---
title: "ചത്താലും വിടൂലെടാ...! കടിച്ചത് മൂർഖൻ, പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്, പേടിച്ചോടി ജീവനക്കാർ"
english_title: "Bihar Man Carries Venomous Snake to Hospital in Box After Snake Bite"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375189/bihar-man-carries-snake-to-hospital-box-sadar-hospital"
published_at: "2026-07-28T17:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a689d2081cc5_bihar-man-carries-snake-to-hospital-box-sadar-hospital.jpg"
keywords: ["Snake Bite", "Cobra", "Bihar News", "Venomous Snake"]
---

# ചത്താലും വിടൂലെടാ...! കടിച്ചത് മൂർഖൻ, പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്, പേടിച്ചോടി ജീവനക്കാർ

> **Lead Summary:** പട്ന: ബിഹാറിൽ കടിച്ച വിഷമുള്ള പാമ്പിനെ പെട്ടിയലാക്കി ആശുപത്രിയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി. കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അസാധാരണ സംഭവം അരങ്ങേറിയത്.

## Article Content

പട്ന: ബിഹാറിൽ കടിച്ച വിഷമുള്ള പാമ്പിനെ പെട്ടിയലാക്കി ആശുപത്രിയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി. കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അസാധാരണ സംഭവം അരങ്ങേറിയത്.

നിർഭയ് കുമാർ എന്ന യുവാവാണ് തന്നെ കടിച്ച ചെറിയ മൂർഖൻ പാമ്പിനെ ഒരു പെട്ടിയിലാക്കി ഡോക്ടർമാരുടെ മുന്നിലെത്തിയത്. ഒരു ചെറിയ മൂർഖൻ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിർഭയ്ക്ക് കടിയേറ്റത്.

സാധാരണ പാമ്പ് കടിയേൽക്കുമ്പോൾ ആളുകൾ പരിഭ്രാന്തരായി ഓടാറാണ് പതിവ്. എന്നാൽ നിർഭയ് ധൈര്യം സംഭരിച്ച് കടിച്ച പാമ്പിനെ തന്നെ പിടികൂടി. ശേഷം ഒരു ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ ആക്കി നേരെ ആശുപത്രിയിലേക്ക് തിരിച്ചു.

ആശുപത്രിയിലെത്തിയ ഉടൻ ഡോക്ടർമാർക്ക് പാമ്പിനെ കാണിക്കാനായി നിർഭയ് പാത്രം തുറന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. അകത്ത് പാമ്പിനെ കണ്ടതോടെ അവിടെയുണ്ടായിരുന്ന രോഗികൾ, കൂട്ടിരിപ്പുകാർ, ആശുപത്രി ജീവനക്കാർ എന്നിവർ ഭയന്ന് ഓടിമാറി.

ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡോക്ടർമാർ ഉടൻ തന്നെ നിർഭയ്ക്ക് പ്രഥമശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയും ആരംഭിച്ചു. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എങ്കിലും മുൻകരുതൽ എന്ന നിലയിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

> ഇത്തരത്തിൽ കടിച്ച പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത് അതീവ അപകടകരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. "പാമ്പിനെ പിടിക്കാനുള്ള ശ്രമം കൂടുതൽ പരിക്കുകൾക്കും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതിനും കാരണമാകും.

> ആരും ഇത് അനുകരിക്കരുത്" എന്ന് അവർ കർശന മുന്നറിയിപ്പ് നൽകി. പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടത് പാമ്പിനെ പിടിക്കുന്നതല്ലെന്നും സമയം കളയാതെ രോഗിയെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനമെന്നും വിദഗ്ധർ ഓർമ്മിപ്പിച്ചു.

നിർഭയ്‌യുടെ ധൈര്യത്തെ ചിലർ പ്രശംസിക്കുമ്പോൾ, ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് മാതൃകയാകരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375189/bihar-man-carries-snake-to-hospital-box-sadar-hospital)