ്ടെത്തി. കീർത്തനയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂരാച്ചുണ്ട് സ്വദേശിയായ മറ്റൊരു അധ്യാപിക കാവ്യയിലേക്ക് എത്തി.

ചൊവ്വാഴ്ച കാവ്യയെ അറസ്റ്റ് രേഖപ്പെടുത്തി. കാവ്യയുടെ അക്കൗണ്ട് വഴിയും വൻതുകയുടെ ഇടപാടുകൾ നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബുധനാഴ്ച ഇതേ ബിആർസിയിലെ ആവള സ്വദേശി നീഷ്മയും അറസ്റ്റിലായി. ഇതോടെയാണ് ഒരേ സ്ഥാപനത്തിലെ 3 അധ്യാപികമാർ സംഘത്തിൽ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

**പോലീസ് പറയുന്നത് ഇങ്ങനെ:** മൂന്ന് പേരും ഇൻസ്റ്റഗ്രാം വഴിയാണ് ലഹരി മാഫിയയുമായി ബന്ധപ്പെട്ടത്. തുടക്കത്തിൽ സ്വന്തം ഉപയോഗത്തിന് എംഡിഎംഎ വാങ്ങി. പിന്നീട് പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള വഴിയായി ഇത് വിൽപ്പനയിലേക്ക് മാറി. പ്രവർത്തന രീതി വളരെ കൃത്യമായിരുന്നു.

ആവശ്യക്കാരിൽ നിന്ന് പണം അക്കൗണ്ട് വഴി വാങ്ങും. പിന്നീട് ലഹരി കൈമാറാനുള്ള ലൊക്കേഷൻ അയച്ചുകൊടുക്കും. ആ സ്ഥലത്തെത്തുന്ന വിൽപ്പനക്കാർ ലഹരി കൈമാറും. ഈ ഇടപാടിന് ഓരോ തവണയും കമ്മിഷൻ ലഭിക്കും.

50,000 രൂപയുടെ ഇടപാടിന് 3000 രൂപയാണ് കമ്മിഷൻ എന്നാണ് മൊഴി. എന്നാൽ ഇത് പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. അക്കൗണ്ടിലേക്ക് വന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ഉപയോഗിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലെ ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യമായി എംഡിഎംഎ ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി.

അധ്യാപികമാർ ആയതിനാൽ ഇവരിൽ സംശയം തോന്നില്ല എന്നതാണ് ലഹരി മാഫിയ ഇവരെ ഉപയോഗപ്പെടുത്തിയ പ്രധാന കാരണം. ഈ സാഹചര്യത്തിൽ ഇവർ കുട്ടികളെ ഏതെങ്കിലും തരത്തിൽ ലഹരി സംഘങ്ങളുടെ ഭാഗമാക്കിയിട്ടുണ്ടോ എന്ന കോണിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

നാട്ടുകാർ ഇക്കാര്യത്തിൽ കടുത്ത ആശങ്കയിലാണ്. മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണെന്നും പോലീസ് സംശയിക്കുന്നു. ഇതേക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ പിന്നിൽ വലിയൊരു ശൃംഖല തന്നെ ഉണ്ടെന്നാണ് സൂചന.

സംഭവത്തിൽ റൂറൽ എസ്പി മെറിൻ ജോസഫ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ പേർ ഈ ലഹരി വലയത്തിൽ പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അധ്യാപികമാർ ഉൾപ്പെട്ട ഈ കേസ് കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ മേഖലയ്ക്കും ഉണർത്തുന്ന മുന്നറിയിപ്പാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375193/kozhikode-vadakara-teachers-mdma-drug-racket-arrested)