---
title: "പേറ്റ് നോവ് മറന്ന് അരുംകൊല ....! ഫോണിൽ കാമുകനോട് സംസാരിക്കുന്നതിനിടെ കരഞ്ഞു; മൂന്നുവയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന അമ്മ അറസ്റ്റിൽ"
english_title: "Mathura Woman Arrested For Killing 3 Year Old Son Over Phone Call"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375187/mathura-woman-arrested-killing-son-phone-call"
published_at: "2026-07-28T17:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a689c8bd8d0a_mathura-woman-arrested-killing-son-phone-call.jpg"
keywords: ["Mathura", "Uttar Pradesh", "Child Murder Case", "Child Killing", "Arrest"]
---

# പേറ്റ് നോവ് മറന്ന് അരുംകൊല ....! ഫോണിൽ കാമുകനോട് സംസാരിക്കുന്നതിനിടെ കരഞ്ഞു; മൂന്നുവയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന അമ്മ അറസ്റ്റിൽ

> **Lead Summary:** **ഉത്തർപ്രദേശ്: **ഫോണിൽ ആൺസുഹൃത്തുമായി സംസാരിക്കുന്നതിനിടെ മൂന്ന് വയസ്സുകാരനായ മകൻ കരഞ്ഞതിനെ തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ 32 കാരിയായ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഛൗലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

## Article Content

**ഉത്തർപ്രദേശ്: **ഫോണിൽ ആൺസുഹൃത്തുമായി സംസാരിക്കുന്നതിനിടെ മൂന്ന് വയസ്സുകാരനായ മകൻ കരഞ്ഞതിനെ തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ 32 കാരിയായ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഛൗലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

പ്രതി റുചി ജിൻഡൽ ആണ്. ജൂൺ 28-നാണ് കൊലപാതകം നടന്നത്. മെഡിക്കൽ സ്റ്റോർ നടത്തുന്ന ഭർത്താവ് കൃഷ്ണ മുരാരി ഗുപ്ത കടയിലായിരുന്ന സമയത്താണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, സംഭവദിവസം കുട്ടി തുടർച്ചയായി കരഞ്ഞതിൽ പ്രകോപിതയായ റുചി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

തുടർന്ന് കുട്ടിക്ക് അസുഖമാണെന്നും പ്രതികരിക്കുന്നില്ലെന്നും ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചു.പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ കുട്ടിയെ വിവിധ ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയി. പിന്നീട് മഥുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

അന്നേ ദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നു. അതിന്റെ പാർശ്വഫലം മൂലമാണ് മരണമെന്ന സംശയത്തിൽ കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു. തുടക്കത്തിൽ കൊലപാതക സാധ്യത ആരും സംശയിച്ചിരുന്നില്ല.എന്നാൽ തിങ്കളാഴ്ച കേസിൽ നിർണായക വഴിത്തിരിവുണ്ടായി.

ഭാര്യ ഫോണിൽ മറ്റൊരാളോട് കുട്ടിയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടതായി ഭർത്താവ് കൃഷ്ണ മുരാരി ഗുപ്ത പൊലീസിന് മൊഴി നൽകി. തുടർന്ന് യുവതിയുടെ ബന്ധു ഗോവിന്ദ് ഗുപ്ത യുവതിയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചു. ഏറെ നാളായി ഒരു പ്രത്യേക നമ്പറിലേക്ക് യുവതി ദീർഘനേരം നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ റുചിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കുടുംബാംഗങ്ങൾക്കും പൊലീസിനു മുന്നിലും അവർ കൊലപാതകം ഏറ്റുപറഞ്ഞതായി ബൽദേവ് പൊലീസ് സ്റ്റേഷൻ SHO അജയ് ശർമ അറിയിച്ചു.

ഗോവിന്ദ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റകരമായ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് മഹാവൻ DSP സഞ്ജീവ് കുമാർ റായ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375187/mathura-woman-arrested-killing-son-phone-call)