---
title: "എവിടെ യൂണിഫോമും ബാഡ്ജും? മഴ കാരണമെന്ന് വിചിത്രവാദം, ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ സിവില്‍ വേഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥ; തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി"
english_title: "Delhi Police Attempt to Arrest SFI Leader Aishi Ghosh at AKG Bhavan Foiled by John Brittas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375188/delhi-police-aishi-ghosh-arrest-attempt-akg-bhavan-john-brittas"
published_at: "2026-07-28T17:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a689a82d48fb_delhi-police-aishi-ghosh-arrest-attempt-akg-bhavan-john-brittas.jpg"
keywords: ["Aishi Ghosh", "Delhi Police", "John Brittas", "JNU Protest", "AKG Bhavan", "CPI(M)"]
---

# എവിടെ യൂണിഫോമും ബാഡ്ജും? മഴ കാരണമെന്ന് വിചിത്രവാദം, ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ സിവില്‍ വേഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥ; തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

> **Lead Summary:**  ഡൽഹി: എസ്എഫ്ഐ ഡൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പൊലീസിന്റെ ശ്രമം സിപിഐഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പൊളിഞ്ഞു. ഡൽഹിയിലെ എകെജി ഭവനിലേക്കാണ് സിവിൽ വേഷത്തിൽ പൊലീസ് സംഘം എത്തിയത്.

## Article Content

 ഡൽഹി: എസ്എഫ്ഐ ഡൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പൊലീസിന്റെ ശ്രമം സിപിഐഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പൊളിഞ്ഞു. ഡൽഹിയിലെ എകെജി ഭവനിലേക്കാണ് സിവിൽ വേഷത്തിൽ പൊലീസ് സംഘം എത്തിയത്.

സ്വകാര്യ വാഹനത്തിലാണ് പൊലീസ് സംഘം പാർട്ടി ആസ്ഥാനത്തെത്തിയത്. യൂണിഫോമോ ഐഡി ബാഡ്ജോ ഇല്ലാതെയായിരുന്നു ഉദ്യോഗസ്ഥയുടെ വരവ്. ഇത് ചൂണ്ടിക്കാട്ടി സിപിഐഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് പൊലീസ് സംഘത്തെ ചോദ്യം ചെയ്തു.

> "യൂണിഫോം ഇടാത്തത് എന്തുകൊണ്ട്?" എന്ന ചോദ്യത്തിന് "മഴ കാരണം" എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി. ഇതോടെ "പോയി യൂണിഫോമും ബാഡ്ജും ധരിച്ചുവരൂ, അതുവരെ ഞാൻ ഇവിടെ ഉണ്ടാകും" എന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. തുടർന്ന് പൊലീസ് സംഘം സ്ഥലം വിടുകയായിരുന്നു.

2021-ൽ ജെഎൻയുവിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാ ഭവനു മുന്നിൽ നടന്ന സമരവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 30-ന് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് നീക്കം.

എന്നാൽ ഇത് പ്രതികാര നടപടിയാണെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. അതേസമയം, സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയാണിതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ഡല്‍ഹി സമരത്തില്‍ പങ്കെടുത്തവരെ തെരഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്യുകയാണ്.

> "അമിത് ഷായുടെ പ്രതീകമായാണ് പൊലീസ് എത്തിയത്. ഒരു ദേശീയ പാർട്ടിയുടെ ഓഫീസിലേക്ക് യാതൊരു പെർമിഷനുമില്ലാതെ കടക്കാൻ ശ്രമിച്ചു. ഇതിന് മുകളിൽ നിന്നുള്ള ഉത്തരവില്ലാതെ സാധ്യമല്ല" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിജെപി സമരത്തിന് ദിശാബോധം നൽകിയത് എസ്എഫ്ഐയും എഐഎസ്എഫും ഐസയും ആണ്. അവരെ അറസ്റ്റ് ചെയ്താൽ യുവാക്കളുടെ പ്രതിഷേധത്തെ നിയന്ത്രിക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഐഷി ഘോഷിനെ കുറച്ചുദിവസമായി പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

> ആശുപത്രിയിൽ പോയപ്പോൾ പോലും ഷാഡോ പൊലീസ് പിന്തുടർന്നിരുന്നുവെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും രംഗത്തെത്തി. "പ്രതികാര നടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം പറഞ്ഞ വാക്ക് വെറുതെയായി.

> ക്രിമിനൽ കുറ്റമാണ് പൊലീസ് ചെയ്തത്. യൂണിഫോം ഇല്ലാതെ വന്നത് സോനം വാങ്ചുക്കിനെ പോലെ ഐഷി ഘോഷിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്" എന്നായിരുന്നു ബേബിയുടെ വിമർശനം. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ഇതെന്ന് ഇടതുപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375188/delhi-police-aishi-ghosh-arrest-attempt-akg-bhavan-john-brittas)